International
കെനിയയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം
നെയ്റോബി | കെനിയയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം. കെട്ടിടത്തിനുള്ളില്‍ ഏഴുപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നെങ്കിലും കാണാതായവരുടെ എണ്ണം 47 ആണെന്ന് കെനിയ റെഡ്ക്രോസ് അറിയിച്ചു.
കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച 18 നിലകളുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിര്‍മ്മാണ തൊഴിലാളികളും ബേസ്മെന്റില്‍ ജോലിചെയ്യുന്നവരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നാല് പേരെ കണ്ടെത്തിയതില്‍ ഒന്യാംഗോ, മുഹമ്മദ് എന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നെയ്റോബി കൗണ്ടി ഗവര്‍ണര്‍ ജോണ്സണ് സകാജ ആവശ്യപ്പെട്ടു. ആളുകളുടെ ജീവന് അപകടത്തിലാക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് നിലവിലുള്ള പിഴകള്‍ വളരെ തുച്ഛമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





