Connect with us

National

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ,വധുവിന് ഒരു പവനും പട്ടുസാരിയും; ടിവികെയുടെ പ്രകടനപത്രിക പുറത്ത്

വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കും തമിഴ്‌നാട്ടിനെ ലഹരിയില്ലാത്ത സംസ്ഥാനമാകും.

Published

|

Last Updated

ചെന്നൈ| തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി വി കെ പാര്‍ട്ടി അധ്യക്ഷനായ വിജയ് പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. 60 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും. ഒരു കുടുംബത്തിന് പ്രതിവര്‍ഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകള്‍ നല്‍കും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ട് സാരിയും നല്‍കുമെന്ന് ടി വി കെ പ്രകടനപത്രികയില്‍ വിജയ് ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ നടത്തുന്ന സ്വയം സഹായ സംഘം യൂണിറ്റുകള്‍ക്ക് (SHGs) അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കും. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് കൊഴിഞ്ഞുപോകാതിരിക്കാന്‍ കുട്ടികളുടെ അമ്മമാര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ ധനസഹായവും വിജയ് ഉറപ്പുനല്‍കി.

വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കും തമിഴ്‌നാട്ടിനെ ലഹരിയില്ലാത്ത സംസ്ഥാനമാകും. ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ സമിതികള്‍ രൂപികരിക്കും. ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവര്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കും. പ്ലസ്ടു/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും. ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക സമിതി രൂപികരിക്കും. ഇതുവഴി 18000 രൂപ മാസ ശമ്പളത്തില്‍ അഞ്ചുലക്ഷം യുവതീ-യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കും.

കര്‍ഷകരുടെ അഞ്ചേക്കറില്‍ താഴെയുള്ള കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളും. കരിമ്പിന് മിനിമം താങ്ങുവില ടണ്ണിന് 4,500 രൂപയായും നെല്ലിന് ക്വിന്റലിന് 3,500 രൂപയായും ഉയര്‍ത്തുമെന്നും ടി വി കെ പ്രകടനപത്രികയിലുണ്ട്.

Latest