National
മുസ്ലിം വ്യക്തിനിയമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി
മുസ്ലിം വ്യക്തിനിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധവും സ്ത്രീകളോട് വിവേചനം കാണിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി
ന്യൂ ഡൽഹി | മുസ്ലിം വ്യക്തിനിയമത്തിലെ (ശരീഅത്ത്) ചില വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധവും സ്ത്രീകളോട് വിവേചനം കാണിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്.
പൗലോമി പവിനി ശുക്ല, ന്യായ നാരി ഫൗണ്ടേഷൻ എന്നിവർക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി നടപടി. 1937 ലെ മുസ്ലിം വ്യക്തിനിയമ പ്രകാരമുള്ള നിലവിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ സ്ത്രീകൾക്ക് പുരുഷന്മാരുടെ പകുതിയോ അതിൽ കുറവോ ഓഹരി മാത്രമേ നൽകുന്നുള്ളൂ എന്നും ഇത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
പിന്തുടർച്ചാവകാശം എന്നത് സിവിൽ സ്വഭാവമുള്ള കാര്യമാണെന്നും അത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അത്യാവശ്യ മതപരമായ ആചാരങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ വാദിച്ചു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് കുറഞ്ഞ വിഹിതം നൽകുന്നത് വ്യക്തമായ വിവേചനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയത്.
Summary
The Supreme Court has issued a notice to the Central Government regarding a Public Interest Litigation (PIL) that challenges the constitutional validity of specific provisions in the Muslim Personal Law (Shariat) Application Act, 1937. The petition argues that the existing inheritance rules are discriminatory as they often grant women significantly smaller shares compared to men. Advocate Prashant Bhushan contended that matters of succession are civil and do not fall under protected essential religious practices.





