Kerala
മദ്യനയം: സർക്കാർ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് വി ഡി സതീശൻ
സൂം മീറ്റിംഗിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് വി ഡി സതീശന്റെ ആരോപണം.
 
		
      																					
              
              
            തിരുവനന്തപുരം | മദ്യനയത്തിൽ സർക്കാർ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ചെയ്തെന്ന് അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു. സൂം മീറ്റിംഗിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് വി ഡി സതീശന്റെ ആരോപണം.
മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടേയില്ലെന്ന് പറഞ്ഞ് മന്ത്രിമാർ ഞെട്ടിച്ചു. എന്നാൽ ചർച്ച നടത്തിയതിന്റെ തെളിവ് കൈയിലുണ്ട്. മെയ് 21നാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചത്. ഇതിന് ശേഷമാണ് ബാർ ഉടമകളുടെ പണപ്പിരിവ് നടന്നത്. മീറ്റിങ്ങിൽ ബാർ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തുവെന്നും വി ഡി പറഞ്ഞു.
മദ്യനയ അഴിമതി ആരോപണത്തിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ പച്ചക്കള്ളമാണ് പറയുന്നത്. ടൂറിസം വകുപ്പ് എന്തിന് എക്സൈസ് വകുപ്പിനെ മറികടന്നു? മന്ത്രിമാർ എന്തിന് കള്ളം പറഞ്ഞു? മന്ത്രി എം.ബി. രാജേഷ് എന്തിന് ഡി.ജി.പിക്ക് പരാതി നൽകി? ടൂറിസം മന്ത്രി ബാർ നയത്തിൽ തിടുക്കത്തിൽ ഇടപെട്ടത് എന്തിന്? കെ.എം. മാണിക്കെതിരേ ആരോപണം വന്നപ്പോൾ സ്വീകരിച്ച വിജിലൻസ് അന്വേഷണമാതൃക എന്തുകൊണ്ട് സ്വീകരിച്ചില്ല? മുഖ്യമന്ത്രി എന്തിന് മൗനം നടിക്കുന്നു? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് അഴിമതി ആരോപണത്തെക്കുറിച്ചല്ല. എങ്ങനെയാണ് വാർത്ത പുറത്തുവന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇത് വിചിത്രമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


