Kerala
അവധി അപേക്ഷ നല്‍കി കേരള സര്‍വകലാശാല രജിസ്ട്രാര്‍; അവഗണിക്കുന്ന നിലപാടുമായി വി സി
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ അവധി അപേക്ഷ സമര്‍പ്പിച്ചത്. സസ്‌പെന്‍ഷനില്‍ കഴിയുന്നയാള്‍ക്ക് എന്ത് അവധി എന്ന ചോദ്യവുമായി വി സി.

തിരുവനന്തപുരം | കേരള സര്‍വകലാശാല രജിസ്ട്രാര്‍ അവധിയിലേക്ക്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ വൈസ് ചാന്‍സലര്‍ക്ക് അവധി അപേക്ഷ സമര്‍പ്പിച്ചത്. മെയില്‍ വഴിയാണ് അനില്‍ കുമാര്‍ അവധി വേണമെന്ന് കാണിച്ചുള്ള അപേക്ഷ നല്‍കിയത്.
എന്നാല്‍, അപേക്ഷ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാതെ അവഗണിക്കുന്ന നിലപാടാണ് താത്കാലിക വി സി സിസ തോമസ് സ്വീകരിച്ചത്. സസ്‌പെന്‍ഷനില്‍ കഴിയുന്നയാള്‍ക്ക് എന്ത് അവധി എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തിയത്. ഇതോടെ വി സിയും രജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാവുകയാണ്.
അനില്‍കുമാറിനെ സര്‍വകലാശാലയില്‍ കയറുന്നത് വിലക്കി വി സി സിസ തോമസ് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്നും രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി എടുക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.