Connect with us

തെളിയോളം

കൂടിയിരുന്ന് ഉച്ചത്തിൽ ഒന്ന് സംസാരിച്ചാലോ

നമ്മൾ ഒറ്റക്ക് എത്രമാത്രം നേടി എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നമ്മൾ ഒരുമിച്ച് എത്രമാത്രം അനുഭവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ മൂല്യം അളക്കുന്നത്. നിങ്ങൾ പൂർത്തിയാക്കിയ എല്ലാ ജോലികളും അല്ലെങ്കിൽ നിങ്ങൾക്ക് ലഭിച്ചതുപോലെയുള്ള എല്ലാ ജോലികളും നിങ്ങൾക്ക് ഓർമയുണ്ടാകില്ല, പക്ഷേ നിങ്ങളുടെ കൂടെ നിന്ന, നിങ്ങളോടൊപ്പം ചിരിച്ചു, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ശ്രദ്ധിച്ച ആളുകളെ നിങ്ങൾ ഓർക്കും.

Published

|

Last Updated

ജീവിതത്തിന്റെ ദൈർഘ്യം അളക്കുന്നത് വർഷങ്ങളിലൂടെയല്ല, മറിച്ച് പങ്കിട്ട നിമിഷങ്ങളിലൂടെയാണ് എന്ന ഒരു ആപ്തവാക്യമുണ്ട്. പുതിയ കാല ജീവിതത്തെ സംബന്ധിച്ച വലിയൊരു യാഥാർഥ്യം, നമുക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ടെങ്കിലും കൂടെ ഇരിക്കാനും നടക്കാനും ആരുമില്ല എന്നതാണ്. നിരന്തരം നാം സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. പക്ഷേ, ബന്ധങ്ങളിൽ ഒരു അപ്‌ഡേറ്റും നടക്കുന്നില്ല. വെറുതെ ഒന്ന് ചിന്തിച്ചു നോക്കൂ, നാം ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങളിൽ ഒരു പ്രതികരണം നടത്താൻ നമുക്ക് 3600 ൽ അധികം ഇമോജികൾ ഉണ്ട്. എന്നാൽ നമ്മുടെ യഥാർഥ ഹൃദയവികാരം പ്രതിഫലിപ്പിക്കാനുള്ള നമ്മുടെ മുഖഭാവങ്ങൾ ഒക്കെ വരണ്ടു പോയിരിക്കുന്നു. ഇന്ന് നമുക്കെല്ലാവർക്കും ആവശ്യമുള്ളതും എന്നാൽ പലപ്പോഴും അവഗണിക്കുന്നതുമായ അദൃശ്യ ശക്തി സാമൂഹിക ആരോഗ്യമാണ്. അപരിചിതരുടെ ജീവിതാഘോഷങ്ങളുടെയും ശേഷി പ്രകടനങ്ങളുടെയും വിനിമയങ്ങളിലൂടെ മണിക്കൂറുകൾ സ്ക്രോൾ ചെയ്യാനും, പോസ്റ്റുകളോട് പ്രതികരിക്കാനും, ഏകാന്തതയെക്കുറിച്ചുള്ള മിംസ് നോക്കി നോക്കി ചിരിക്കാനും നമുക്ക് കഴിയും.

എന്നാൽ ഞാൻ ചുമ്മാ ഇരിക്കുകയാണ് എന്ന് അവൻ ചിന്തിച്ചാലോ, അല്ലെങ്കിൽ എന്താണിപ്പോൾ പ്രത്യേകിച്ച് പറയാൻ എന്നൊക്കെ വിചാരിച്ച് ഒരു യഥാർഥ സുഹൃത്തിനെ വിളിക്കാൻ മടിക്കും. എന്നിട്ടോ ശൂന്യമായ ഒറ്റപ്പെടലിന്റെ വേവും ചൂടുമായി ഉരുകുകയും ചെയ്യും. ഏകാന്തത എന്നത് ഒറ്റയ്ക്കായിരിക്കുന്നതിൽ നിന്നുണ്ടാകുന്നതല്ല; ആരും എന്നെ കാണുന്നില്ല എന്ന തോന്നലിൽ നിന്ന് വരുന്നതാണത്. നോക്കൂ, പങ്കുവെക്കുമ്പോൾ ഭക്ഷണം എത്ര രുചികരമാണ്, ഒരുമിച്ച് കേൾക്കുമ്പോൾ തമാശകൾ എത്ര രസകരമാണ്! വില കൂടിയ ഫൈവ് സ്റ്റാർ ഫുഡിനരികിൽ ഒറ്റക്കിരിക്കുന്ന ഒരാളെ സങ്കൽപ്പിക്കൂ, എന്നാൽ അത്രയൊന്നും സുഭിക്ഷമല്ലാത്ത ഒരു ഭക്ഷണം കൂട്ടമായിരുന്ന് ഉണ്ണുന്നത് നിങ്ങളുടെ ഓർമക്ക് എത്ര വലിയ പോഷണമാണ് നൽകുന്നത്!. അതാണ് ശരിക്കും സാമൂഹിക ആരോഗ്യത്തിന്റെ മാന്ത്രികത.

