Connect with us

Business

ആദ്യ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ നിക്ഷേപകര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ല്‍ ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക്

7208 മില്യണ്‍ രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു. മികച്ച വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി

Published

|

Last Updated

അബൂദബി | അബൂദബിയില്‍ നടന്ന ലുലു റീട്ടെയ്‌ലിന്റെ ആദ്യ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ നിക്ഷേപകര്‍ക്കായി ലുലുവിന്റെ വമ്പന്‍ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കും. 7208 മില്യണ്‍ രൂപയുടെ (84.4 മില്യണ്‍ ഡോളര്‍) ലാഭവിഹിതം പ്രഖ്യാപിച്ചു.

75 ശതമാനം ലാഭവിഹിതമെന്ന മുന്‍ധാരണയേക്കാള്‍ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. 2024 സാമ്പത്തിക പാതത്തിലും ഏറ്റവും മികച്ച വളര്‍ച്ചാനിരക്കാണ് ലുലു റീട്ടെയ്ല്‍ രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ ലുലുവില്‍ അര്‍പ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.

ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളര്‍ച്ചാനിരക്കാണ് ലുലു റീട്ടെയ്ല്‍ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും നിക്ഷേപകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം എ യൂസഫലി വ്യക്തമാക്കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാര്‍ഷികവളര്‍ച്ച നേടി. 7.62 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെ 12.6 ശതമാനം അധിക വളര്‍ച്ച. അറ്റാദായം (നെറ്റ് പ്രോഫിറ്റ് ) 216.2 മില്യണ്‍ ഡോളറിലെത്തി. ജി സി സിയില്‍ യു എ ഇ, സൗദി അറേബ്യ മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച വളര്‍ച്ചയാണ് ലുലു റീട്ടെയ്ല്‍ നേടിയത്.

നിലവിലെ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളില്‍ കൂടുതല്‍ സ്റ്റോറുകള്‍ ലുലു തുറക്കും. ഓണ്‍ലൈന്‍ രംഗത്തും മികച്ച വളര്‍ച്ചയാണ് ലുലു റീട്ടെയ്‌ലിനുള്ളത്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വിപുലമാക്കിയും ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ അടക്കം സജീവമാക്കിയും ഉപഭോക്താകള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ല്‍. സുസ്ഥിരമായ വളര്‍ച്ചയിലൂടെ റീട്ടെയ്ല്‍ മേഖലയില്‍ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ല്‍ സി ഇ ഒ സെയ്ഫി രൂപാവാല പറഞ്ഞു. ലുലു റീട്ടെയ്‌ലിന് നല്‍കി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് , അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിനും ജനറല്‍ മീറ്റിങ്ങില്‍ ബോര്‍ഡ് നന്ദി രേഖപ്പെടുത്തി.

 

Latest