Connect with us

vismaya case

കിരൺ കുമാർ മാത്രമല്ല കുറ്റക്കാരൻ

ഈ കുടുംബങ്ങൾ ഇതേ പോലെ തുടരണം എന്ന ആഗ്രഹിക്കുന്നവരും പ്രതി പട്ടികയിൽ പേരുണ്ടാകേണ്ടവർ തന്നെയാണ്.

Published

|

Last Updated

റ്റ പ്രതി മാത്രമുള്ള കേസല്ല നിലമേൽ വിസ്മയ കേസെന്ന് അഭിഭാഷക പി എം ആതിര ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിലെ അപൂർവം കേസുമല്ല. വില പേശി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും പ്രതിസന്ധിയിൽ വിദ്യാഭ്യാസം തുണയാകാതെ ജീവിതം തന്നെ അവസാനിപ്പിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത ഈ വിദ്യാഭ്യാസ സമ്പ്രദായവും ഇതിൽ പ്രതിയാണ്. കുടുംബങ്ങളും ഗാർഹിക അന്തരീക്ഷവും ഇതിൽ കൂട്ടു പ്രതികളാണ്. ഈ കുടുംബങ്ങൾ ഇതേ പോലെ തുടരണം എന്ന് ആഗ്രഹിക്കുന്നവരും പ്രതിപ്പട്ടികയിൽ പേരുണ്ടാകേണ്ടവർ തന്നെയാണ്. സഹിക്കവയ്യാത്ത വയലൻസിന് നടുവിൽ നിന്നും ഓടിപ്പോരാൻ അവരെ സഹായിക്കാനാകാതെ പോയി എന്ന ഒറ്റക്കാരണത്താൽ ഈ പ്രതിപ്പട്ടികയുടെ ഒടുവിൽ എന്റെ പേരു കൂടി ഉണ്ട്. ആഴത്തിൽ തിരഞ്ഞാൽ നിങ്ങളുടെ പേരും ഉണ്ടെന്നും അവർ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

കിരൺ കുമാർ കുറ്റക്കാരൻ തന്നെ.

