Connect with us

Editors Pick

ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളായ ലണ്ടന്‍ ബാരിസ്റ്റര്‍മാര്‍

ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഇരുപതിലധികം അംഗങ്ങള്‍ ലണ്ടനിലെ വിവിധ ഇന്‍സ് ഓഫ് കോര്‍ട്ട് സ്ഥാപനങ്ങളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി തിരിച്ചെത്തിയവരായിരുന്നു

Published

|

Last Updated

1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണ സഭ (കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി) അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ലണ്ടനില്‍ നിന്ന് നിയമപരിശീലനം നേടിയ ബാരിസ്റ്റര്‍മാരുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഇരുപതിലധികം അംഗങ്ങള്‍ ലണ്ടനിലെ വിവിധ ഇന്‍സ് ഓഫ് കോര്‍ട്ട് സ്ഥാപനങ്ങളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി തിരിച്ചെത്തിയവരായിരുന്നു. സ്വാതന്ത്ര്യസമരത്തിലും പിന്നീട് ഭരണഘടനയുടെ കരട് രൂപീകരണത്തിലും ഈ സംഘം നിര്‍ണായക സ്വാധീനം ചെലുത്തി.

1946 ഡിസംബര്‍ 9ന് ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം ചേര്‍ന്നപ്പോള്‍, സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന നിലയില്‍ മിഡില്‍ ടെമ്പിള്‍ ബാരിസ്റ്ററായ സച്ചിദാനന്ദ സിന്‍ഹയാണ് ഇടക്കാല അധ്യക്ഷത വഹിച്ചത്. പൊതു അധികാരം നിയമത്തിന് വിധേയമായിരിക്കണമെന്ന കോമണ്‍ ലോ തത്വങ്ങളില്‍ പരിശീലനം നേടിയ ഇവര്‍, ഭരണകൂടത്തിന്റെ അനിയന്ത്രിത അധികാരത്തിന് തടയിടാനും മൗലികാവകാശങ്ങളും ജുഡീഷ്യല്‍ റിവ്യൂവും ഉറപ്പാക്കാനും സഭയില്‍ ശക്തമായി വാദിച്ചു.

ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്ററായ ജവഹര്‍ലാല്‍ നെഹ്റു 1946 ഡിസംബര്‍ 13ന് അവതരിപ്പിച്ച ചരിത്രപ്രസിദ്ധമായ ലക്ഷ്യ പ്രമേയം ഭരണഘടനയ്ക്ക് ജനകീയ പരമാധികാരത്തിന്റെ അടിത്തറ നല്‍കുകയും അനുച്ഛേദം 326 പ്രകാരമുള്ള സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിന് വഴിയൊരുക്കുകയും ചെയ്തു. മിഡില്‍ ടെമ്പിള്‍ ബാരിസ്റ്ററായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റിയുടെയും മൗലികാവകാശ ന്യൂനപക്ഷ ഉപദേശക സമിതിയുടെയും അധ്യക്ഷത വഹിച്ചതിനൊപ്പം അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാനും നേതൃത്വം നല്‍കി.

ഗ്രേയ്സ് ഇന്നില്‍ നിന്ന് ബാരിസ്റ്ററായ ഡോ ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ രൂപീകരണത്തിന് മുഖ്യ നേതൃത്വം നല്‍കിയത്. സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാതെ രാഷ്ട്രീയ സമത്വം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അയിത്തോച്ചാടനം (അനുച്ഛേദം 17), നിയമത്തിന് മുന്നിലെ സമത്വം (അനുച്ഛേദം 14-16), മൗലികാവകാശ സംരക്ഷണത്തിനായുള്ള സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം (അനുച്ഛേദം 32) എന്നിവ ഭരണഘടനയില്‍ ഉറപ്പുവരുത്തി.

ബംഗാളിലെ നമശൂദ്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ബാരിസ്റ്ററായ പ്രമഥ രഞ്ജന്‍ താക്കൂര്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വ്യക്തമായ ഭരണഘടനാ സംരക്ഷണവും സാമ്പത്തിക അവകാശങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഗ്രേയ്സ് ഇന്നില്‍ നിന്നുള്ള കെ ടി ഷാ ഇന്ത്യയെ മതേതര, ഫെഡറല്‍, സോഷ്യലിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ദേശീയ വിഭവങ്ങളുടെ പൊതുനിയന്ത്രണം വേണമെന്നും വേതനമില്ലാത്ത ഗാര്‍ഹിക ജോലികള്‍ക്ക് ഭരണഘടനാ അംഗീകാരം നല്‍കണമെന്നും സഭയില്‍ വാദിച്ചു.

വിഭജനാനന്തര കാലഘട്ടത്തില്‍ മതേതര പൗരത്വത്തിനായി ബാരിസ്റ്റര്‍മാര്‍ ശക്തമായ നിലപാടെടുത്തു. റെയില്‍വേ മന്ത്രിയായിരിക്കെ ഹിന്ദു വെള്ളം, മുസ്ലിം വെള്ളം എന്ന വിവേചനം അവസാനിപ്പിച്ച ആസഫ് അലി മതനിരപേക്ഷ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ടു. തജമ്മുല്‍ ഹുസൈന്‍, നവാബ് മുഹമ്മദ് ഇസ്മായില്‍ ഖാന്‍ എന്നിവര്‍ പ്രത്യേക വോട്ടര്‍പട്ടിക ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഒരു ഭരണഘടനയെ നിലനിര്‍ത്തുന്നതെന്ന് കേണല്‍ ബഷീര്‍ ഹുസൈന്‍ സൈദി ചൂണ്ടിക്കാട്ടി. കൂട്ടുത്തരവാദിത്ത ഫെഡറലിസത്തിനായി കെ എം പണിക്കരും, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഷാപരമായ വൈവിധ്യത്തിനുമായി ഫ്രാങ്ക് ആന്റണിയും നിലകൊണ്ടപ്പോള്‍, പ്രാദേശിക ഭാഷകളെ ബഹുമാനിക്കണമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്നും ശ്യാമ പ്രസാദ് മുഖര്‍ജി വാദിച്ചു.

ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ മോശമായാല്‍ അത് പരാജയപ്പെടുമെന്ന ഡോ അംബേദ്കറുടെ മുന്നറിയിപ്പും, കേവലം കടലാസ് നിയമങ്ങള്‍ക്കപ്പുറം ജനാധിപത്യ ബോധം കാത്തുസൂക്ഷിക്കണമെന്ന ബഷീര്‍ ഹുസൈന്‍ സൈദിയുടെ നിലപാടും സമകാലിക രാഷ്ട്രീയത്തില്‍ വലിയ ഓര്‍മ്മപ്പെടുത്തലാണെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു

 

Content Highlights: Over twenty barristers trained in London played a key role in drafting the Indian Constitution adopted on November 26, 1949. Leaders like Dr. B.R. Ambedkar, Jawaharlal Nehru, and Sardar Patel championed fundamental rights, equality, and national integration. Their debates also defended secular citizenship, linguistic diversity, and constitutional morality.

Latest