Connect with us

Nipah virus

കോഴിക്കോട് നിപ്പ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 12കാരൻ മരിച്ചു

മസ്തിഷ്‌ക ജ്വരവും ഛര്‍ദിയുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് നിപ്പ വൈറസ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 12 വയസ്സുകാരൻ മരിച്ചു.  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ച കുട്ടിയാണ് ഞായറാഴ്ച പുലർച്ചെ 4.45ഓടെ മണിയോടെ മരിച്ചത്. നാല് ദിവസം മുമ്പ് മസ്തിഷ്‌ക ജ്വരവും ഛര്‍ദിയുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ആരോഗ്യവകുപ്പിന് കെെമാറിയതായാണ് സൂചന.

ഞായറാഴ്ച പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. 12 മണിക്ക് ഉന്നത തല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

കുട്ടിയുടെ അടുത്ത ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരേയും നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

2018ല്‍ കേരളത്തിലാദ്യമായി കോഴിക്കോട്ട് നിപ്പ വൈറസ് ബാധിച്ച് 18 പേര്‍ മരിച്ചിരുന്നു. അന്ന് പേരാമ്പ്രയിലായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ൽ കൊച്ചിയിലും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാനായിരുന്നു.

Latest