Education
നീറ്റ് പരീക്ഷ എഴുതുന്നവർക്ക് ഗൂഗിളിന്റെ വക 'സൗജന്യ' പരിശീലനം: മോക്ക് ടെസ്റ്റുകൾ ഇനി വിരൽത്തുമ്പിൽ!
ഗൂഗിൾ ഇന്ത്യയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ന്യൂഡൽഹി | രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു ജി എഴുതുന്ന വിദ്യാർത്ഥികൾക്കായി ജെമിനി ആപ്പ് വഴി സൗജന്യ മോക്ക് ടെസ്റ്റുകൾ ഗൂഗിൾ ഇന്ത്യ ലഭ്യമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഫുൾ ലെങ്ത് പ്രാക്ടീസ് ടെസ്റ്റുകൾ ഗൂഗിൾ അവതരിപ്പിച്ചത്.
ഗൂഗിൾ ഇന്ത്യയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ജെമിനി ആപ്പിൽ പ്രവേശിച്ച് ‘ഐ വാണ്ട് ടു ടേക്ക് എ നീറ്റ് മോക്ക് ടെസ്റ്റ്’ എന്ന് പറയുന്നതിലൂടെ പരീക്ഷാ പരിശീലനം ആരംഭിക്കാൻ സാധിക്കും. നിർമ്മിത ബുദ്ധി അഥവാ എ ഐ സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വിദ്യാർത്ഥികൾക്ക് യഥാർത്ഥ പരീക്ഷ എഴുതുന്ന അതേ അനുഭവം നൽകുന്ന രീതിയിലാണ് ഈ മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളിലും രാജ്യങ്ങളിലും കൂടുതൽ പ്രാക്ടീസ് ടെസ്റ്റുകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്‌വാർഡ് എക്സിൽ കുറിച്ചു. ഇന്ത്യയിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിൽ ഒന്നായ നീറ്റ് യു ജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഈ സൗജന്യ സേവനം വലിയ സഹായമാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഈ പരിശീലനം വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും ഗൂഗിൾ പ്രതീക്ഷിക്കുന്നു.
Summary
Google India has introduced free, full-length NEET UG mock tests on its Gemini App to support medical aspirants in their exam preparation. Students can initiate the practice tests by simply asking the app to start a mock test, providing a user-friendly and interactive learning experience. This AI-driven initiative aims to make high-quality exam resources accessible to lakhs of students across India.





