Connect with us

Editorial

കെ എം ബഷീര്‍ കേസ്: നീതിയിനിയും ജ്വലിച്ചുനില്‍ക്കട്ടെ

ബഷീറിന്റെ ഓര്‍മകളില്‍ ഇന്നും വേവുന്ന മുഴുവന്‍ മനുഷ്യര്‍ക്കും നീതിക്കായി പോരാടിയ മാധ്യമ സമൂഹത്തിനും ഈ കേസിലെ വഴിവിട്ട പോക്കില്‍ അമര്‍ഷം കൊള്ളുകയും പ്രതിഷേധിക്കുകയും ചെയ്ത പൊതു സമൂഹത്തിനുമെല്ലാം അങ്ങേയറ്റം ആശ്വാസവും പ്രതീക്ഷയും പകരുന്ന നിലപാടാണ് കോടതിയെടുത്തത്.

Published

|

Last Updated

സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു. സത്യത്തിന്റെ വെളിച്ചം എന്നെന്നേക്കുമായി അണഞ്ഞിട്ടില്ലെന്നും നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നീതിബോധം ഉജ്ജ്വലമായി തന്നെ നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കുന്ന നിരീക്ഷണങ്ങളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ നിന്നുണ്ടായിരിക്കുന്നത്. ബഷീറിന്റെ ഓര്‍മകളില്‍ ഇന്നും വേവുന്ന മുഴുവന്‍ മനുഷ്യര്‍ക്കും നീതിക്കായി പോരാടിയ മാധ്യമ സമൂഹത്തിനും ഈ കേസിലെ വഴിവിട്ട പോക്കില്‍ അമര്‍ഷം കൊള്ളുകയും പ്രതിഷേധിക്കുകയും ചെയ്ത പൊതുസമൂഹത്തിനുമെല്ലാം അങ്ങേയറ്റം ആശ്വാസവും പ്രതീക്ഷയും പകരുന്ന നിലപാടാണ് കോടതിയെടുത്തത്. ഈ കേസില്‍ വിചാരണാ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിക്കുകയും കേസില്‍ പുതിയ തെളിവ് തേടി അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാറിനെ അഭിവാദ്യം ചെയ്യാനുള്ള അവസരവുമാണിത്.

ഐ എ എസ്- ഐ പി എസ് ലോബിയുടെയും പോലീസിന്റെയും ദുഷ്ട ബുദ്ധിയില്‍ ആസൂത്രണം ചെയ്ത തെളിവ് നശിപ്പിക്കല്‍ ദൗത്യം വിജയിച്ചുവെന്ന് വ്യക്തമാക്കിയ വിധിയായിരുന്നു വിചാരണാ കോടതിയില്‍ നിന്നുണ്ടായത്. കേസില്‍ വിചാരണ തുടരാമെന്ന് വിധിച്ചെങ്കിലും മനഃപൂര്‍വമായ നരഹത്യാ കുറ്റത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെയും വഫ ഫിറോസിനെയും മുക്തമാക്കുകയാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ചെയ്തത്. പിടിപാടുള്ളവര്‍ക്ക് ഏത് കേസും അട്ടിമറിക്കാമെന്നതിന്റെ ഉദാഹരണമായി ബഷീറിനെ നിഷ്ഠൂരം കൊന്ന കേസ് മാറുകയായിരുന്നു. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടിയിരുന്ന കുറ്റത്തില്‍ നിന്ന് ഉദ്യോഗസ്ഥ പ്രമാണി രക്ഷപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും നഷ്ടപരിഹാരം നല്‍കി തീര്‍ക്കാവുന്ന നിസ്സാരത കൈവരികയും ചെയ്തു.

ഈ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയിലാണ് ഹൈക്കോടതി ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുകയും നരഹത്യാ കുറ്റം പുനഃസ്ഥാപിക്കുകയും ചെയ്തത്. ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പരിശോധന നടത്തിയില്ല എന്നത് മദ്യപിച്ചിട്ടില്ല എന്നതിന് തെളിവല്ല. കേസില്‍ മെഡിക്കല്‍ റിപോര്‍ട്ട് ഇല്ലെങ്കിലും, മദ്യത്തിന്റെ അളവിനെക്കുറിച്ച് വ്യക്തത ഇല്ലെങ്കിലും നരഹത്യാ കുറ്റം ഒഴിവാക്കാനാകില്ല. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചെന്ന് മൊഴിയുണ്ട്. അമിത വേഗത്തിലാണ് വാഹനം ഓടിച്ചത് എന്നതിനും തെളിവുണ്ട്. അതിനാല്‍ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

