Connect with us

Kerala

കൊച്ചി അല്‍ റീമില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഷിഗെല്ല: ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസ്

കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിളുകളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്

Published

|

Last Updated

കൊച്ചി| കൊച്ചി കത്രിക്കടവിലെ അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാകാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരണം. ഭക്ഷ്യവിഷബാധയേറ്റ് കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിളുകളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കൊച്ചി നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച അന്‍പതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കം, ഛര്‍ദ്ദി, കടുത്ത പനി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയായിരുന്നു ഇവരെ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 27 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

മൂന്നുപേരുടെ പരിശോധനാഫലം പോസിറ്റീവായ സാഹചര്യത്തില്‍, ചികിത്സയിലുള്ള മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കൃത്യമായി മനസിലാക്കാനും കൂടുതല്‍ പേരില്‍ ബാക്ടീരിയ സാന്നിധ്യമുണ്ടോ എന്ന് ഉറപ്പാക്കാനുമാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. മന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസില്‍ നിന്നാണ് ഷിഗെല്ല ബാക്ടീരിയ പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മയോണൈസ് കഴിക്കാതെ ചിക്കന്‍ വിഭവങ്ങള്‍ മാത്രം കഴിച്ച ചിലരിലും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിനെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഹോട്ടലില്‍ നിന്നും ശേഖരിച്ച ഭക്ഷണ സാമ്പിളുകളും ജലസാമ്പിളുകളും വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Content Highlights:
Shigella bacteria has been confirmed as the cause of food poisoning at Al Reem Hotel in Kathrikadavu, Kochi. Around 50 people fell ill after consuming Kuzhimanthi and Alfahm from the eatery. The health department suspended the hotel license and the police registered a case against the owners.

 

---- facebook comment plugin here -----

Latest