Connect with us

Articles

പൗരാവകാശങ്ങള്‍ക്ക് പൂട്ടിടുന്ന നിയമങ്ങള്‍

ഡീകൊളോണൈസേഷന്‍ സാധ്യമാക്കുന്നുവെന്ന മേമ്പൊടിയോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പൗരന്‍മാര്‍ക്ക് മേല്‍ വലിയ അധികാരം ആഗ്രഹിക്കുന്ന കൊളോണിയല്‍ നിയമത്തിന്റെ തുടര്‍ച്ച തന്നെയാണ് ഏറെക്കുറെ. ക്രിമിനല്‍ നിയമങ്ങളുടെ പേരുകള്‍ മാറിയെന്നല്ലാതെ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല.

Published

|

Last Updated

നമ്മള്‍ കൊളോണിയല്‍ നിയമമെന്ന് പറയുന്നതിന് കോളനി വാഴ്ചക്കാലത്തെ നിയമമെന്ന കേവല അര്‍ഥമാണോ ഉള്ളത്? കൊളോണിയല്‍ സ്ഥാപനം എന്നാല്‍ അക്കാലത്തെ ഒരു സ്ഥാപനമെന്ന നിരുപദ്രവ അര്‍ഥമാണോ അത് പ്രതിഫലിപ്പിക്കുന്നത്? അല്ലെന്ന് തീര്‍ത്തു പറയാം. ഭരണകൂടവും പൗരന്മാരും തമ്മില്‍ നിലനിന്നിരുന്ന ബന്ധത്തെ മുന്‍നിര്‍ത്തിയാണ് കൊളോണിയല്‍ എന്ന പദത്തെ നാം വിവക്ഷിക്കുന്നത്. അതായത് ഇന്ത്യന്‍ ജനതയുടെ സ്വാഭാവിക അവകാശങ്ങള്‍ക്ക് അതിരിട്ടു കൊണ്ട് അവരെ അടക്കി ഭരിക്കാനുള്ള ആയുധമായി ക്രിമിനല്‍ നിയമത്തിലെ ചില പ്രധാന വകുപ്പുകളെ കോളനി ഭരണക്കാര്‍ മാറ്റി എന്നതിനാലാണ് അവ നമുക്ക് കൊളോണിയല്‍ നിയമവും പരിഷ്‌കരിക്കേണ്ടതുമാകുന്നത്. എന്നാല്‍ ഡീകൊളോണൈസേഷന്‍ സാധ്യമാക്കുന്നുവെന്ന മേമ്പൊടിയോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ പൗരന്‍മാര്‍ക്ക് മേല്‍ വലിയ അധികാരം ആഗ്രഹിക്കുന്ന കൊളോണിയല്‍ നിയമത്തിന്റെ തുടര്‍ച്ച തന്നെയാണ് ഏറെക്കുറെ.

ക്രിമിനല്‍ നിയമങ്ങളുടെ പേരുകള്‍ മാറിയെന്നല്ലാതെ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. പോലീസ് റെയ്ഡുകളുടെ ഓഡിയോ – വീഡിയോ റെക്കോര്‍ഡിംഗ്, ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കല്‍, അന്വേഷണത്തിനും വിചാരണാ നടപടികള്‍ക്കും കാലപരിധി നിശ്ചയിക്കല്‍ തുടങ്ങിയ ഗുണോന്മുഖ വകുപ്പുകളുണ്ടെങ്കിലും പൗരാവകാശങ്ങള്‍ക്ക് പൂട്ടിടാനുള്ള പ്രവണത നിയമങ്ങളില്‍ എഴുന്നു നില്‍ക്കുന്നുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍
ഐ പി സിയിലെ 124 എ വകുപ്പ് പ്രകാരമുണ്ടായിരുന്ന രാജ്യദ്രോഹക്കുറ്റം എക്കാലത്തും വിവാദ വിഷയമായിരുന്നല്ലോ. ദേശീയ പ്രസ്ഥാന മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷ് കുബുദ്ധി രൂപപ്പെടുത്തിയ പ്രസ്തുത കുറ്റം അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടും വെട്ടായിരുന്നു. പക്ഷേ നമ്മുടെ ജനാധിപത്യ വീക്ഷണങ്ങളോട് പൊരുത്തപ്പെടാത്ത രാജ്യദ്രോഹക്കുറ്റം സ്വാതന്ത്ര്യാനന്തരവും മാറ്റമില്ലാതെ തുടര്‍ന്നു. ഒടുവില്‍ 2022 മെയ് 11ന് സുപ്രീം കോടതി രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയമം പുനഃപരിശോധിക്കണമെന്നും അതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും പരമോന്നത കോടതി വിധിച്ചു. എന്നാല്‍ ഐ പി സിയിലെ 124 എ വകുപ്പിന് പകരം സമാന സ്വഭാവങ്ങളോടെ ഭാരതീയ ന്യായ സന്‍ഹിത (ബി എന്‍ എസ്)യില്‍ 150ാം വകുപ്പ് കൊണ്ടുവന്നിരിക്കുന്നു കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുണ്ടായിരുന്ന രാജ്യദ്രോഹക്കുറ്റത്തില്‍ അവ്യക്തതകള്‍ നിലനിന്നിരുന്ന പോലെ ബി എന്‍ എസിലും ഭരണകൂടത്തിന് ദുരുപയോഗം ചെയ്യാന്‍ പാകത്തില്‍ അവ്യക്തതകള്‍ ബാക്കി നില്‍ക്കുന്നു.

