Kerala
എന്‍ എം വിജയന്റെ കടബാധ്യത പാര്‍ട്ടി തീര്‍ക്കുമെന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും കുടുംബത്തെ അറിയിച്ചില്ല
സെപ്റ്റംബര്‍ 30 നുള്ളില്‍ തന്നെ അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കണം. അല്ലാത്തപക്ഷം ഒക്ടോബര്‍ രണ്ടിന് ഡി സിസിക്ക് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കുമെന്നും പത്മജ പറഞ്ഞു

തിരുവനന്തപുരം | പാര്‍ട്ടിക്കുവേണ്ടിയുണ്ടാക്കിയ വലിയ കടബാധ്യതയെ തുടര്‍ന്ന് മകനോടൊപ്പം ജീവനൊടുക്കിയ വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ കടബാധ്യത പാര്‍ട്ടി തീര്‍ക്കുമെന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും അക്കാര്യം ഇതുവരെ കുടുംബത്തെ അറിയിച്ചില്ല.
അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കുമെന്ന ഉറപ്പ് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ അക്കാര്യം അറിയിച്ചിട്ടില്ലെന്നും എന്‍ എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. ഇന്നലെ മാധ്യമങ്ങളിലൂടെയാണ് കെ പി സിസി പ്രസിഡന്റിന്റെ പ്രതികരണം കണ്ടതെന്നും പത്മജ പറഞ്ഞു. സെപ്റ്റംബര്‍ 30 നുള്ളില്‍ തന്നെ അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കണം. അല്ലാത്തപക്ഷം ഒക്ടോബര്‍ രണ്ടിന് ഡി സിസിക്ക് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കുമെന്നും പത്മജ പറഞ്ഞു.
ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കുടുംബത്തിന്റെ ബാധ്യത എന്നാണ്. എന്‍ എം വിജയന് വന്ന ബാധ്യത പാര്‍ട്ടിക്കുവേണ്ടിയാണ് എന്നും പത്മജ ചൂണ്ടിക്കാട്ടി. കരാറിലെ മൂന്ന് കാര്യങ്ങള്‍ എന്നത് കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബത്തിനും മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും പത്മജ പറഞ്ഞു. ഇന്നലെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്‍ എം വിജയന്റെ അര്‍ബന്‍ ബാങ്കിലെ കടബാധ്യത തീര്‍ക്കുമെന്ന് അറിയിച്ചത്.