Connect with us

Kerala

മാനത്ത് നോക്കൂ, ഇന്ന് 'സൂപ്പർ ബ്ലൂ മൂൺ' കാണാം

ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്.

Published

|

Last Updated

കോഴിക്കാട് | വാനനിരീക്ഷകർക്ക് കൗതുകകാഴ്ച ഒരുക്കി ആകാശത്ത് ഇന്ന് സൂപ്പർ ബ്ലൂ മൂൺ പ്രത്യക്ഷപ്പെടും. ചന്ദ്രന്‍ അതിന്‍റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. ഈ സമയം സാധാരണത്തേക്കാള്‍ വലുപ്പത്തിലും വെളിച്ചത്തിലും ചന്ദ്രൻ ദൃശ്യമാകും. ഭൂമിയിൽ നിന്ന് 3,57,244 കിലോമീറ്റർ മാത്രം അകലെയായിരിക്കും സൂപ്പർ ബ്ലൂ മൂൺ സമയത്ത് ചന്ദ്രൻ.

ഈസ്റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം ബുധനാഴ്ച രാത്രി 8.37നാണ് കിഴക്കൻ ചക്രവാളത്തിൽ സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുക. ഇന്ത്യയില്‍ വ്യാ‍ഴാ‍ഴ്ച പുലര്‍ച്ചെ 4.30ന് ഇത് ദൃശ്യമാകുമെന്ന് വാനനിരീക്ഷകർ അറിയിച്ചു. ചന്ദ്രന് സമീപം ശനിയെയും കാണാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് കഴിഞ്ഞാൽ പിന്നീട് സൂപ്പർ ബ്ലൂ മൂൺ ദൃശ്യമാകാൻ 14 വർഷം കഴിയുമെന്നാണ് നാസ അറിയിക്കുന്നത്. 2037 ജനുവരിയിലാണ് അടുത്ത സൂപ്പർ ബ്ലൂ മൂൺ പ്രത്യക്ഷപ്പെടുക. ശേഷം അതേ വർഷം മാർച്ചിലും ദൃശ്യമാകുന്നതാണ്.

ഒരു കലണ്ടർ മാസത്തിൽ തന്നെയുള്ള രണ്ടാമത്തെ പൗർണമി അഥാവാ ഒരു ഋതുവിൽ സംഭവിക്കുന്ന നാല് പൗർണമികളിൽ മൂന്നാമത്തേതിനെ ബ്ലൂ മൂൺ അഥവാ നീല ചന്ദ്രൻ എന്ന് വിളിക്കുന്നു. ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂർവ്വമായി സംഭവിക്കുന്നത് എന്ന അർത്ഥത്തിലാണ് ബ്ലൂ മൂൺ എന്ന് പ്രയോഗിക്കുന്നത്.

സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർ ബ്ലൂ മൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. നേരത്തെ ജനുവരി രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. വളരെയധികം തിളക്കമുള്ളതായിരുന്നു ഇത്.

സൂപ്പർമൂ‍ൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കൂടാതെ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

 

 

Latest