Educational News
അന്താരാഷ്ട്ര അറബിക് വായനാ മത്സരം: ഇന്ത്യയെ പ്രതിനിധീകരിച്ച് മഅ്ദിൻ വിദ്യാർത്ഥികൾ പങ്കെടുക്കും
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ദേശീയതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയാണ് മൂന്ന് പേരും ഈ അന്താരാഷ്ട്ര മത്സരത്തിന് അര്‍ഹത നേടിയത്.
മലപ്പുറം| ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബായില്‍ നടക്കുന്ന പത്താമത് അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷഹന്‍ഷാ എന്‍ എം (കൊടുവള്ളി), മുഹമ്മദ് അഫ്താബ് (കൊച്ചി), ഉമര്‍ അബ്ദുല്ല കാമില്‍ (ആലുവ) എന്നിവര്‍ പങ്കെടുക്കും.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ദേശീയതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയാണ് മൂന്ന് പേരും ഈ അന്താരാഷ്ട്ര മത്സരത്തിന് അര്‍ഹത നേടിയത്. ഒക്ടോബര്‍ 29 വ്യാഴാഴ്ച ദുബായ് ഒപേരയില്‍ വെച്ച് അന്താരാഷ്ട്ര ഫൈനല്‍ മത്സരം നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ വിജയികളാണ് ഈ ആഗോള വേദിയില്‍ മാറ്റുരയ്ക്കുന്നത്.
അറബ് ലോകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക, അറബി ഭാഷയുടെ പ്രചാരവും സര്‍ഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യു ഇ ഇ വൈസ് പ്രസിഡന്റും പ്രധാനമസ്ട്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അറബിക് വായനാ യജ്ഞമാണിത്. അഞ്ച് കോടി പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിക്കുകയും അവയുടെ ആശയങ്ങള്‍ പുസ്തകരൂപത്തില്‍ ക്രോഡീകരിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വായനയിലൂടെ അറിവിന്റെ പുതിയ ലോകം സൃഷ്ടിക്കാനും യുവതലമുറയില്‍ വായനാ സംസ്കാരം തിരികെ കൊണ്ടുവരാനും ഈ ചലഞ്ച് വലിയ പങ്കുവഹിക്കുന്നുണ്ട്.
അന്താരാഷ്ട്ര വായനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരം യു എസ് ഡോളറും (ഏകദേശം 1 കോടി 12 ലക്ഷം രൂപ) രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇരുപത്തി ഏഴായിരം യു എസ് ഡോളറും (22 ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപ) മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഇരുപതിനായിരം യു എസ് ഡോളറും (16 ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ) സമ്മാനമായി ലഭിക്കും.
ഇതിന് പുറമെ, മികച്ച സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വലിയ രീതിയിലുള്ള അംഗീകാരങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കിവരുന്നുണ്ട്. ഏറ്റവും മികച്ച സ്കൂളിന് രണ്ട് ലക്ഷത്തി എഴുപത്തി രണ്ടായിരം ഡോളറും (2 കോടി 23 ലക്ഷം രൂപ), മികച്ച അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി എണ്‍പത്തി രണ്ടായിരം ഡോളറും (67 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും.
മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍:
മുഹമ്മദ് ഷഹന്‍ഷാ എന്‍.എം. (മഅ്ദിന്‍ അറബിക് ലാംഗ്വേജ് വിദ്യാര്‍ത്ഥി) – കൊടുവള്ളി സ്വദേശികളായ അബൂബക്കര്‍ – ഷമീമ ദമ്പതികളുടെ മകന്.
മുഹമ്മദ് അഫ്താബ് (മഅ്ദിന്‍ നൂര്‍ അക്കാദമി വിദ്യാര്‍ത്ഥി) – കൊച്ചി സ്വദേശികളായ അജി – ഷെറീന ദമ്പതികളുടെ മകന്.
ഉമര്‍ അബ്ദുല്ല കാമില്‍ (മഅ്ദിന്‍ സ്കൂള്‍ ഓഫ് എക്സലന്‍സ് വിദ്യാര്‍ത്ഥി) – ആലുവ സ്വദേശികളായ അബ്ദുല്‍ ജലീല്‍ – സാബിറ ബീവി ദമ്പതികളുടെ മകന്.
രാജ്യത്തിന് അഭിമാനകരമായ ഈ നേട്ടം കൈവരിച്ച മഅ്ദിന്‍ വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തമാക്കിയ അധ്യാപകരെയും മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രത്യേകമായി അഭിനന്ദിച്ചു.
Content Highlights: Three students from Ma’din Academy will represent India in the 10th Arab Reading Challenge finals in Dubai. Founded by Sheikh Mohammed Bin Rashid Al Maktoum, the initiative offers substantial cash prizes at Dubai Opera. Chairman Sayyid Ibraheemul Khaleel Al Bukhari congratulated the finalists.





