From the print
വധശിക്ഷ മാറ്റിവെച്ചിട്ട് ഒരു വർഷം; അടിയന്തര ഇടപെടൽ കാതോർത്ത് നിമിഷപ്രിയ
വധശിക്ഷ മാറ്റിവെച്ചെങ്കിലും നിമിഷപ്രിയയുടെ മോചനം നീളുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാദനം സംബന്ധിച്ച് ഒത്തുതീർപ്പിലെത്തേണ്ടതുണ്ട്.
കോഴിക്കോട്| യമനിലെ തൂക്കുമരത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചിട്ട് ഒരു വർഷം. കാലങ്ങ ൾ നീണ്ട അനുനയശ്രമങ്ങളും കേന്ദ്ര സർക്കാറിന്റെ നയതന്ത്ര നീക്കങ്ങളും വേണ്ടത്ര ഫലം ചെയ്യാത്ത ഘട്ടത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ വിജയം കണ്ട ചരിത്രനിമിഷം. കഴിഞ്ഞ വർഷം ജൂലൈ 15 മലയാളിക്ക് നെഞ്ചിടിപ്പിന്റെ ദിനമായിരുന്നു. പാലക്കാട് സ്വദേശി നിമിഷപ്രിയ അടുത്ത പ്രഭാതത്തിൽ ജീവിച്ചിരിക്കുമോയെന്നത് തന്നെയായിരുന്നു വാർത്താ മാധ്യമങ്ങളിലെ മുഖ്യചർച്ച.
നിമിഷ പ്രിയയെ രക്ഷിക്കാൻ ഇന്ത്യക്ക് എംബസി പോലുമില്ലാത്ത രാജ്യവുമായി എങ്ങനെ ഇടപഴകുമെന്ന ചോദ്യം രാജ്യത്തെയൊന്നാകെ കുഴക്കി.ഉച്ചക്കുശേഷം രണ്ടിന് കാന്തപുരം ഉസ്താദ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച അറിയിപ്പ് ഇപ്രകാരമായിരുന്നു: പ്രാർഥനകൾ ഫലം കാണുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചു. കേരളമൊന്നാകെ ആശ്വാസം കൊണ്ട വരികൾ. മത-രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങളൊന്നാകെ മാനവികതയുടെ നായകനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു.
യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് 2017 മുതൽ യമനിലെ സൻആ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ 2025 ജൂലൈ 16ന് നടപ്പാക്കുമെന്നായിരുന്നു യമൻ ഭരണകൂടം പ്രഖ്യാപിച്ചത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടത് മുതൽ കൃത്യം 72 മണിക്കൂർകൊണ്ട് ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ് നടത്തിയ സജീവ ഇടപെടലിന്റെ ഫലമായിരുന്നു വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള യമൻ കോടതിയുടെ ഉത്തരവ്. കാന്തപുരത്തിന്റെ അഭ്യർഥന മാനിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും യമനിലെ സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം സഹോദരപുത്രൻ ഹബീബ് അബ്ദുർറഹ്മാൻ അലി മശ്ഹൂർ കൊല്ലപ്പെട്ട തലാലിന്റെ സ്വദേശത്ത് ക്യാമ്പ് ചെയ്തുകൊണ്ടായിരുന്നു ചർച്ചക്ക് നേതൃത്വം നൽകിയത്.
കൊലക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞാൽ യമനിൽ നിലനിൽക്കുന്ന ശരീഅത്ത് നിയമപ്രകാരം പിന്നീട് പ്രതിക്ക് മാപ്പ് നൽകേണ്ടത് ഇരയു ടെ രക്തബന്ധത്തിൽപ്പെട്ടവരാണ്. എന്നാൽ, തലാലിന്റെ വധവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തര യമനിലെ ദമറിൽ ശക്തമായ ജനകീയ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ അവരോട് സംസാരിക്കാനോ ഏതെങ്കിലും രീതിയിലുള്ള ചർച്ചകൾക്കോ അവസരമൊട്ടും ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തി ശ്രമം വിജയത്തിലെത്തിച്ചത്.
വിഷയം കോടതിയിൽ
വധശിക്ഷ മാറ്റിവെച്ചെങ്കിലും നിമിഷപ്രിയയുടെ മോചനം നീളുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാദനം സംബന്ധിച്ച് ഒത്തുതീർപ്പിലെത്തേണ്ടതുണ്ട്. വിഷയത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ സംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചർച്ച മുന്നോട്ടു കൊണ്ടുപോകാൻ കേന്ദ്ര സർക്കാറിന്റെ അനുമതി കൂടി ആവശ്യമാണ്.
കാന്തപുരം ഉസ്താദിന്റേയും നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിന്റേയും പ്രതിനിധികളടങ്ങുന്ന സംഘം യമനിലേക്ക് മാധ്യസ്ഥ്യ ശ്രമങ്ങൾക്ക് പോകാൻ സർക്കാറിനോട് അനുമതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചില ശ്രമങ്ങൾ ഔദ്യോഗികതലത്തിൽ നടത്തുന്നുണ്ടെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്. ഈ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ലീഗൽ അഡ്വൈസർ അഡ്വ. സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി.
മാതാവ് നാട്ടിലെത്തി
യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി മകളുടെ മോചനവുമായി ബന്ധപ്പെട്ട് ഏറെക്കാലം യമനിലായിരുന്നു. ഇവർ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. നിമിഷയുടെ കാര്യത്തിൽ പ്രതീക്ഷയാണുള്ളതെന്ന് പ്രേമകുമാരി സിറാജിനോട് പറഞ്ഞു.
Content Highlights:
It has been one year since the execution of Indian nurse Nimisha Priya was postponed in Yemen due to timely intervention. Grand Mufti Kanthapuram AP Aboobacker Musliyar played a decisive role by coordinating through Yemeni Sufi scholar Sheikh Habib Umar to halt the penalty. While the death sentence remains deferred, the action council awaits central government clearance for further release negotiations.


