Connect with us

Kerala

കുടുംബശ്രീയുടെ അമ്മത്തണല്‍ പദ്ധതി സംസ്ഥാന തലത്തിലേക്ക്

ഉദ്ഘാടനം എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും

Published

|

Last Updated

കാസര്‍കോട് | 2022ല്‍ കാസര്‍കോട് ജില്ലയില്‍ തുടക്കമിട്ട കുടുംബശ്രീ മിഷന്റെ ‘അമ്മത്തണല്‍’ പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലെ 16 സ്‌കൂളുകളിലാണ് പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ പദ്ധതി നടപ്പാക്കിയത്. ഇതിന് രക്ഷിതാക്കളില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും മുന്‍കൈയെടുത്താണ് ഇക്കാര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തിയത്. കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയി തിരിച്ചെത്തുന്നത് വരെ കടുത്ത ആകുലതയില്‍ കഴിയുന്ന മാതാക്കളെ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ‘മാ കെയര്‍’ സെന്ററുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുക. സ്‌കൂളിലെത്തിയാലുള്ള കുട്ടികളുടെ ഭക്ഷണ രീതി, സുരക്ഷിതത്വം, സ്വഭാവം, പെരുമാറ്റം എന്നിവയില്‍ മാതാക്കള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്നതാണ് ലക്ഷ്യം. കണ്ണൂര്‍ ജില്ലയില്‍ ‘സ്‌കൂഫെ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആദ്യഘട്ടം 250 വിദ്യാലയങ്ങളിലെങ്കിലും ‘മാ കെയര്‍’ സെന്ററുകള്‍ തുടങ്ങാനാണ് കുടുംബശ്രീ ജില്ലാ മിഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്. അധികം വൈകാതെ ആയിരം വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ കെ ടി ജിതിന്‍ സിറാജിനോട് പറഞ്ഞു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്ന് കാസര്‍കോട് ജില്ലയില്‍ ഏഴ് സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പാക്കും. ഈ മാസം അവസാനത്തോടെ ജില്ലയിലെ 60 സ്‌കൂളുകളില്‍ മാ കെയര്‍ സെന്ററുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കുട്ടികള്‍ പല ആവശ്യങ്ങള്‍ക്കും സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്തുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലാ കുടുംബശ്രീ മിഷന്‍ ‘മാ കെയര്‍’എന്ന ആശയം അവതരിപ്പിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് പ്രവര്‍ത്തിക്കുന്ന ‘മാ കെയര്‍’ സെന്ററുകളില്‍ പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങളും സ്റ്റേഷനറി സാധനങ്ങളും പെണ്‍കുട്ടികള്‍ക്കായുള്ള നാപ്കിന്‍ തുടങ്ങിയ എല്ലാ അവശ്യവസ്തുക്കളും ലഭ്യമാക്കും. ഇതുവഴി കുട്ടികള്‍ സ്‌കൂളിന് പുറത്തുനിന്ന് വിഷലിപ്തമായ ഭക്ഷണങ്ങളും ലഹരിപദാര്‍ഥങ്ങളും വാങ്ങിക്കഴിക്കുന്ന സാഹചര്യം തടയാനാകും. രാവിലെ 7.30 മുതല്‍ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കുന്ന ‘മാ കെയര്‍ സെന്ററു’കളില്‍ വിപണി വിലയേക്കാള്‍ മിതമായ നിരക്കിലാണ് സാധനങ്ങള്‍ ലഭ്യമാക്കുക.

 

Latest