editorial
ബോഡി ഷെയ്മിംഗിനെതിരെ നിയമം
ബോഡി ഷെയ്മിംഗും ഡിജിറ്റൽ റാഗിംഗും കുറ്റകരമാക്കി നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ബില്ലിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞു. കേരള റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്ത് ബോഡി ഷെയ്മിംഗും ഡിജിറ്റൽ റാഗിംഗും ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിക്കലും അതിൽ ഉൾപ്പെടുത്തിയാണ് പുതിയ ബില്ല് തയ്യാറാക്കുന്നത്.

സമൂഹത്തിൽ വ്യാപകമാണ് ബോഡി ഷെയ്മിംഗ് (ഒരു വ്യക്തിയുടെ ശരീരിക ന്യൂനതകൾ പരിഹാസ രൂപേണ എടുത്തുപറയുക), ഡിജിറ്റൽ റാഗിംഗ് തുടങ്ങിയ മോശം പ്രവൃത്തികൾ. ശരീരത്തിന്റെ ഭാരക്കൂടുതൽ, നീളക്കൂടുതൽ, ശരീരനിറം, മുടിയുടെ നിറം തുടങ്ങിയവയെല്ലാം ബോഡി ഷെയിമിംഗിനു വിധേയമാകാറുണ്ട്. ശരീരം മെലിഞ്ഞ കാരണത്താൽ പലപ്പോഴും ബോഡിഷെയ്മിംഗിനു വിധേയതായും സ്‌കൂൾ കലോത്സവത്തിൽ നിന്ന് ഒഴവാക്കപ്പെട്ടതായും നടി അഖില ഭാർഗവൻ വെളിപ്പെടുത്തകയുണ്ടായി. സ്ത്രീകൾ ഭർതൃവീട്ടുകാരുടെ ബോഡിഷെയ്മിംഗിനിരയാകുന്നത് വ്യാപകമാണ്.തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ എതിർസ്ഥാനാർഥികൾക്കെതിരെയും നടത്താറുണ്ട് ബോഡിഷെയ്മിംഗ്.
സാധാരണക്കാരനെന്നോ ഉന്നതപദിവിയിലുള്ളവരെന്നോ സെലിബ്രിറ്റിക ളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇത് നേരിടാറുണ്ട്. മലയാളത്തിലെ സൂപ്പർ താരം മോഹൻലാൽ ശരീരത്തിന്റെ വണ്ണം കൂടിയതിന്റെ പേരിൽ ഷെയ്മിംഗിനു ഇരയായിട്ടുണ്ട്. മോഹിനിയാട്ടം കലാകാരി കലാമണ്ഡലം സത്യഭാമ നർത്തകനും നടനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ ബോഡി ഷെയ്മിംഗും നടി ഹണി റോസിനെതിരെ കേരളത്തിലെ പ്രമുഖനായ സ്വർണവ്യാപാരി നടത്തിയ ബോഡി ഷെയ്മിംഗും വൻ വിവാദമായതും കോടതി കയറിയതുമാണ്.
“കേരള സർക്കാറിനെ വലിച്ചു താഴെയിടാൻ അമിത്ഷായുടെ തടി പോരാ’ എന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന ബോഡി ഷെയ്മിഗാണെന്നു പരാതി ഉയർന്നിരുന്നു.
റാഗിംഗിന്റെ പുതിയ രൂപമാണ് ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ പീഡനം. സീനിയർ വിദ്യാർഥികൾ ജുനിയർ വിദ്യാർഥികളെ ശാരീരികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനു പകരം, സ്വഭാവഹത്യ, ട്രോളിംഗ്, സാമൂഹിക ബഹിഷ്‌കരണ ആഹ്വാനം, ഭീഷണി മുഴക്കൽ തുടങ്ങിയവയിലുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാനസികമായി പീഡിപ്പിക്കുന്ന ഈ പ്രവണത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കൂടുതലായി നടക്കുന്നത്. അഭിപ്രായങ്ങളും സന്ദേശങ്ങളും ആർക്കും എപ്പോൾ വേണമെങ്കിലും അജ്ഞാതമായി അയക്കാൻ കഴിയുമെന്നതാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ദുഷ്‌ചെയ്തികൾ വർധിക്കാൻ കാരണം.
ഇരകളെ മാനസികമായി തളർത്തുന്നു ബോഡി ഷെയ്മിംഗ്. സാമൂഹികമായി ഒറ്റപ്പെടാനും ഏകാന്തതയിലേക്ക് ഉൾവലിയാനും ഇത് ഇടയാക്കും. ചില അപകീർത്തികരമായ പരാമർശങ്ങൾ മനസ്സിനേൽപ്പിച്ച വേദന വർഷങ്ങൾ കടന്നു പോയാലും വിട്ടുമാറിയെന്നു വരില്ല. അതൊരു മുറിവായി എന്നും അവശേഷിക്കും. പലപ്പോഴും അവരുടെ ഭാവിജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കും. നിരന്തര ബോഡി ഷെയ്മിംഗിനെ തുടർന്ന് ആത്മഹത്യ
ചെയ്തവരുണ്ട്.