പോലീസിന് അമിതാധികാരം നല്‍കുക വഴി ഒരു പോലീസ് സ്റ്റേറ്റിന്റെ വിലക്ഷണം പ്രകടിപ്പിക്കുന്നുണ്ട് ഈ പഴയ വീഞ്ഞ്. ഐ പി സിയിലെ രാജ്യദ്രോഹക്കുറ്റം സര്‍ക്കാറിനെതിരായ വിപ്രതിപത്തി പ്രകടനവും ആ നിലയിലുള്ള കുറ്റകൃത്യവുമായാണ് നിര്‍വചിക്കപ്പെട്ടതെങ്കില്‍ പുതിയ നിയമത്തില്‍ അത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്. ഭരണകൂടവും രാജ്യവും രണ്ടല്ലെന്നും ഭരണകൂടം സമം രാജ്യമാണെന്നും ഇന്ത്യയുടെ ഭരണം കൈയാളുന്നവര്‍ പ്രത്യക്ഷമായും പരോക്ഷമായും പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. ഭരണകൂട വിപ്രതിപത്തി രാജ്യദ്രോഹവും ഭരിക്കുന്നവരോടുള്ള ഭക്തി ദേശസ്നേഹവുമാണെന്നാണ് വെയ്പ്പ്. ആ അജന്‍ഡ മറനീക്കി പുറത്തുവരികയാണ് ബി എന്‍ എസിലെ 150ാം വകുപ്പിലൂടെയെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകില്ല.

ബി എന്‍ എസ് ഭീകര പ്രവര്‍ത്തനത്തെ കുറ്റകൃത്യമായി നിര്‍വചിക്കുന്നിടത്ത് കടന്നു വരുന്നത് ഏറെക്കുറെ യു എ പി എ നിയമത്തിലെ ഭീകര പ്രവര്‍ത്തനത്തിന്റെ നിര്‍വചനം തന്നെയാണ്. ഐ പി സിയില്‍ ഇല്ലാതിരുന്ന ഭീകര പ്രവര്‍ത്തനമെന്ന കുറ്റകൃത്യത്തെ അഡ്രസ്സ് ചെയ്യാനായിരുന്നു യു എ പി എ. എന്നാല്‍ പ്രസ്തുത നിയമം പരാമര്‍ശിക്കുന്ന കുറ്റകൃത്യം ബി എന്‍ എസിലും സമാന രീതിയില്‍ ആവര്‍ത്തിച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യമുയരുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു നിര്‍ത്തിയ സുപ്രീം കോടതി അത് പുനഃപരിശോധിക്കൂ എന്നായിരുന്നല്ലോ നേരത്തേ പറഞ്ഞിരുന്നത്. ജനാധിപത്യവിരുദ്ധതയുടെ കൊളോണിയല്‍ രീതികളില്‍ നിന്നും പോലീസ് സ്റ്റേറ്റിന്റെ നൃശംസതകളില്‍ നിന്നും ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തിലേക്കുള്ള വളര്‍ച്ചയാകേണ്ടിയിരുന്നു ആ പുനഃപരിശോധന. പക്ഷേ സംഭവിച്ചത് നേരേ തിരിച്ചാണ്. കരിനിയമങ്ങള്‍ ഒന്നൊഴിയാതെ ഇടം പിടിച്ചിരിക്കുന്നു പുതിയ ക്രിമിനല്‍ നിയമത്തില്‍.

ഭാരതീയ ന്യായ സന്‍ഹിതയുടെ 187ാം വകുപ്പ് പ്രകാരം, അറസ്റ്റ് ചെയ്ത് 15 ദിവസത്തിലധികം പോലീസ് കസ്റ്റഡിയില്‍ വെക്കാനുള്ള അനുമതിയുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അത് 90 ദിവസം വരെയാകാമെന്നും വരികള്‍ക്കിടയിലൂടെ മനസ്സിലാകുന്നു. തുടര്‍ച്ചയായ ദീര്‍ഘകാല പോലീസ് കസ്റ്റഡി വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിന് അത് വഴി തുറക്കുമെന്ന കനത്ത ആശങ്ക പങ്കുവെച്ചിരുന്നു നേരത്തേ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. പക്ഷേ അതൊന്നും മുഖവിലക്കെടുക്കാതെ 187ാം വകുപ്പ് അപ്പടി നിലനിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

‘വ്യഭിചാരം’ പുതിയ ഭാവത്തില്‍
2018ല്‍ ജോസഫ് ഷൈന്‍ കേസില്‍ വ്യഭിചാരക്കുറ്റം റദ്ദാക്കിയിരുന്നു സുപ്രീം കോടതി. ഇന്ത്യന്‍ സമൂഹത്തിലെ സുദൃഢമായ കുടുംബ ജീവിത രീതിക്കും സദാചാര നിഷ്ഠകള്‍ക്കും പരിഗണന നല്‍കാതെ പടിഞ്ഞാറന്‍ ജീവിത ക്രമത്തിനനുസരിച്ച് നമ്മുടെ സാമൂഹിക ജീവിതത്തെ നിര്‍വചിക്കാനുള്ള ശ്രമമാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത് എന്ന വിമര്‍ശം വിധിയാനന്തരം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. വ്യഭിചാരം കുറ്റകൃത്യമായി വീണ്ടും കൊണ്ടുവരണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് ഭാരതീയ ന്യായ സന്‍ഹിതയിലെ 84ാം വകുപ്പ് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതനുസരിച്ച് ഏതെങ്കിലും പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മറ്റൊരാളുടെ ഭാര്യയെ പ്രേരിപ്പിക്കുന്നത് കുറ്റകൃത്യമായി പ്രഖ്യാപിക്കുന്നു. സ്ത്രീയെ പുരുഷന്റെ ഉപകരണമായി കാണാന്‍ ഇടവരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഐ പി സിയിലെ വ്യഭിചാരക്കുറ്റം സുപ്രീം കോടതി റദ്ദാക്കിയതെങ്കില്‍ അത് മറികടക്കാന്‍ പുതിയ വകുപ്പ് കൊണ്ടുവന്നു എന്നത് നല്ലകാര്യം തന്നെ.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിരുന്ന ഐ പി സിയിലെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയിരുന്നു 2018ല്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച്. നവ്തേജ് സിംഗ് ജോഹര്‍ കേസിലായിരുന്നു അത്. സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് വിധിച്ച കോടതി സമ്മതമില്ലാതെ സ്വവര്‍ഗരതിക്ക് വിധേയമാക്കുന്നതും മൃഗഭോഗവും കുറ്റകൃത്യമായി നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ പുതിയ ക്രിമിനല്‍ നിയമത്തില്‍ സ്വവര്‍ഗരതിയെക്കുറിച്ച് പറയുന്നില്ലെന്നിരിക്കെ അവ്യക്തതയും ആശങ്കയും നിലനില്‍ക്കുന്നു.

ആള്‍ക്കൂട്ട ആക്രമണവും ആത്മഹത്യാശ്രമവും
ബി എന്‍ എസിലെ 103ാം വകുപ്പ് പ്രകാരം ആള്‍ക്കൂട്ട ആക്രമണം വധശിക്ഷയോ ജീവപര്യന്തം തടവും പിഴയോ ലഭിക്കുന്നതിന് കാരണമാകുന്ന കുറ്റകൃത്യമാണ്. അതേസമയം ആത്മഹത്യാശ്രമം നിരുപാധിക കുറ്റകൃത്യമല്ലാതാക്കി മാറ്റിയത് നിരാശാജനകമാണ്. പകരം നിയമപരമായ അധികാര നിര്‍വഹണത്തിന് നിര്‍ബന്ധിപ്പിക്കാനോ നിര്‍വഹിക്കുന്നത് തടയാനോ വേണ്ടി ആത്മഹത്യാശ്രമം നടത്തിയാല്‍ മാത്രമേ 226ാം വകുപ്പനുസരിച്ച് കുറ്റകൃത്യമാകുകയുള്ളൂ.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് എപ്പോഴാണ് എന്നതിനെ കുറിച്ച് വിവരമില്ലെങ്കിലും നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനത്തെ യഥോചിതം പരിഷ്‌കരിക്കാനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങളോടും ജനാധിപത്യ മൂല്യങ്ങളോടും ചേര്‍ന്നു പോകാത്ത വകുപ്പുകള്‍ നിയമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 20ന് പുതിയ നിയമങ്ങള്‍ ലോക്സഭയില്‍ പാസ്സാക്കുമ്പോള്‍ ഇരു സഭകളിലെയും 141 എം പിമാര്‍ പാര്‍ലിമെന്റിന് പുറത്തായിരുന്നു എന്ന വസ്തുത കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പാര്‍ലിമെന്റിലും പുറത്തും തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ഒരു പൗരശബ്ദവും ഉയരേണ്ടതില്ലെന്ന ധാര്‍ഷ്ട്യമാണ് ഭരണകൂടത്തെ നയിക്കുന്നത്.