Connect with us

International

വ്യക്തിഗത വിവരങ്ങളും രേഖകളും ചോര്‍ന്നു; സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് ഫിഫ

'ഹാന്‍ഡ്സം ബോയ് ഹാക്കിംഗ് ക്ലബ്' എന്ന ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

Published

|

Last Updated

സൂറിച്ച് | സൈബര്‍ ആക്രമണത്തിന് ഇരയായതായും വിവരങ്ങള്‍ ചോര്‍ന്നതായും അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ (FIFA) സ്ഥിരീകരിച്ചു. പരിമിതമായ തോതിലുള്ള വ്യക്തിഗത വിവരങ്ങളും ബിസിനസ്സ് സംബന്ധമായ രേഖകളും, ജീവനക്കാരായി ആള്‍മാറാട്ടം നടത്തിയാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫിഫ അറിയിച്ചു,

സൈബര്‍ ആക്രമണം എന്നാണ് നടന്നതെന്നോ ഏതൊക്കെ കൃത്യമായ വിവരങ്ങളാണ് ചോര്‍ന്നതെന്നോ ഫിഫ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ നിയമപാലകരുമായും ബന്ധപ്പെട്ട അധികാരികളുമായും ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്ന് ഫിഫ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഹാന്‍ഡ്സം ബോയ് ഹാക്കിംഗ് ക്ലബ്’ എന്ന ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഫിഫയുടെ ഫയലുകളുടേതെന്ന് അവകാശപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഇവര്‍ കഴിഞ്ഞാഴ്ച എക്‌സില്‍ പങ്കുവെച്ചിരുന്നു. 12 ജിഗാ ബൈറ്റിലധികം ആഭ്യന്തര രേഖകള്‍ ചോര്‍ന്നതായുള്ള പോസ്റ്റിന് മറുപടിയായി ഇവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

വിവരങ്ങള്‍, പ്രത്യേകിച്ച് വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കുന്നതിനെയും പ്രസിദ്ധീകരിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നതായി ഫിഫ അറിയിച്ചു. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും ബന്ധപ്പെട്ട വ്യക്തികള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകകപ്പിന്റെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നടത്തിയ രഹസ്യ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ സംഘടന വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്താണ് ഈ വിവരച്ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇതിനിടെ, മാര്‍ച്ച് 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ തന്റെ 11 വര്‍ഷത്തെ പ്രസിഡന്റ് പദവി 2031 വരെ നീട്ടാനുള്ള ശ്രമത്തിലാണ് ഇന്‍ഫാന്റിനോ. ജപ്പാന്റെ കോസോ താഷിമ, ഫ്രാന്‍സിന്റെ ഫിലിപ്പ് ഡയല്ലോ എന്നിവരാണ് തിരഞ്ഞെടുപ്പിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

Content Highlights: FIFA confirmed it was hit by a criminal cyberattack that resulted in unauthorized access to personal and business information. Threat actors claimed to have stolen documents while the football governing body said only a limited portion of data was affected. FIFA condemned the unlawful acquisition and publication of data as investigations continue.

 

Latest