ഏറ്റുമാനൂരിൽ കഴിഞ്ഞ ഏപ്രിൽ 15ന് അഭിഭാഷക ജിസ്‌മോൾ ആത്മഹത്യ ചെയ്യാനിടയായത് ഭർതൃ വീട്ടുകാരുടെ അപമാനകരമായ സംസാരങ്ങൾ സഹിക്കവയ്യാതെയാണെന്ന് ആരോപിക്കപ്പെടുന്നു. ശരീര നിറത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും നിരന്തരം അവരെ കുറ്റപ്പെടുത്തിയിരുന്നുവെന്നാണ് ജിസ്‌മോളുടെ വീട്ടുകാർ പറയുന്നത്. ശരീരത്തിനു അത്ര നിറമില്ലാത്ത തന്റെ പെൺമക്കൾക്കും ഇതേ അനുഭവം വരുമോ എന്ന് ജിസ്‌മോൾ ആശങ്ക പ്രകടിപ്പിച്ചിരുന്നുവത്രെ. അതാണ് മക്കളെയുമായി അവർ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതെന്നാണ് അനുമാനി
ക്കപ്പെടുന്നത്.
ഹണിറോസിനെതിരായ ബോഡിഷെയിമിംഗ് കേസിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണൻ നടത്തിയ ഉപദേശം ശ്രദ്ധാർഹമാണ്. “സമൂഹത്തിനു ഉൾക്കൊള്ളാൻ കഴിയുന്നതല്ല ബോഡിഷെയ്മിംഗ്. വ്യത്യസ്ഥ ശരീര പ്രകൃതിയുള്ളവരാണ് മനുഷ്യർ. തടിച്ചവരുണ്ടാകാം. ചിലർ മെലിഞ്ഞവരാകാം.നീളം കുറഞ്ഞവരും കറുത്തവരുമുണ്ടാകാം. അതൊക്കെ മോശമെന്ന തരത്തിൽ സംസാരിക്കരുത്. നമ്മുടയൊക്കെ ശരീരത്തിനും മനസ്സിനും മാറ്റം സംഭവിക്കാം. അതാണ് ജീവിതം. പുരുഷനായാലും സ്ത്രീയായാലും മറ്റുള്ളവരെക്കുറിച്ചുള്ള അഭിപ്രായം പറയുമ്പോൾ വളരെ ശ്രദ്ധിക്കണം. അവർക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന പരാമർശങ്ങൾ
ഒഴിവാക്കണം.’
ബോഡി ഷെയ്മിംഗും ഡിജിറ്റൽ റാഗിംഗും കുറ്റകരമാക്കി നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ബില്ലിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞു. സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, കോളജുകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമത്തിന്റെ
പരിധിയിൽ വരും.
1998ലെ കേരള റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്ത് ബോഡി ഷെയ്മിംഗും ഡിജിറ്റൽ റാഗിംഗും ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിക്കലും അതിൽ ഉൾപ്പെടുത്തിയാണ് പുതിയ ബില്ല് തയ്യാറാക്കുന്നത്. 1998ലെ കേരള റാഗിംഗ് നിരോധന നിയമം കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തൽ ഇക്കാര്യം സർക്കാർ പരിഗണിച്ചുവരികയാണെന്ന് മാർച്ച് 15ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയെ അറിയിച്ചിരുന്നു. കോളജ് ക്യാമ്പസുകളിലെ റാഗിംഗ് ഭീഷണിയെക്കുറിച്ചുളള പ്രതിപക്ഷത്തിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമയേത്തിലുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
നിലവിലുള്ള നിയമത്തിൽ റാഗിംഗിന് രണ്ട് വർഷം വരെ തടവും പതിനായിരം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ടങ്കിലും സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമപ്രകാരം ശിക്ഷ നടപ്പാക്കിയത് ഒറ്റത്തവണ മാത്രമാണെന്നതാണ് വിരോധാഭാസം. ഇതാണ് റാഗിംഗ് വർധിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമം കൂടുതൽ കർശനമാക്കിയത് കൊണ്ടുമാത്രമായില്ല, ഇത്തരം ക്രൂരപ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമത്തിനു മുന്പിൽ കൊണ്ടുവരുന്നതിലും മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും കൂടി ശ്രദ്ധയും ജാഗ്രതയും കാണിക്കേണ്ടതുണ്ട്.