local body election 2025
മലയടിവാരത്തെ യു ഡി എഫ് കോട്ടയില്‍ പൊരുതാനുറച്ച് എല്‍ ഡി എഫ്
ബാണാസുര മലയുടെ താഴ്വാരത്തില്‍ പട്ടികവര്‍ഗ വനിതകളുടെ പോരാട്ടം
കല്‍പ്പറ്റ | ജില്ലാ പഞ്ചായത്തില്‍ യു ഡി എഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ബാണാസുര മലയുടെ താഴ്‌വാരമായ പടിഞ്ഞാറത്തറ ഡിവിഷന്‍. ഏത് പ്രതിസന്ധി ഘട്ടത്തിലും യു ഡി എഫിനൊപ്പം നില്‍ക്കുന്ന ഡിവിഷന്‍. ഇവിടെ ചുരുങ്ങിയത് 2,000 വോട്ടിനെങ്കിലും ഇത്തവണയും ജയിക്കുമെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍ പട്ടികവര്‍ഗ വനിതാ സംവരണമായ ഡിവിഷനില്‍ ശക്തമായ പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ഡിവിഷന്‍ പിടിക്കുമെന്നാണ് ഇടത് നേതാക്കളുടെ പ്രതീക്ഷ.
യു ഡി എഫിനായി മുസ‌്ലിം ലീഗിലെ കമല രാമനും ഇടതിനായി ആര്‍ ജെ ഡിയിലെ ശാരദ മണിയനുമാണ് പോരിനിറങ്ങിയിരിക്കുന്നത്. സാന്നിധ്യമറിയിക്കാന്‍ എന്‍ ഡി എയുടെ ബി ജെ പി സ്ഥാനാര്‍ഥി ചന്ദ്രിക ചന്ദ്രനുമുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 18ഉം തരിയോട് പഞ്ചായത്തിലെ 14ഉം വാര്‍ഡുകള്‍ ചേരുന്നതാണ് പടിഞ്ഞാറത്തറ ഡിവിഷന്‍. രണ്ട് പഞ്ചായത്തുകളും നിലവില്‍ യു ഡി എഫ് ഭരണത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടത്തറ പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ പടിഞ്ഞാറത്തറ ഡിവിഷന്റെ ഭാഗമായിരുന്നു.
കോട്ടത്തറ പഞ്ചായത്തിലെ യു ഡി എഫിന് മേധാവിത്വമുള്ള ആറ് വാര്‍ഡുകള്‍ ഡിവിഷനിൽ നിന്ന് ഒഴിവായത് വിജയ സാധ്യത വര്‍ധിപ്പിച്ചതായി എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു. കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കാലാവധി പൂര്‍ത്തിയായ ഭരണസമിതിയില്‍ അംഗവുമാണ് കമല രാമന്‍. കുടുംബശ്രീയിലൂടെ പൊതുരംഗത്തെത്തിയ അവര്‍ കണിയാമ്പറ്റ പുളിക്കല്‍കുന്ന് സ്വദേശിനിയാണ്. കല്‍പ്പറ്റ ആസൂത്രണഭവനില്‍ പ്ലാനിംഗ് വിഭാഗത്തില്‍ കെയര്‍ ടേക്കറായിരുന്നു.
ആര്‍ ജെ ഡി ജില്ലാ കമ്മിറ്റിയംഗമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശാരദ മണിയന്‍. കോട്ടത്തറ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. ആര്‍ ജെ ഡി മഹിളാ ജില്ലാ സെക്രട്ടറി, കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റാണ് എന്‍ ഡി എ സ്ഥാനാര്‍ഥി ചന്ദ്രിക ചന്ദ്രന്‍. ബി ജെ പി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ- പൂഴിത്തോട് ചുരം ബദല്‍പാത ഉള്‍പ്പെടെ വികസന വിഷയങ്ങള്‍ ഡിവിഷനില്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും എടുത്തുപിടിച്ചാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.