കൂട്ടത്തിലിരുന്ന് ഒന്ന് ഉച്ചത്തിൽ സംസാരിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം ഭാരം കുറഞ്ഞതായി അനുഭവപ്പെടാറില്ലേ നിങ്ങൾക്ക്?, ശാരീരിക ആരോഗ്യത്തിനായി നമ്മൾ ജിമ്മിൽ പോകാനും മാനസികാരോഗ്യത്തിനായി പുസ്തകങ്ങൾ വായിക്കാനും എല്ലാവരും നിർദേശിക്കാറുണ്ട്, എന്നാൽ സാമൂഹിക ആരോഗ്യത്തിനായി നമ്മൾക്കൽപ്പം ചേർന്നിരിക്കാം എന്ന് ആരും കാര്യമായി പറഞ്ഞു കേൾക്കാറില്ല. പലരുടെയും ഒടുവിൽ നടന്ന യഥാർഥ സംഭാഷണം ഒരു ഡെലിവറി ബോയിയോടായിരുന്നു എന്നിടത്തായിരിക്കുന്നു കാര്യങ്ങൾ. നിങ്ങളുടെ അസംബന്ധങ്ങൾ കേൾക്കുന്ന, നിങ്ങളുടെ ഏറ്റവും മോശം തമാശകളിൽ പോലും ചിരിക്കുന്ന, ഏത് സമയത്തും ഒന്ന് വിളിച്ച് വല്ലതും അങ്ങോട്ടുമിങ്ങോട്ടും പറയാൻ തിടുക്കം തോന്നുന്ന കുറച്ച് ആളുകൾ നമുക്ക് വേണം. നമ്മെ മനസ്സിലാക്കാൻ വിശദീകരണങ്ങൾ ആവശ്യമില്ലാത്ത തരത്തിലുള്ള ആളുകൾ. സ്വതന്ത്രനായിരിക്കുക എന്നാൽ ആരെയും ആവശ്യമില്ല എന്നാണ് നമ്മൾ പലപ്പോഴും കരുതുന്നത്, പക്ഷേ നമ്മുടെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ പോലും അത് പങ്കിടാൻ ആരെയെങ്കിലും ആവശ്യപ്പെടുന്നുണ്ട് എന്നറിയുക.

ഒരു വ്യക്തിക്ക് ദിവസം മുഴുവൻ ഒരു ഹീറോയെപ്പോലെ സമ്മർദം താങ്ങാൻ കഴിയും, എന്നാൽ ഒരു അടുത്ത സുഹൃത്ത് “എന്താടാ പ്രശ്നം?’ എന്ന് ചോദിക്കുന്ന നിമിഷം, ഒരു അണക്കെട്ട് തുറന്നിട്ട പോലെ എല്ലാം പുറത്തുവരും. അത് ഒരു ബലഹീനതയല്ല; രോഗശാന്തി തന്നെയാണ്. ചിലപ്പോൾ, ഏറ്റവും ശക്തമായ തെറാപ്പി “എനിക്ക് മനസ്സിലാകും നിന്റെ വിഷമാവസ്ഥ’ എന്ന് ഹൃദയം തൊടുന്ന ഒരു പറച്ചിലാണ്. നിങ്ങൾക്ക് ചുറ്റും ആളുകളുള്ളപ്പോൾ, ജീവിതം സന്തുലിതാവസ്ഥ കൈവരിക്കുന്നു, ചിരി വർധിക്കുന്നു, സമ്മർദം നിശബ്ദമായി കുറയുന്നു. നമ്മൾ ഒറ്റക്ക് എത്രമാത്രം നേടി എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നമ്മൾ ഒരുമിച്ച് എത്രമാത്രം അനുഭവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ മൂല്യം അളക്കുന്നത്. നിങ്ങൾ പൂർത്തിയാക്കിയ എല്ലാ ജോലികളും അല്ലെങ്കിൽ നിങ്ങൾക്ക് ലഭിച്ചതുപോലെയുള്ള എല്ലാ ജോലികളും നിങ്ങൾക്ക് ഓർമയുണ്ടാകില്ല, പക്ഷേ നിങ്ങളുടെ കൂടെ നിന്ന, നിങ്ങളോടൊപ്പം ചിരിച്ചു, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ശ്രദ്ധിച്ച ആളുകളെ നിങ്ങൾ ഓർക്കും.

 

 

 

---- facebook comment plugin here -----

Latest