സിറാജ് ക്യാമ്പയിനുമായി ബന്ധപ്പെട്ട യോഗങ്ങള്‍ കഴിഞ്ഞ് പാതിരാത്രി കൊല്ലത്ത് നിന്ന് എത്തിയ ബഷീര്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നല്ലോ കുടിച്ചു ലക്കുകെട്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ച് കൊന്നത്. കേരളീയ മനസ്സാക്ഷി ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ആര്‍ജവമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്നൊക്കെ മഹത്വവത്കരിക്കപ്പെട്ടിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. കടുത്ത നിയമലംഘനങ്ങള്‍ മറച്ചു വെക്കാന്‍ നെറികെട്ട കളി നടക്കുന്നതാണ് 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ മുതല്‍ കേരളം കണ്ടത്. തെളിവുകള്‍ തേച്ചു മായ്ച്ചു കളയാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. രക്ത പരിശോധന വൈകിപ്പിച്ചു. ഒമ്പത് മണിക്കൂര്‍ കഴിഞ്ഞ് എടുത്ത രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരിക്കില്ലെന്ന് ഉറപ്പ് വരുത്തുകയായിരുന്നു പോലീസ്. ശ്രീറാമിന്റെ ഡോക്ടര്‍ ബുദ്ധിയും പ്രവര്‍ത്തിച്ചിരിക്കാം. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വിചിത്രമായ മറവി രോഗത്തിന്റെ കഥകള്‍ വരികയും ചെയ്തു. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വ്യക്തമായിരിക്കെ ആരാണെന്ന് അറിയില്ല എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്. താരതമ്യേന നിസ്സാരമായ വകുപ്പുകളിട്ടായിരുന്നു കേസെടുത്തിരുന്നത്. പിന്നീട് മാധ്യമങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിരന്തര സമ്മര്‍ദത്തിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ റിപോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതും ശ്രീറാമിനെ റിമാന്‍ഡ് ചെയ്യുന്നതും. പക്ഷേ മജിസ്‌ട്രേറ്റ് കോടതിയില്‍ ആ റിപോര്‍ട്ടിന് കടലാസ് വിലയായി. ശ്രീറാം പുറത്തിറങ്ങി. പിന്നീട് ആരോഗ്യ വകുപ്പിലെ നിര്‍ണായക സ്ഥാനത്ത് ഈ കൊലയാളി ഉദ്യോഗസ്ഥന്‍ അവരോധിക്കപ്പെട്ടു. ഒടുവില്‍ ആലപ്പുഴ കലക്ടറായി വാഴിച്ചെങ്കിലും ശക്തമായ ജനകീയ പ്രതിരോധത്തിനൊടുവില്‍ സര്‍ക്കാറിന് അതില്‍ നിന്ന് പിറകോട്ട് പോകേണ്ടി വന്നു. ഉജ്ജ്വലമായ സമരവിജയമായിരുന്നു അത്. മനുഷ്യന്റെ സ്വൈര ജീവിതം കവരുന്ന ലഹരി, ഉദ്യോഗസ്ഥരുടെ പ്രിവിലേജുകള്‍ ഉപയോഗിച്ചുള്ള ആഘോഷം, പോലീസിന്റെ നെറികെട്ട പക്ഷപാതിത്വം, സര്‍ക്കാറിന്റെ തലക്ക് മുകളിലിരുന്ന് ഭരിക്കുന്ന സിവില്‍ സര്‍വീസ് ലോബി… ഇങ്ങനെ നിരവധിയായ പുഴുക്കുത്തുകളിലേക്ക് വെളിച്ചം വീശിയാണ് ബഷീറിന്റെ ജീവിതം അണഞ്ഞു പോയത്. മറ്റൊരു വിഷയത്തിലും മാധ്യമ, പൊതുസമൂഹം ഇത്രമേല്‍ ഒറ്റക്കെട്ടായി നിലകൊണ്ടിട്ടില്ല.

നീതിക്കായുള്ള ഈ മുറവിളി കൂടിയാണ് ഹൈക്കോടതിയുടെ ഇടപെടലില്‍ മുഴങ്ങുന്നത്. കേസ് അട്ടിമറിക്കാനും ശ്രീറാമിനെ രക്ഷിച്ചെടുക്കാനും നീക്കങ്ങള്‍ നടന്നപ്പോഴെല്ലാം സമൂഹം ഉണര്‍ന്ന് പ്രതിരോധിച്ചു. നിയമ പോരാട്ടത്തിൽ പൊതു സമൂഹത്തോടൊപ്പം എല്ലായ്പ്പോഴും സിറാജ് മാനേജ്മെന്റ്ഉണ്ടാകും. തന്റെ സിരയിലോടുന്ന വരേണ്യ രക്തത്തിന്റെ ഹുങ്കില്‍ ഇനിയൊരു ഉദ്യോഗസ്ഥനും ഇങ്ങനെ കൊലയാളിയായിക്കൂടാ. എത്ര ഉന്നതര്‍ രക്ഷാ കവചമൊരുക്കിയാലും കുറ്റവാളി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തണം. അതാണ് നിയമവാഴ്ചയുടെ അന്തസ്സത്ത. ബഷീര്‍ കൊലക്കേസിന്റെ അന്തിമ വിധി ആ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതാകട്ടെ.