Connect with us

National

ലഖിംപുര്‍ കേസ്: ആശിഷിന്റെ വാദങ്ങള്‍ ദുര്‍ബലം; രാഷ്ട്രപതിയെ കാണാനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ഷകരുടെ ദേഹത്തേക്ക് കയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ലഖിംപുര്‍ ഖേരി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ അപേക്ഷ സമര്‍പ്പിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുധ്യം. കേസില്‍ പങ്കില്ലെന്ന് തെളിയിക്കാന്‍ ആശിഷ് പറഞ്ഞ കാര്യങ്ങള്‍ തെളിവുകള്‍ നിരത്തി പോലീസ് ഖണ്ഡിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അര മണിക്കൂര്‍ മാത്രമാണ് ആശിഷ് സഹകരിച്ചത്.

ടിക്കുനിയയില്‍ വാഹനം കയറ്റി കര്‍ഷകരെ കൊലപ്പെടുത്തുമ്പോള്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പോലീസിന് മുന്നില്‍ ആശിഷ് ഉയര്‍ത്തിയത്. എന്നാല്‍ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച പോലീസ് ആശിഷിന്റെ വാദം പൊളിച്ചു. ടിക്കുനിയയില്‍ തന്റെ ഉടമസ്ഥതയിലുള്ള റൈസ് മില്ലില്‍ ആയിരുന്നുവെന്നാണ് ആശിഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ അത് പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. വാദങ്ങള്‍ ദുര്‍ബലമായതോടെയാണ് അനിവാര്യമായ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്.

കര്‍ഷകരുടെ ദേഹത്തേക്ക് കയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറാണെന്നും പോലീസ് സ്ഥിരീകരിച്ചു. ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് ലഖിംപുര്‍ ഖേരി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ അപേക്ഷ സമര്‍പ്പിക്കും. ജാമ്യത്തിന് പ്രതിഭാഗം ശ്രമിക്കുമെങ്കിലും കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ അതിനു സാധ്യതയില്ല. ആശിഷ് അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കി. കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം അനുമതി തേടിയിട്ടുണ്ട്.

 

Latest