Kerala
തിരുവനന്തപുരത്ത് ഹോം നഴ്സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; ഏജന്‍സിക്കെതിരെ പരാതി
നേമം സ്വദേശി ഷീലയാണ് മലയിന്‍കീഴ് പോലീസിന് പരാതി നല്‍കിയത്.
തിരുവനന്തപുരം| തിരുവനന്തപുരത്ത് ഹോം നഴ്സിംഗ് മറയാക്കി തൊഴില്‍ ചൂഷണം നടക്കുന്നതായി പരാതി. തിരുവനന്തപുരം പേയാട് പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ചെയ്ത ജോലിക്ക് ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. നേമം സ്വദേശി ഷീലയാണ് മലയിന്‍കീഴ് പോലീസിന് പരാതി നല്‍കിയത്. ഏജന്‍സിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സാമൂഹിക മാധ്യമത്തിലെ പരസ്യം കണ്ടാണ് ഷീല ആശ്വാസ് ഹോം നഴ്സിംഗ് സ്ഥാപനത്തെ സമീപിച്ചത്. തിരുവനന്തപുരം കാലടിയിലുളള റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ഷീലയ്ക്ക് ജോലി നല്‍കിയത്. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ല. 25,000 രൂപയായിരുന്നു പറഞ്ഞുറപ്പിച്ച ശമ്പളമെന്നും പരാതിയില്‍ പറയുന്നു.
സ്ഥാപന ഉടമ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും സ്ഥാപനം പൂട്ടിക്കിടക്കുകയാണെന്നും ഷീല ആരോപിച്ചു. വീട്ടുടമസ്ഥനില്‍ നിന്ന് ഷീലയ്ക്കുവേണ്ടിയെന്ന് പറഞ്ഞ് പലതവണയായി സ്ഥാപന ഉടമ പണം വാങ്ങിയതായാണ് വിവരം. പരാതിയില്‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല.





