Kerala
റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷി വീടിനകത്ത് മരിച്ച നിലയില്‍
ബാലചന്ദ്രക്ക് 13 വയസ്സുള്ളപ്പോഴാണ് പിതാവ് നരസപ്പയ്യ ഹന്തയേയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പര്‍ ചന്ദ്രന്‍ തലക്കടിച്ചു കൊന്നത്.
കാസര്‍കോട്| റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷിയായിരുന്ന ബാലചന്ദ്രന്‍ വീടിനകത്ത് മരിച്ച നിലയില്‍. മൂന്നു ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസെത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ബാാലചന്ദ്ര, ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു.
1985ലായിരുന്നു കൊലപാതകം നടന്നത്. ബാലചന്ദ്രക്ക് 13 വയസ്സുള്ളപ്പോഴാണ് പിതാവ് നരസപ്പയ്യ ഹന്തയേയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പര്‍ ചന്ദ്രന്‍ തലക്കടിച്ചു കൊന്നത്. വീട്ടുവരാന്തയില്‍ ഉറങ്ങുകയായിരുന്നു വിശ്വനാഥനെ ആദ്യം തലക്കടിച്ചു കൊന്നു. തുടര്‍ന്ന് അകത്തു കയറി നരസപ്പയ്യ ഹന്തെയെ തലക്കടിച്ചു. ഭാര്യയേയും ആക്രമിച്ചു. കൊലപാതകം നടക്കുമ്പോള്‍ ബാലചന്ദ്രയും രണ്ട് സഹോദരിമാരും വീട്ടിലുണ്ടായിരുന്നു.
14 കൊലക്കേസുകളില്‍ പ്രതിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. വാമഞ്ചൂര്‍ കൊലക്കേസില്‍ ബാലചന്ദ്രയുടെ മൊഴി കണക്കിലെടുത്താണ് റിപ്പര്‍ ചന്ദ്രന് തൂക്കു കയര്‍ വിധിച്ചത്. മറ്റു കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷയായിരുന്ന ലഭിച്ചത്. രാഷ്ട്രപതി ദയാഹരജി തള്ളിയതോടെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊന്നത്.





