Kerala
വസ്തു വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍
വാഴപ്പള്ളി പാലത്ര പടിഞ്ഞാറ് കുടുവാക്കുളം സുനില്‍ കുമാര്‍(47)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല | തിരുവല്ല തോട്ടഭാഗം എസ് ബി ഐയുടെ പിന്നിലെ 10 സെന്റ് വസ്തു വാങ്ങിനല്‍കാമെന്ന് വാക്കുനല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി. വാഴപ്പള്ളി പാലത്ര പടിഞ്ഞാറ് കുടുവാക്കുളം സുനില്‍ കുമാര്‍(47)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. തലവടി സൗത്ത് അട്ടിപ്പറമ്പില്‍ ഗീവര്‍ഗീസിനാണ് സെന്റിന് 1,80,000 രൂപ വച്ച് പ്രതി വസ്തു കച്ചവടം ഉറപ്പിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15ന് ഇദ്ദേഹത്തിന്റെ തിരുവല്ല ബേങ്ക് ഓഫ് ബറോഡ ശാഖയിലെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ലീഫ് പ്രതി കൈപ്പറ്റി തുക മാറിയെടുത്തു. പിന്നീട്, ജൂലൈയിലും സെപ്തംബറിലും 50,000 വീതം ഗൂഗിള്‍ പേ ആയും പ്രതിയുടെ സ്റ്റാഫ് മുഖേനയും കൈപ്പറ്റി. നവംബറില്‍ ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ മല്ലപ്പള്ളി എസ് ബി ഐ ശാഖയിലൂടെ എഴുത്തുകൂലി ഇനത്തില്‍ പ്രതിയുടെ തിരുവല്ല കോഡാക് ശാഖയിലെ അക്കൗണ്ടിലേക്ക് 1,20,000 രൂപ കൈമാറി. മൊത്തത്തില്‍ 5,20,000 രൂപ കൈക്കലാക്കിയ ശേഷം വസ്തു വാങ്ങിക്കൊടുക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് കേസ്.
നിരവധി ആളുകളെ സുനില്‍ കുമാര്‍ ഇത്തരത്തില്‍ പറഞ്ഞു പറ്റിച്ച് പണം കൈക്കലാക്കിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിനടന്ന പ്രതിയെ ഇന്നലെ വേങ്ങലില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവല്ല പോലീസ് സ്റ്റേഷനിലെ മറ്റൊരു വിശ്വാസവഞ്ചന കേസിലും, ചങ്ങനാശ്ശേരിയിലെ ഒരു വഞ്ചനാ കേസിലും പ്രതിയാണിയാള്‍. ഈ കേസുകള്‍ കോടതിയില്‍ വിചാരണയിലാണ്. അറസ്റ്റ് ചെയ്തതോടെ മറ്റു ജില്ലകളില്‍ നിന്നും സമാന പരാതികള്‍ സംബന്ധിച്ച ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ. നിത്യാസത്യന്‍, എ എസ് ഐ. ബിജു, സി പി ഒമാരായ എസ് മനോജ് അവിനാഷ്, മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.