National
ഭൂമി തര്‍ക്കം; ബിഹാറില്‍ ആക്രി കച്ചവടക്കാരനെ അജ്ഞാതസംഘം വെടിവെച്ചുകൊന്നു
മുഹമ്മദ് ഗുലാബ് ആണ് കൊല്ലപ്പെട്ടത്.

പട്ന| ബിഹാറിലെ മുസഫര്‍പൂരില്‍ ആക്രി കച്ചവടക്കാരനെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു. മുഹമ്മദ് ഗുലാബ് ആണ് കൊല്ലപ്പെട്ടത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ സംഘം പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുലാബിന്റെ തലയോട്ടിയില്‍നിന്ന് മൂന്ന് ബുള്ളറ്റുകള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഗുലാബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും ദേശീയ പാത ഉപരോധിച്ചു. പ്രതിഷേധക്കാര്‍ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കൊല്ലപ്പെട്ട ഗുലാബിന്റെ സഹോദര
ന്‍ രാജ് ആരോപിച്ചു. മുഹമ്മദ്, തുഫൈല്‍, മുഹമ്മദ് ബാദല്‍, മുഹമ്മദ് ആകില്‍, മുഹമ്മദ് ഛോട്ടു എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവര്‍ തങ്ങളുടെ കുടുംബവുമായി ദീര്‍ഘകാലമായി ഭൂമി തര്‍ക്കത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാജ് പോലീസിനോട് പറഞ്ഞു. എന്നാല്‍ ദൃക്സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.