kt jaleel
തിരുമേനിമാരുടെ ബി ജെ പി പ്രേമം കോണ്‍ഗ്രസ്സിന്റെ ആപ്പീസ് പൂട്ടിക്കാനുള്ള നീക്കമെന്ന് കെ ടി ജലീല്‍
കോണ്‍ഗ്രസ് അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ അപകടം

കോഴിക്കോട് | ചില തിരുമേനിമാരുടെ ബി ജെ പി പ്രേമം കോണ്‍ഗ്രസ്സിന്റെ ആപ്പീസ് പൂട്ടിക്കാനുള്ള നീക്കമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍.
ക്രൈസ്തവര്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ്. അവരെ അകറ്റാനുള്ള ചിലരുടെ നീക്കത്തെ കോണ്‍ഗ്രസ് എത്രയും വേഗം തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടം ഉണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ കാര്യം നിസ്സാരമായി കണ്ടവര്‍ യാഥാര്‍ഥ്യം തിരിച്ചറിയണം. തങ്ങള്‍ അകപ്പെട്ട കേസു കൂട്ടങ്ങളില്‍ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. പുരോഹിതന്‍മാരുടെ സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വിശ്വാസികളെ വിട്ട് കൊടുത്ത് മിണ്ടാതിരിക്കരുത്. സമാന്തര കേമ്പയിന്‍ എത്രയും വേഗം ആരംഭിക്കണം.
വിരലിലെണ്ണാവുന്ന പുരോഹിതന്‍മാരുടെ ബി ജെ പി പ്രേമത്തെ തള്ളിപ്പറയാന്‍ യു ഡി എഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുത്. ബി ജെ പിയുടെ ആലയത്തില്‍ സാധാരണ ഭക്തര്‍ എത്തിപ്പെടുന്നതിന് മുമ്പ് തുടങ്ങണം രാഷ്ട്രീയ പ്രചരണം. ഫാഷിസ്റ്റ് വലയില്‍ വീണാല്‍ അവരെ തിരിച്ചു പിടിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നീട് ഖേദിക്കും-ജലീല്‍ ചൂണ്ടിക്കാട്ടി.
ഒരേഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബി ജെ പിക്കില്ല എന്നുള്ളതാണ്. എത്ര തലകുത്തി മറിഞ്ഞാലും ആരെ വിലക്കെടുത്താലും ബി ജെ പി കേരളത്തില്‍ രക്ഷപ്പെടില്ല. ഇത് അഭിമാന ബോധമുള്ള ക്രൈസ്തവര്‍ തിരിച്ചറിയും. മുസ്ലിം-ക്രൈസ്തവ അകല്‍ച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബി ജെ പി നീക്കത്തിന് തടയിടാന്‍ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കന്‍മാര്‍ രംഗത്തുവരണം.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആരോഗ്യവതിയാക്കാന്‍ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ല. മൃതദേഹത്തില്‍ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ആളുകളുടെ കുടിയിറക്കമെന്നും ജലീല്‍ തന്റെ ഫെയ്‌സബുക്ക് കുറിപ്പില്‍ പറഞ്ഞു.