പക്ഷെ കിരൺ മാത്രമല്ല കുറ്റക്കാരൻ .
ഒറ്റ പ്രതി മാത്രമുള്ള
കേസല്ല ഇത്.
ഈ വിഷയത്തിലെ അപൂർവ്വം കേസുമല്ല.
ശിക്ഷ – ഒരു കുറ്റകൃത്യത്തിൽ വന്ന തെറ്റിനെ കുറിച്ച് ഓർക്കാനും റിഗ്രറ്റ് ചെയ്യാനും തിരുത്താനും ഉപകരിക്കണം;
സമൂഹത്തെ മുന്നോട്ട് നയിക്കുന്നതാകണം;
അതാണ് റിഫോർമേറ്റീവ് തിയറി ഓഫ് പണിഷ്മെന്റ് എന്നതാണ് നിയമ പുസ്തകങ്ങൾ പഠിപ്പിച്ചത്.
ഇതിലും നല്ല കാറ് വാങ്ങിക്കൊടുത്തിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്ന പാഠം അല്ല രക്ഷിതാക്കളും
പുതു തലമുറയും
ഈ വിധിയിൽ നിന്നും പഠിക്കേണ്ട പാഠം.
എത്ര വലുത് കൊടുത്താലും ശമിപ്പിക്കാനാവാത്ത ആർത്തിയുടെയും ദുരയുടെയും ലോകമാണിത്.
അത് ശമിപ്പിക്കാൻ ആരും വിചാരിച്ചാലും കഴിയില്ല.
കൊടുക്കും തോറും ഏറിടുന്ന ഒന്നാണത്.
മനുഷ്യരാണ് ;
അന്തസുള്ള മനുഷ്യർ.
അവരുടേത് കൂടിയാണ് ഈ ലോകം.
സ്വത്തും പണവും പൊന്നും ഇട്ട് തൂക്കം ഒപ്പിക്കാൻ മാത്രം ഒരു കുറവും
ഈ നാട്ടിൽ ഒരു പെണ്ണിനും ഇല്ല .
അവളും അന്തസ്സുള്ള,
വ്യക്തിത്വമുള്ള, അവകാശങ്ങളുള്ള
ഒരു സ്വതന്ത്ര ജീവിയാണ് എന്ന്
അവളെ പഠിപ്പിക്കാത്ത
എല്ലാ സംവിധാനങ്ങളും ഈ കേസിൽ കൂട്ടു പ്രതിയാണ്.
സ്ത്രീ തന്നെ പോലെ തന്നെ തുല്യാവകാശങ്ങൾ ഉള്ളവളാണ് ;
അവളെ വ്യക്തി എന്ന നിലയിൽ അംഗീകരിക്കാൻ കഴിയേണ്ടതുണ്ട് എന്നതും ആണിനെ ശീലിപ്പിക്കാനാകാതെ പോയ ആണധികാര വ്യവസ്ഥയും
കൂട്ടു പ്രതിയാണ്.
ലോകം പണത്തിന്റെയാണ്.
പണം വാരിക്കൂട്ടുന്നവരുടേതാണ്.
മാനവികതയ്ക്ക് ഒരു പ്രസക്തിയുമില്ല.
എന്ന മൂലധന ശക്തികളുടെ നിയമങ്ങൾക്കു മുന്നിൽ മുട്ടു കുത്തി പ്രാർത്ഥിക്കുന്നവരും ഈ കേസിലെ കൂട്ടു പ്രതികളാണ്.
ഞങ്ങളുടെ മതം സ്ത്രീയെ എന്നും പുരുഷന് താഴെ മാത്രമേ കണ്ടിട്ടുള്ളു എന്ന് കരുതുന്ന എല്ലാ ആരാധനാ സംവിധാനങ്ങളും
ഈ കേസിലെ കൂട്ടു പ്രതികളാണ്.
ആണധികാര വ്യവസ്ഥയും
മൂലധന ശക്തികളും
ചേരുമ്പോഴുണ്ടാകുന്ന
ഏറ്റവും ആപത്ക്കരമായ
സ്ത്രീ വിരുദ്ധതയോട്
ഒരിക്കൽ പോലും കലഹിക്കാതെ മിണ്ടാതിരുന്നവരും
മിണ്ടാതിരിക്കാനും
സഹിക്കാനും പൊറുക്കാനും പറഞ്ഞവരും
ഇതിൽ കൂട്ടു പ്രതികളാണ്.
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എന്ന് ഉത്കണ്ഠ പെടുന്നവരോട്
ഏത് വിദ്യാഭ്യാസം എവിടെ വെച്ചാണ് അഭിമാനികളായി അന്തസോടെ ജീവിക്കാൻ ഈ നാട്ടിലെ സ്ത്രീകളെ പഠിപ്പിച്ചത്..
സർക്കാർ ഉദ്യോഗസ്ഥനായിട്ടും
അറവ് മാടുകളുടെ കച്ചവടത്തിലെ വിലപേശൽ നടത്തിയവനെ കുറിച്ച്
ഞെട്ടൽ രേഖപ്പെടുത്തുന്നവരോട്
എന്ത് സംവിധാനമാണ് മറിച്ച് സ്ത്രീയെ തുല്യരായി കാണാൻ അവനെ ശീലിപ്പിച്ചത്.?
ഇങ്ങനെ വില പേശി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും
പ്രതിസന്ധിയിൽ വിദ്യാഭ്യാസം തുണയാകതെ ജീവിതം തന്നെ അവസാനിപ്പിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത
ഈ വിദ്യാഭ്യാസ സമ്പ്രദായവും
ഇതിൽ പ്രതിയാണ്.
യോജിക്കാനാവാത്ത ഇടത്ത് ഒരു നിമിഷം പോലും നിൽക്കരുത്;
തലയുയർത്തി ഇറങ്ങി വരണം ഇരു കയ്യും നീട്ടി
കെട്ടിപ്പിടിക്കാൻ ചേർത്തുപിടിക്കാൻ ഞങ്ങളുണ്ടാകും എന്ന് പറയാനാവാത്ത
എല്ലാ കുടുംബങ്ങളും
ഗാർഹിക അന്തരീക്ഷവും
ഇതിൽ കൂട്ടു പ്രതികളാണ്.
ഈ കുടുംബങ്ങൾ ഇതേ പോലെ
തുടരണം എന്ന ആഗ്രഹിക്കുന്നവരും
പ്രതി പട്ടികയിൽ പേരുണ്ടാകേണ്ടവർ
തന്നെയാണ്.
ഭരണ ഘടന നിലവിൽ വന്നിട്ട്
ഇത്ര കാലമായിട്ടും
ആർട്ടിക്കിൾ 14 മുന്നോട്ട് വെക്കുന്ന തുല്യത എന്ന ആശയം
ഈ രാജ്യത്തെ പൗരരെ പഠിപ്പിക്കാനാകാതെ പോയ
സംവിധാനങ്ങൾ ഉൾപ്പെടെ
ഈ കേസിൽ കൂട്ടു പ്രതിയാണ്.
സഹിക്കവയ്യാത്ത വയലൻസിന് നടുവിൽ നിന്നും ഓടിപ്പോരാൻ
അവരെ സഹായിക്കാനാകാതെ പോയി എന്ന ഒറ്റക്കാരണത്താൽ
ഈ പ്രതി പട്ടികയുടെ ഒടുവിൽ
എന്റെ പേരു കൂടി ഉണ്ട്.
ആഴത്തിൽ തിരഞ്ഞാൽ നിങ്ങളുടെ പേരും ഉണ്ട്.
അതുകൊണ്ട് വിധിയിൽ ആഹ്ലാദിക്കും മുമ്പ് ആത്മ പരിശോധനയാകാം..
നമ്മൾ ഓരോരുത്തർക്കും
ഈ പ്രതി പട്ടികയിൽ നിന്നും
എത്ര ദൂരം ഉണ്ട് എന്ന് .

ഈ ശിക്ഷാവിധിയിൽ നിന്നും പഠിക്കേണ്ട പാഠം അത് കൂടിയാണ്.

 

Latest