Connect with us

Kerala

ഉള്ളാളില്‍ കൊച്ചി സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തി; കാസര്‍കോട്ടുകാരനായ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട് സ്വദേശി ജോസഫ് ഫ്രാന്‍സിസിനെ (54)യാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

മംഗളൂരു | ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചി സ്വദേശിനിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ജോസഫ് ഫ്രാന്‍സിസിനെ (54)യാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്.

ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പോലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഷൈമയുടെ തലയിലേറ്റ മാരകമായ മുറിവാണ് മരണ കാരണമെന്ന് തെളിഞ്ഞു. മെയ് 11ന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോസഫ് ഭാര്യയെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് തലക്കടിച്ചിരുന്നുവെന്നും, ഇതാണ് മരണത്തിന് കാരണമായതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഷൈമ വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് ചോദ്യം ചെയ്യലിനിടെ ജോസഫ് ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി കള്ളമാണെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെ തെളിയുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഷൈമയെ ദേര്‍ളക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജോസഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോസഫ് പെട്രോള്‍ ബങ്കുകള്‍ നിര്‍മിക്കുന്ന കരാറുകാരനാണ്. ഷൈമ ജോസഫിന്റെ മദ്യപാനം എതിര്‍ത്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. രണ്ട് കുട്ടികളുണ്ട്.

 

Latest