Connect with us

Athmeeyam

പ്രഭാതം പ്രശോഭിതമാക്കാം

ദിവസത്തെ ചിലർ ഒട്ടകത്തോടാണ് ഉപമിച്ചത്. അതിന്റെ മുൻഭാഗം നിയന്ത്രിക്കുമ്പോൾ പിൻഭാഗവും നിയന്ത്രണവിധേയമാകും. എന്ന പോലെ ദിവസത്തിന്റെ ആദ്യ ഭാഗമായ പ്രഭാതത്തെ സുരക്ഷിതമാക്കുമ്പോൾ ബാക്കി ഭാഗവും സുരക്ഷിതമാകുന്നു.

Published

|

Last Updated

പ്രഭാതം അത്യധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. പ്രപഞ്ച സ്രഷ്ടാവിന് ഏറെ ഇഷ്ടമുള്ള സമയങ്ങളില്‍ ഒന്നാണത്. വിശുദ്ധ ഖുർആനിൽ അനേകം സ്ഥലങ്ങളിൽ പ്രഭാതത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നുണ്ട്. പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയായി, അവന്റെ അപദാനങ്ങൾ വാഴ്ത്തിയും പുകഴ്ത്തിയും തസ്ബീഹ് ചൊല്ലാൻ എടുത്തുപറഞ്ഞ സമയങ്ങളിൽ മുഖ്യമായത് പ്രഭാതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും സ്രഷ്ടാവിനെ വാഴ്ത്താനും അവന്റെ മഹത്വങ്ങളെ പ്രകീർത്തിക്കാനും പത്തിലധികം സ്ഥലങ്ങളിൽ ഖുർആൻ പറയുന്നുണ്ട്. “പ്രഭാതത്തിലും പ്രദോഷത്തിലും അവനെ നിങ്ങൾ ധാരാളം വാഴ്ത്തുക’ (അഹ്സാബ്: 42). “പ്രഭാത പ്രദോഷങ്ങളില്‍ താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക’ (ഗാഫിര്‍: 55) അല്ലാഹുവിന്റെ കഴിവിന്റെ പൂര്‍ണതയെ അറിയിക്കുന്ന, അവന്റെ ദൃഷ്ടാന്തങ്ങളില്‍ പ്രധാനപ്പെട്ട പ്രഭാതത്തെ സത്യം ചെയ്ത് കൊണ്ട് പല കാര്യങ്ങളും വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്. “പ്രഭാതം തന്നെയാണ് സത്യം’ (സൂറതുൽ ഫജ്ർ:1) അല്ലാഹുവിനെ കൂടുതൽ ഓർക്കേണ്ട സമയം കൂടിയാണത്. ” വിനയത്തോടെയും ഭയത്തോടെയും ഉച്ചത്തിലുള്ള വാക്കുകള്‍ കൂടാതെയും പ്രഭാതത്തിലും സായാഹ്നങ്ങളിലും താങ്കളുടെ നാഥനെ സ്മരിക്കുക. താങ്കള്‍ അശ്രദ്ധരില്‍ പെട്ടു പോകരുത്’ (അഅ്‌റാഫ്: 205) പുലരിയിൽ തന്നെ സ്രഷ്ടാവിന്റെ കഴിവും കരവിരുതും തിരിച്ചറിഞ്ഞ് ഓരോ വിശ്വാസിയുടെയും ഹൃദയാന്തരങ്ങളിൽ നിന്നും അവനെ വാഴ്ത്തലും പുകഴ്ത്തലുമുണ്ടാകണമെന്ന് പ്രപഞ്ചനാഥന്‍ താത്പര്യപ്പെടുന്നു.

നബി(സ) യാത്ര പോകുമ്പോഴും മറ്റുള്ളവരെ യാത്രയയക്കുമ്പോഴും സൈന്യത്തെ നിയോഗിക്കുമ്പോഴും പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോഴും നികാഹ് നടത്തുമ്പോഴുമെല്ലാം പ്രഭാതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിരവധി ഹദീസുകളിൽ നിന്നും ഇത് സുതരാം മനസ്സിലാക്കാവുന്നതാണ്. പ്രഭാതത്തിലെ നന്മകൾക്കുവേണ്ടി അവിടുന്ന് ധാരാളം പ്രാർഥിക്കാറുണ്ടായിരുന്നു. സ്വഖ് രില്‍ ഗാമിദി(റ)വിൽ നിന്നും നിവേദനം: “നബി(സ) ഇങ്ങനെ പ്രാർഥിച്ചു; അല്ലാഹുവേ, എന്റെ ഉമ്മത്തിന് അവരുടെ പ്രഭാതത്തിൽ നീ ബറകത് ചൊരിയേണമേ’ (തുർമുദി) പ്രഭാത സമയം അല്ലാഹുവിനെ ഓർക്കുന്നതിലായി കഴിച്ചുകൂട്ടുകയെന്നത് വളരെയധികം പുണ്യകരമായതാണ്. പൂർവസൂരികളെല്ലാം വളരെ കരുതലോടെയായിരുന്നു പ്രഭാതത്തെ കൈകാര്യം ചെയ്തത്. സിമാക്(റ)വിൽ നിന്ന് നിവേദനം: “മഹാനായ ജാബിർ(റ) എന്നോട് നബി(സ)യുടെ പ്രഭാത സമയത്തിലെ കർമങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഞാന്‍ പറഞ്ഞു; അതെ, അവിടുന്ന് ദീർഘനേരം ഇരിക്കുമായിരുന്നു. സുബ്ഹി നിസ്കരിച്ച മുസ്വല്ലയില്‍ നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി (സ) എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ച് കഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും’ (അബൂദാവൂദ്)

പുലരിയിലെ ഉണർവിനനുസരിച്ചാണ് ദൈനംദിന ജീവിതം ചിട്ടപ്പെടുന്നത്. ഊർജസ്വലമായ മനസ്സും ശരീരവുമായി സുപ്രഭാതത്തെ വരവേൽക്കാൻ പ്രഥമമായി വേണ്ടത് നല്ല ഉറക്കമാണ്. ഉറക്കം ചിട്ടയില്ലാതെ പോയാൽ ജീവിതം താളം തെറ്റും.

വെളുപ്പിന് നേരത്തെ ഉണരണമെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെല്ലാം നേരത്തെ ഉണരുന്നുണ്ട്. ആ സമയത്താണ് മനസ്സും തലച്ചോറും കൂടുതല്‍ ഉണര്‍ന്നിരിക്കുന്നതും പ്രവർത്തനക്ഷമമാകുന്നതും. ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: “പ്രഭാതം ഐശ്വര്യത്തിന്റെയും ഉപജീവനത്തിന്റെയും ബറകത്തിന്റെയും സമയമായതിനാൽ സുബ്ഹ് നിസ്കാരത്തിനും സൂര്യോദയത്തിനുമിടയിൽ ഉറങ്ങുന്നത് മുൻഗാമികൾ വെറുത്തിരുന്നു. ആ സമയത്താണ് ജീവജാലങ്ങൾ ഉപജീവനം തേടുന്നത്. പൂർവ സൂരികൾ ക്ഷീണം ബാധിച്ചാൽ പോലും പ്രഭാത ഉറക്കത്തെ വെടിഞ്ഞിരുന്നു’ (സാ ദുൽ മആദ്).

രാത്രി നേരാംവണ്ണം ഉറങ്ങിയാലാണ് പകലിൽ ഉന്മേഷത്തോടെ ഉണർന്നിരിക്കാൻ സാധിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പ് മനസ്സും ശരീരവും റിലാക്സ് ആകണം. അതിന് തിരുനബി(സ) ചില ദിക്‌റുകളും ദുആകളും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം എങ്ങനെയാണ് കിടക്കേണ്ടതെന്നും അവിടുന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ചിട്ടുണ്ട്. വലതു ഭാഗത്തിന്മേലാണ് കിടക്കേണ്ടത്. ഹുദൈഫ(റ)വിൽ നിന്നും നിവേദനം: നബി (സ) ഉറങ്ങാൻ ഒരുങ്ങുമ്പോൾ വലതു കൈ കവിളിന്റെ താഴെ വെച്ച് അല്ലാഹുവേ, ഞാൻ ജീവിക്കുന്നതും മരിക്കുന്നതും നിന്റെ നാമത്തിലാണ്’ എന്ന് പ്രാർഥിക്കാറുണ്ടായിരുന്നു. ഉണർന്നാൽ “ഉറക്കിൽ നിന്നുണർത്തിയ അല്ലാഹുവിനാണ്, അവനിലേക്കാണ് മടക്കവും’ എന്നും ദുആ ചെയ്യുമായിരുന്നു (ബുഖാരി). ശയനമുറിയിൽ പാലിക്കേണ്ട മര്യാദകളോടെ ഉറങ്ങുന്നവർക്കാണ് മനോഹരമായൊരു പുലരിയെ വരവേൽക്കാൻ സാധിക്കുന്നത്.

ഒരാൾ രാത്രി കൂടുതൽ സമയം ഉറങ്ങിയോ ഇല്ലയോ എന്നതല്ല പ്രധാനം. മറിച്ച്, നന്നായി ഉറങ്ങാന്‍ സാധിച്ചോ ഇല്ലയോ എന്നതാണ്‌. ഉറക്കത്തെ ഉന്മേഷത്തിനും സൗഖ്യത്തിനും വേണ്ടിയാണ് സംവിധാനിച്ചതെന്ന് അല്ലാഹു പറയുന്നു (സൂറതുന്നബഅ്: 9) ശരീരത്തിനും മനസ്സിനും ബുദ്ധിക്കും മതിയായ വിശ്രമം ഉറക്കത്തില്‍ നിന്നും ലഭിക്കുന്നു. തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതം ഫലപ്രദമായ ഒരു ദിവസത്തെയാണ് സമ്മാനിക്കുന്നത്. പ്രഭാതത്തിലുണ്ടാകുന്ന ചെറിയൊരു ടെൻഷൻ പോലും ആ ദിവസം മുഴുവൻ അസ്വസ്ഥമാക്കാൻ ഇട വരുത്തുന്നു. ചീത്തയും കുത്തുവാക്കുകളും കേട്ട് ഉണരുന്നതും നെഗറ്റീവായി ചിന്തിക്കുകയും ആ ദിവസത്തെ ക്രിയാത്മഗതയെ കൊന്നുകളയുന്നു. പ്ലാനിംഗ്, പഠനം, മനനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. സുബ്ഹ് നിസ്കാരത്തിന് മുമ്പ് വലതു ഭാഗത്ത് ചെരിഞ്ഞുകിടന്നുള്ള പ്രത്യേക പ്രാർഥനയെ മതം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നേരത്തെ ഉറങ്ങി നേരത്തെ ഉണരാൻ ഓരോരുത്തരും ശീലിക്കണം. അങ്ങനെ ചെയ്യുന്നത് ആരോഗ്യവും സമ്പത്തും ജ്ഞാനവും തരുമെന്ന് ഇംഗ്ലിഷ് പഴമൊഴിയുമുണ്ട്.

അനിയന്ത്രിതമായി രാവിലെയുള്ള ഉറക്കം ഏതെങ്കിലും തരത്തിലുള്ള രോഗത്തിന്റെ അടയാളമോ വിറ്റാമിനുകളുടെ അഭാവമോ ആയാണ് ആരോഗ്യ ശാസ്ത്രം വിലയിരുത്തുന്നത്. മനുഷ്യനെ മടിയന്മാരാക്കിത്തീര്‍ക്കുന്ന പല മാധ്യമങ്ങളും നിറഞ്ഞുനില്‍ക്കുന്ന പുതിയ കാലത്ത് ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും പ്രഭാതത്തെ വരവേൽക്കാൻ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ദിവസത്തെ ചിലർ ഒട്ടകത്തോടാണ് ഉപമിച്ചത്. അതിന്റെ മുൻഭാഗം നിയന്ത്രിക്കുമ്പോൾ പിൻഭാഗവും നിയന്ത്രണവിധേയമാകും. എന്ന പോലെ ദിവസത്തിന്റെ ആദ്യ ഭാഗമായ പ്രഭാതത്തെ സുരക്ഷിതമാക്കുമ്പോൾ ബാക്കി ഭാഗവും സുരക്ഷിതമാകുന്നു.

വിശ്വാസിയുടെ ജീവിതം എങ്ങനെ ക്രമപ്പെടുത്തണമെന്ന് പ്രമാണങ്ങൾ കൃത്യമായി വിവരിക്കുന്നുണ്ട്. ഒരോ ദിനവും പുലരുന്നത് ഒരായിരം പ്രതീക്ഷകളോടെയാണ്. ഇമാം ഹസനുൽ ബസ്വരി(റ) പറയുന്നു: ഓരോ പ്രഭാതവും ഇങ്ങനെ വിളിച്ചുപറയും; ഹേ മനുഷ്യപുത്രാ… ഞാൻ പുതിയൊരു ദിവസമാണ്. നിന്റെ പ്രവർത്തനത്തിന് സാക്ഷിയുമാണ്. എന്നെ നീ വളരെ ശ്രദ്ധയോടെ ഉപയോഗപ്പെടുത്തുക. തീർച്ചയായും ഞാൻ അന്ത്യദിനം വരേക്കും മടങ്ങിവരികയില്ല’ (തദ്കിറ).

പ്രത്യാശകൾ നിറഞ്ഞ പ്രതിജ്ഞകൾ ഓരോ ദിവസവും രാവിലെ എടുക്കണം. പുതു ചിന്തകൾക്ക് മനസ്സിനെ പരിശീലിപ്പിക്കണം. കാരണം, ശീലങ്ങളുടെ (Habits) സൃഷ്ടിയാണ് മനുഷ്യൻ. ശുഭചിന്തകളും ശാഭാപ്തിവിശ്വാസവുമാണ് വിജയത്തിലെത്തിക്കുന്നത്. ഏകാഗ്രതയോടെ ലക്ഷ്യത്തിലേക്കുള്ള വഴികളെക്കുറിച്ച് നിരന്തരം ആലോചിച്ചുകൊണ്ടിരിക്കണം. സമയത്തിന്റെ മൂല്യവും പ്രാധാന്യവും തിരിച്ചറിഞ്ഞ് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയെന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

Latest