Connect with us

vm koya master

കോയ മാസ്റ്റര്‍: എന്റെ സഹപ്രവര്‍ത്തകന്‍

ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ എന്നിവരോടൊപ്പം എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയും സെക്രട്ടറിയായി അനേകകാലം സേവനം ചെയ്യുകയുമുണ്ടായി.

Published

|

Last Updated

സുന്നി സംഘടനാ രംഗത്ത് വി എം കോയ മാസ്റ്ററെ അറിയാത്തവരായി ആരുമുണ്ടാകില്ല. പ്രഭാഷണം, പെരുമാറ്റം, സംഘടനാ പ്രവര്‍ത്തനം, സാമൂഹിക ഇടപെടലുകള്‍ എന്നീ സവിശേഷ കഴിവുകളാല്‍ ഏവര്‍ക്കും വളരെയേറെ സുപരിചിതനായിരുന്നു അദ്ദേഹം. വാഴക്കാട് ദാറുല്‍ ഉലൂമില്‍ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ വാഴക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുകയും പത്താം ക്ലാസ്സിന് ശേഷം തുടര്‍പഠനം നടത്തി അധ്യാപന രംഗത്ത് സേവനമനുഷ്ഠിച്ചു വരികയും ചെയ്തു. ശംസുല്‍ ഉലമ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ മിക്ക പണ്ഡിതരുമായും അദ്ദേഹം അഭേദ്യമായ ബന്ധം സ്ഥാപിച്ചിരുന്നു.

1964 മുതല്‍ കേരളത്തിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങള്‍ എന്നിവരോടൊപ്പം എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുകയും സെക്രട്ടറിയായി അനേകകാലം സേവനം ചെയ്യുകയുമുണ്ടായി. ഇക്കാലയളവില്‍ ഓരോ പ്രദേശത്തും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സുന്നിവോയ്സിന് വരിക്കാരെ ചേര്‍ക്കുന്നതിനും നിരന്തരം യാത്ര ചെയ്യുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 1974ല്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച വേളയിലാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത്. സുന്നത്ത് ജമാഅത്തിന് വേണ്ടി പണ്ഡിതന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭൗതിക രംഗത്തുള്ളവര്‍ അക്കാലത്ത് വളരെ കുറവായിരുന്നു. ദര്‍സ് പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയെന്ന സവിശേഷത കൂടിയുള്ള കോയ മാസ്റ്റര്‍ക്കൊപ്പം മത പ്രവര്‍ത്തനങ്ങള്‍ക്കും മര്‍കസിന്റെ പ്രചാരണത്തിനുമായി മുംബൈയിലും മദ്രാസിലും കുടകിലും ഒരുമിച്ച് യാത്രകള്‍ ചെയ്തു.

കോഴിക്കോട് നഗരത്തില്‍ സുന്നികള്‍ക്ക് വലിയ അഭിമാനവും അന്തസ്സും ഉണ്ടാക്കിയ സന്ദര്‍ഭമായിരുന്നു 1976ല്‍ കുറ്റിച്ചിറയില്‍ പുത്തനാശയക്കാരുമായുണ്ടായ സംവാദം. ആ സംവാദത്തിന്റെ സംഘാടകരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു കോയ മാസ്റ്റര്‍. കോഴിക്കോട് പട്ടണത്തിലെ വിവിധയിടങ്ങളിലുള്ള മസ്ജിദുകളുടെ നിര്‍മാണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അദ്ദേഹം വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു. മര്‍കസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ആരംഭിച്ച ദീനീ സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിച്ചതും കോയ മാസ്റ്ററായിരുന്നു. 1984ല്‍ സിറാജ് ദിനപത്രത്തിന്റെ ആരംഭകാലം മുതല്‍ അതിന്റെ പ്രചാരണത്തിനായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു. മര്‍കസിന്റെ പ്രധാന വരുമാന മാര്‍ഗമായ ധര്‍മപെട്ടികള്‍ സ്ഥാപിക്കുന്നതിന് മര്‍ഹൂം ഹൈദര്‍ ഹാജി, ആലിക്കുട്ടി മാസ്റ്റര്‍, മൊയ്തീന്‍ഷാ മാസ്റ്റര്‍ തുടങ്ങിയവരോടൊപ്പം കോയ മാസ്റ്ററും മുന്നിലുണ്ടായിരുന്നു. മാനവികതയുടെ സന്ദേശമുണര്‍ത്തി സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് കേരള യാത്രകളിലും അദ്ദേഹം മുഴുസമയവും എന്നോടൊപ്പമുണ്ടായിരുന്നു. പണ്ഡിതരോടും സയ്യിദുമാരോടും വളരെയേറെ ബഹുമാനവും ആദരവും പുലര്‍ത്തിയ അദ്ദേഹം ഏത് പ്രതിസന്ധിയിലും അവര്‍ക്കൊപ്പം നിലകൊണ്ടു.

യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുകയും വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. പല സ്ഥലങ്ങളിലും തര്‍ക്കപരിഹാരങ്ങള്‍ക്കും രമ്യസംഭാഷണങ്ങള്‍ക്കുമായി അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വയനാട് പൊഴുതനയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നമുണ്ടാകുകയും പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയിലെത്തുകയും ചെയ്തപ്പോള്‍ പരിഹരിക്കുന്നതിനായി എന്നെയും എ സി എസ് വീരാന്‍ മുസ്‌ലിയാരെയും കൂട്ടിക്കൊണ്ടുപോകുകയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയുമുണ്ടായി.
ഇത്രയേറെ വാഹന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് ക്ഷണിക്കപ്പെട്ട ഓരോ കുഗ്രാമങ്ങളിലും അദ്ദേഹം എത്തുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അധ്യാപന ജോലിക്കിടയിലും ദര്‍സില്‍ നിന്ന് പഠിച്ച മതവിജ്ഞാനം ഉപകാരപ്രദമാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത വഴിയായിരുന്നു ഈ പ്രഭാഷണങ്ങള്‍. ഇങ്ങനെ പ്രഭാഷണങ്ങള്‍ നടത്തി എത്രയോ ഗ്രാമങ്ങളില്‍ മദ്‌റസയും പള്ളിയും ദര്‍സും യതീംഖാനയും അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ചിട്ടുണ്ട്. തന്റെ നാട്ടിലും ബന്ധുക്കള്‍ക്കിടയിലും സംഘടനാ പ്രവര്‍ത്തകര്‍ക്കിടയിലും വല്ല രോഗികളും ഉണ്ടെന്നറിഞ്ഞാല്‍ സമയം കണ്ടെത്തി അവരെ സന്ദര്‍ശിക്കുന്നതിലും വേണ്ട സേവനങ്ങള്‍ ചെയ്തു നല്‍കുന്നതിലും അദ്ദേഹം ഉത്സാഹിച്ചു. കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണല്ലോ അദ്ദേഹത്തിന്റെ ഈ ആകസ്മിക വേര്‍പാടുണ്ടാകുന്നത്. അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍, വയോജന-വിധവാ പുനരധിവാസ കേന്ദ്രങ്ങള്‍, രോഗീ പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങി താന്‍ നേതൃത്വം നല്‍കുന്ന ബോര്‍ഡിന് കീഴില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പൊതു പുരോഗതിക്ക് വേണ്ടിയും അന്തേവാസികളുടെ ക്ഷേമത്തിന് വേണ്ടിയും 77ാം വയസ്സിലും അവസാന നിമിഷം വരെയും അദ്ദേഹം ഉത്സാഹിച്ചു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി