Kerala
കെ പി സി സി അധ്യക്ഷന്‍; തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്ന് കെ മുരളീധരന്‍
പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും.

കല്‍പ്പറ്റ | കെ പി സി സി അധ്യക്ഷന്റെ വിഷയത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരന്‍. വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനത്തെ മുരളീധരന്‍ ശരിവക്കുകയും ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ചിരുന്നത്. ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് അതിനുള്ള ആരോഗ്യം പാര്‍ട്ടിക്കില്ലാത്തതു കൊണ്ടാണ്. യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിര്‍ന്ന നേതാക്കള്‍ കാണിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ആത്മവിശ്വാസം തകര്‍ക്കരുത്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നിലവിലെ നേതൃത്വം തുടരുകയാണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തണം. വരാന്‍ പോകുന്നത് അങ്കണ്‍വാടി ക്ലാസ് ലീഡറുടെ തിരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോയാല്‍ ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കും. എന്നിങ്ങനെ പോയി രാഹുലിന്റെ പരാമര്‍ശങ്ങള്‍.