International
ഇടത് നേതാവ് ഗസ്റ്റാവോ പെട്രോ കൊളംബിയന്‍ പ്രസിഡന്റ്
കൊളംബിയ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 212 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ്ഇടത് സ്ഥാനാര്‍ഥി പ്രസിഡന്റ് പദവിയിലെത്തുന്നത്.

ബൊഗോട്ട | കൊളംബിയയുടെ പുതിയ പ്രസിഡന്റായി ഇടത് സ്ഥാനാര്‍ഥി ഗസ്റ്റാവോ പെട്രോ തിരഞ്ഞെടുക്കപ്പെട്ടു. കൊളംബിയ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 212 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇടത് സ്ഥാനാര്‍ഥി പ്രസിഡന്റ് പദവിയിലെത്തുന്നത്. മെയ് 29ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 62കാരനായ ഗസ്റ്റാവോ പെട്രോ 40.3 ശതമാനത്തിലധികം വോട്ടുകള്‍ നേടി മുന്നിലെത്തിയിരുന്നു.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 19ന് രണ്ടാം ഘട്ട വോട്ടെടുപ്പ് ആവശ്യമായി വരികയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഗസ്റ്റാവോക്ക് 50.4 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥികളിലൊരാളായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിന് 47.3 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ആദ്യ ഘട്ടത്തില്‍ റൊഡോള്‍ഫോ ഹെര്‍ണാണ്ടസിന് 28.2 ശതമാനവും മറ്റൊരു സ്ഥാനാര്‍ഥി ഫെഡറികോ ഗുട്ടിറെസിന് 23.9 ശതമാനവും വോട്ടാണ് നേടാനായത്. 3.9 കോടി വോട്ടര്‍മാരില്‍ 2.1 കോടി പേര്‍ മാത്രമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. അതായത് 54 ശതമാനം.
കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും സെനറ്ററായും പ്രവര്‍ത്തിച്ച പെട്രോ 2018-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവാന്‍ ഡ്യൂക്കിനോട് പരാജയപ്പെട്ടിരുന്നു. വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.