Connect with us

Aksharam

സേനാ പതാകകളെ പരിചയപ്പെടാം

72 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വ്യോമസേനയുടെ പതാക പരിഷ്‌കരിക്കുന്നത്.

Published

|

Last Updated

വ്യോമസേനാ ദിനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക പുറത്തിറക്കിയ കാര്യം കൂട്ടുകാർ അറിഞ്ഞിരിക്കുമല്ലോ. വ്യോമസേനയുടെ പുത്തൻ പതാകയെക്കുറിച്ചും കൂടെ രാജ്യത്തിന്റെ മറ്റു സേനാ പതാകകളെക്കുറിച്ചും അടുത്തറിയാം.

പുതുക്കം 72 വർഷത്തിന് ശേഷം

72 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വ്യോമസേനയുടെ പതാക പരിഷ്‌കരിക്കുന്നത്. വാർഷിക വ്യോമസേനാ ദിനത്തിൽ പ്രയാഗ്‌രാജിൽ നടന്ന വ്യോമസേനാ ദിന പരേഡിൽ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരിയാണ് പുതിയ പതാക അനാവരണം ചെയ്തത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നമാണ് പുതിയ പതാകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മുകളിൽ ഇടത്തേ അറ്റത്ത് ദേശീയ പതാകയും ദേശീയ പതാകയുടെ നിറങ്ങളിലെ വളയം വലതുവശത്തുമുള്ളതായിരുന്നു മുൻ പതാക. പുതിയ പതാകയിൽ ഇന്ത്യൻ വ്യോമസേനാ ചിഹ്നം മുകളിൽ വലത്തേ അറ്റത്താണ്. ഇതിന് താഴെയാണ് ഇന്ത്യൻ പതാകയുടെ നിറത്തിലെ വളയം. മുകളിലെ അശോകസ്തംഭത്തിനൊപ്പം ദേവനാഗരിയിൽ “സത്യമേവ ജയതേ’ വാചകവുമുണ്ട്. അതിന് താഴെയായാണ് ചിറകുവിരിച്ച ഹിമാലയൻ പരുന്തുള്ളത്. മുമ്പത്തെപ്പോലെ നീല പശ്ചാത്തലമാണ് പതാകക്കുള്ളത്.

പതാക മാറ്റം

ഇന്ത്യൻ നാവികസേനയുടെ പതാകയും അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് നാവികസേനയുടെ പതാകയിൽ മാറ്റങ്ങൾ വരുത്തി പുറത്തിറക്കിയത്. കൊച്ചി കപ്പൽശാലയിൽ വെച്ചായിരുന്നു പതാകയുടെ പ്രകാശനം. കൊളോണിയൽ ഭരണവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ചുകൊണ്ടായിരുന്നു പുതിക പതാകയിലേക്കുള്ള മാറ്റം. സെന്റ്ജോർജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവർണ പതാക പതിപ്പിച്ചതായിരുന്നു നാവികസേനയുടെ പഴയ പതാക. അഷ്ടഭുജാകൃതിയിലുള്ള കവചത്തിനുള്ളിൽ അശോകസ്തംഭവും നങ്കൂര ചിഹ്നവും, ഛത്രപതി ശിവജിയുടെ നാവികസേനാ മുദ്രയും ഉൾപ്പെടുത്തിയാണ് പതാക പരിഷ്‌കരിച്ചത്. വെളുത്ത പശ്ചാത്തലമുള്ള പതാകയുടെ മുകളിൽ ഇടത്തേ അറ്റത്തായി ദേശീയ പതാകയുമുണ്ട്.

കര കാക്കുന്നവരുടെ പതാക

ചുവന്ന പശ്ചാത്തലത്തിൽ വലതുഭാഗത്തായി സ്വർണമഞ്ഞ നിറത്തിലുള്ള ക്രോസ്ഡ് വാളുകൾക്ക് മുകളിൽ അശോകസ്തംഭവും മുകളിൽ ഇടത്തേ അറ്റത്ത് ദേശീയ പതാകയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ കരസേനയുടെ പതാക. കരസേനയുടെ നിലവിലെ പതാക അവതരിപ്പിച്ചപ്പോൾ മുൻ പതാക ജനറൽ ഓഫീസർമാരുടെ റാങ്ക് പതാകയായി മാറി.

 

 

 

Latest