Kerala
തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി
ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഇല്ലായിരുന്നു
തിരുവനന്തപുരം| തിരുവനന്തപുരം പാറശാലയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെ എസ് ഇബി താത്കാലിക ജീവനക്കാരന്‍ മരിച്ചെന്ന് പരാതി. അമ്പൂരി സ്വദേശി സന്തോഷാണ് (46) മരിച്ചത്. ജോലിക്കിടെ സന്തോഷ് കുഴഞ്ഞുവീഴുകയും ഉടനെ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഇല്ലായിരുന്നു. ഓക്സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്നാണ് സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.
വൈകീട്ട് 5 മണിയോടെയാണ് സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്തോഷിന് ജീവനുണ്ടായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. പാറശാലയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രിക്ക് മുന്‍പില്‍ സന്തോഷിന്റെ സഹ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.




