Connect with us

അനുസ്മരണം

കുണ്ടൂർ ഉസ്താദ്: നൈരന്തര്യത്തിന്റെ സർഗ നിലാവ്

Published

|

Last Updated

ജ്ഞാന പ്രഭയും ആത്മീയ സൗരഭവും സമം ചേർത്ത് പ്രവാചകാനുരാഗത്തിന്റെ കുളിർമഴ വർഷിച്ച് വിശ്വാസി ഹൃദയങ്ങളെ തരളിതമാക്കിയ മഹാമനീഷി, മർഹൂം ആശിഖു റസുൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്്ലിയാർ വിടപറഞ്ഞിട്ട് പതിനാറാണ്ട് തികയുകയാണ്. കവിതകളിൽ ജനിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന പ്രവാചക പിരിശമായിരുന്നില്ല ആ സാത്വികന്റേത്. നടപ്പും ശീലങ്ങളും ഇടപാടുകളും സമീപനങ്ങളും എല്ലാം തിരു പ്രവാചക (സ്വ) രോടുള്ള അടങ്ങാത്ത നിഷ്‌കളങ്ക സ്നേഹത്തിൽ നിന്ന് മുളപൊട്ടിയതായിരുന്നു. അതിന്റെ നിഷ്കപടമായ ബഹിർഗമനമായിരുന്നു ഏച്ചുകെട്ടലുകളോ സങ്കീർണതകളോ സാഹിത്യ ഗിമ്മിക്കുകളോ ഇല്ലാത്ത സരളമായ ആ കീർത്തനങ്ങൾ.

പഠന കാലത്തു തന്നെ ഭാഷാ പഠനങ്ങളിൽ തൽപരനായ കുണ്ടൂരുസ്താദ് സാഹിത്യ തത്്പരനായ കൂട്ടുകാരുടെയും ഗുരുക്കന്മാരുടെയും സ്വാധീനത്തിൽ കാവ്യലോകത്തേക്ക് ചുവട് വെക്കുക സ്വാഭാവികം.

എന്നാൽ തന്റെ പ്രണയ ലോകത്തേക്ക് സഹചാരികളേയും സൗഹൃദകൂട്ടായ്മയേയും ആനയിക്കുക മാത്രമായിരുന്നില്ല ആ പ്രവാചക പ്രേമിയുടെ ദൗത്യം. ഏതൊരു മുസ് ലിമിന്റെ ചുണ്ടിലും ആരംഭപ്പൂവായ മുത്ത് നബിയെ വിരിയിക്കാൻ ആ സർഗപ്രതിഭക്ക് കഴിഞ്ഞു. ഇമാം ബൂസൂരി (റ) യുടെ ഖസീദത്തുൽ ബുർദ അടക്കമുള്ള പ്രകീർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്തതും ഏറെ ശ്രദ്ധേയമാണ്.

ചെറുപ്രായത്തിൽ തന്നെ പിതാവ് വിടപറഞ്ഞു. കൂടുതൽ കളിതമാശകളില്ലാതെയും അനാവശ്യങ്ങളിൽ ഏർപ്പെടാതെയും പക്വതയും ചിട്ടയും തന്റേടവുമുള്ള ഒരു മുതഅല്ലിമായി ഉസ്താദ് വളർന്നു. അനവധി ഗുരുനാഥന്മാരെയും ശിഷ്യഗണങ്ങളെയും സമ്പാദിക്കുകയും ആർജിച്ചെടുത്ത ഇൽമിനെയും ഇഷ്ഖിനെയും ഊർജമാക്കി ജനഹൃദയങ്ങളിലേക്ക് ഇസ്്ലാമിന്റെ ആത്മീയ സൗന്ദര്യം പകർന്നു കൊടുക്കാനും ഉസ്താദിന് സാധിച്ചു. കുഴഞ്ഞുമറിഞ്ഞ സാമൂഹിക പ്രശ്‌നങ്ങളിൽ പരിഹാരമായും നീറുന്ന വേദനകൾക്ക് ഔഷധമായും പലപ്പോഴും ഉസ്താദിന്റെ ഇടപെടലുകൾ മാറി.

