Editors Pick
മാക് ഒ എസിനായി പുതിയ ഡെഡിക്കേറ്റഡ് ആപ്പ് അവതരിപ്പിച്ച് ജെമിനി
മാക് ബുക്ക് ഉപയോക്താക്കൾക്ക് കീബോർഡിലെ ഓപ്ഷൻ, സ്പേസ് എന്നീ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ജെമിനി ആപ്പിലേക്ക് പ്രവേശിക്കാൻ സാധിക്കും.
കാഫോർണിയ | ഗൂഗിളിന്റെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ജെമിനി ഇനി മുതൽ മാക് ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ആപ്ലിക്കേഷനായി ലഭ്യമാകും. ബ്രൗസറുകളിൽ ടാബുകൾ മാറി മാറി ഉപയോഗിക്കുന്നതിന് പകരം മാക് ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ജെമിനി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡെസ്ക്ടോപ്പ് ആപ്പ് ഗൂഗിൾ പുറത്തിറക്കിയത്.
മാക് ബുക്ക് ഉപയോക്താക്കൾക്ക് കീബോർഡിലെ ഓപ്ഷൻ, സ്പേസ് എന്നീ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ജെമിനി ആപ്പിലേക്ക് പ്രവേശിക്കാൻ സാധിക്കും. വെബ് ആപ്ലിക്കേഷനുകളിൽ മാത്രം പരിമിതപ്പെട്ടിരുന്ന എൽ എൽ എം സേവനങ്ങൾ ഇതോടെ ഡെസ്ക്ടോപ്പുകളിലും കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനാകും.
ജെമിനിയുടെ മികച്ച ഫീച്ചറുകളായ നാനോ ബനാന ഇമേജ് ജനറേഷൻ, വീഡിയോ, മ്യൂസിക് ക്രിയേഷൻ എന്നിവയെല്ലാം പുതിയ ആപ്പിലൂടെ കുറഞ്ഞ ക്ലിക്കുകളിൽ തന്നെ ലഭ്യമാണ്. മൊബൈൽ ആപ്പിലേതിന് സമാനമായി മറ്റ് വിൻഡോകളിൽ നിന്നുള്ള വിവരങ്ങൾ തത്സമയം പങ്കുവെക്കാനും അതിലെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാനും ഇതിലൂടെ സാധിക്കും. വെബ് പേജുകൾക്ക് പുറമെ കമ്പ്യൂട്ടറിലെ ലോക്കൽ ഫയലുകളിലും ഈ സേവനം ലഭ്യമാകുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
മാക് ഒ എസ് 15 ഓ അതിന് മുകളിലുള്ള പതിപ്പുകളോ ഉപയോഗിക്കുന്ന എല്ലാവർക്കും ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. gemini.google/mac എന്ന ലിങ്കിലൂടെ ആപ്പ് ലഭ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേഴ്സണൽ അസിസ്റ്റന്റ് ഫീച്ചറുകൾ ഉൾപ്പെടുത്തി ആപ്പ് വിപുലീകരിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
Summary
Google has launched a dedicated native app for Gemini on MacOS, providing users with faster access via the Option + Space keyboard shortcut. The app supports advanced features like image, video, and music generation, and allows users to share context from both browser windows and local files. Available for MacOS 15 and up, this release marks Google’s step toward creating a powerful, proactive desktop AI assistant.






