Kerala
മന്ത്രിസഭാ പുന:സംഘടനക്കൊരുങ്ങി ഇടത് മുന്നണി; ഗണേഷ് കുമാറിനായി പാര്‍ട്ടി കത്ത് നല്‍കി
ഇടത് മുന്നണി യോഗം ഈ മാസം പത്തിന് ചേരും
 
		
      																					
              
              
            തിരുവനന്തപുരം | ഇടത് മുന്നണി യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടന യോഗത്തില്‍ ചര്‍ച്ചയാകും. നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.മന്ത്രിസഭ പുനഃസംഘടന വൈകരുതെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കി. നവകേരള സദസിന് മുന്‍പ് മന്ത്രി സഭ പുനഃസംഘടിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം.
കേരളാ കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.മുന്നണി ധാരണ പ്രകാരം മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഒഴിയേണ്ടതുണ്ട്. ഇവര്‍ക്ക് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് ധാരണ.
നവംബറില്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ഗണേഷ് കുമാറിനെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. എംഎം ഹസ്സനും കെ മുരളീധരനുമാണ് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയത്. ഗണേഷ് കുമാറിനെപ്പോലുള്ള സാധനത്തെ പിടിച്ച് നിയമസഭയില്‍ വച്ചാല്‍ മുഖം മിനുങ്ങുകയല്ല, മുഖം കെടുകയാണ് ചെയ്യുകയെന്നായിരുന്നു ഹസന്റെ പ്രതികരണം. മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

