Connect with us

National

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വർദ്ധിക്കും: അമിത് ഷാ

തമിഴ്നാടിന് 20ഉം കേരളത്തിന് പത്തും തെലങ്കാനയ്ക്ക് ഒൻപതും ആന്ധ്ര പ്രദേശിന് 13ഉം സീറ്റുകൾ അധികമായി ലഭിക്കുമെന്ന് അമിത്ഷാ

Published

|

Last Updated

ന്യൂഡൽഹി | വനിതാ സംവരണ ബില്ലിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചു. മണ്ഡല പുനർനിർണ്ണയം നടക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാധാന്യം നഷ്ടപ്പെടുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പുനർനിർണ്ണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിക്കുമെന്ന് കണക്കുകൾ നിരത്തി അദ്ദേഹം അവകാശപ്പെട്ടു.

അമിത് ഷാ പുറത്തുവിട്ട കണക്കുകൾ പ്രകാരം തമിഴ്‌നാടിന് 20 സീറ്റുകൾ അധികമായി ലഭിക്കും. കേരളത്തിന് 10 സീറ്റുകളും തെലങ്കാനയ്ക്ക് 9 സീറ്റുകളും ആന്ധ്ര പ്രദേശിന് 13 സീറ്റുകളും അധികമായി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എം പി മാരുള്ള മഹാരാഷ്ട്രയിൽ 24 സീറ്റുകളുടെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2011 ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുക. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതോടെ എല്ലാ സംസ്ഥാനങ്ങൾക്കും കൂടുതൽ പ്രതിനിധികളെ പാർലമെന്റിലേക്ക് അയക്കാൻ സാധിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പാർലമെന്റിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളുമെന്നും ഹിന്ദി ബെൽറ്റിലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇത് ഫെഡറലിസം എന്ന തത്വത്തിന് വിരുദ്ധമാണെന്നും അവർ വാദിക്കുന്നു. വനിതാ സംവരണ ബില്ലിനെ തങ്ങൾ എതിർക്കുന്നില്ലെന്നും എന്നാൽ അത് മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് 2029 ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടിയുള്ള തന്ത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് പാർലമെന്റിലെ ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവിൽ ലോക്സഭയിൽ എൻ ഡി എ സഖ്യത്തിന് ആവശ്യമായ 360 സീറ്റുകൾ തികയ്ക്കാൻ 67 സീറ്റുകളുടെ കുറവുണ്ട്. രാജ്യസഭയിലും ഭൂരിപക്ഷത്തിന് 21 സീറ്റുകൾ കൂടി ഭരണപക്ഷത്തിന് ആവശ്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിൽ പാസാക്കുന്നത് സർക്കാരിന് വെല്ലുവിളിയാകും.

Summary

Union Home Minister Amit Shah clarified in Parliament that South Indian states will see an increase in Lok Sabha seats following the delimitation process. He provided a breakdown suggesting that Kerala will gain 10 seats and Tamil Nadu 20, aiming for a total of 850 seats in the House. However, the Opposition remains concerned that population-based delimitation might disadvantage southern states compared to the Hindi heartland.

Latest