മികച്ച സാമൂഹിക സേവനത്തിന് കൈരളി ചാർത്തിയ വിളിപ്പേരായിരുന്നു തെന്നിന്ത്യയിലെ ഗരീബ് നവാസ്. നിരാലംബരെയും അനാഥരെയും ചേർത്തുപിടിച്ചു. അധ്യയന കാലം കഴിയുന്നതോടെ സേവനരംഗം വികസിക്കുകയായിരുന്നു. പള്ളികൾ, മദ്‌റസകൾ, സ്‌കൂളുകൾ, റോഡുകൾ, കിണറുകൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനോടുന്ന പാവങ്ങളെ കണ്ടെത്തി മതിയായ ഇടപെടലുകൾ നടത്തി, ഒട്ടനവധി സാമൂഹിക സംഭാവനകൾക്കും സാന്ത്വന പ്രവർത്തനങ്ങൾക്കും ഉസ്താദ് നേതൃത്വം നൽകി. അതോടൊപ്പം മികച്ച സംഘാടകനും പ്രവർത്തകനുമായിരുന്നു ഉസ്താദ്. പ്രാസ്ഥാനിക മുഖപത്രമായ സിറാജ് തലയിലേറ്റി വീടുവീടാന്തരം വിതരണം ചെയ്തു. ഇഷ്ടക്കാരും മറ്റും നൽകുന്ന ഹദിയകൾ വീട്ടിൽ എത്തുമ്പോഴേക്ക് ദാനം കൊടുത്ത് തീർന്നുപോയി.

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി പാലിച്ചുകൊണ്ടാണെങ്കിലും ഈ വർഷവും കുണ്ടൂർ ഗൗസിയ്യ പരിസരത്ത് ഉറൂസ് നടക്കുകയാണ്. സംഘടനാ കുടുംബത്തിന് പ്രാസ്ഥാനിക സമ്മേളനം പോലെയാണ് ഉറൂസ്. വിശക്കുന്നവന് അന്നവും ജ്ഞാനാർത്തിക്ക് അറിവനുഭവങ്ങളും ആസ്വാദകന് സർഗപെയ്ത്തുകളും സാധകന് ആത്മീയ പിയൂഷവും അവിടെ മതിവരുവോളം കിട്ടും. ലോറികളിൽ വരുന്ന പഴക്കുലകളും നേർച്ചയാക്കപ്പെടുന്ന പോത്തുകളും വെച്ചുവിളമ്പുന്ന കിന്റൽ കണക്കായ ഭക്ഷ്യവിഭവങ്ങളും പറയുന്ന ചില നിർവൃതിയുടെ കഥകളുണ്ട്. ഖുർആൻ പറഞ്ഞത് ശരിയാണ് ‘മനുഷ്യന് അവൻ അധ്വാനിച്ചതിന്റെ ഫലമേ അനുഭവിക്കാനാവൂ’. ജീവിതത്തിൽ വിശക്കുന്ന മനുഷ്യന് പഴവും പുട്ടും പൊറോട്ടയും നെയ്‌ച്ചോറും പോത്തിറച്ചിയും കൊടുത്ത ആ മഹാനുഭാവന് അതിന്റെ ഫലം ഖബറിൽ അനുഭവിക്കാനാവും എന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകളുണ്ടവിടെ. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഹദിയയും ദാനവുമായി. പാരായണങ്ങൾ മാത്രമല്ല, വലിയ സ്വദഖ:കളും അവിടുത്തെ ഖബറിലെത്തുന്നു. ഓരോ ഉറൂസിലും അതിന്റെ നേർസാക്ഷ്യങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതമാണ് നമ്മുടെ മരണാനന്തര സൗഭാഗ്യങ്ങൾ നിർണയിക്കുന്നത്. അല്ലാഹു അവിടുത്തെ പദവികൾ ഉയർത്തട്ടെ, ബർസഖീ ജീവിതം സന്തോഷ ദായകമാക്കട്ടെ…

 

Latest