Connect with us

Kerala

കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ്; റദ്ദാക്കിയിട്ടില്ലെന്ന് വി സി

സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി

Published

|

Last Updated

തിരുവനന്തപുരം | കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത തീരുമാനം സിൻഡിക്കേറ്റ് റദ്ദാക്കി. ഗവർണർ പങ്കെടുത്ത ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. സിൻഡിക്കേറ്റ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. സിൻഡിക്കേറ്റിന്റെ ഈ നടപടികൾ ഹൈക്കോടതിയെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് വൈസ് ചാൻസലർ ചുമതലയിലുള്ള സിസാ തോമസും രംഗത്തെത്തി.

ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ശ്രീപത്മനാഭ സേവാ സമിതിയുടെ സെമിനാർ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് പിന്നീട് പ്രതിഷേധക്കാർ പോലീസുമായി സംഘർഷത്തിലാകുന്നതിലേക്ക് നയിച്ചു. മതചിഹ്നങ്ങളോ ആരാധനയോ പാടില്ലെന്ന സർവകലാശാലാ ചട്ടം സംഘാടകർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഹാളിനുള്ള അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ഗവർണർ ചടങ്ങിനെത്തിയതോടെ സെമിനാർ നടന്നു.

ഈ സംഭവത്തെ തുടർന്ന്, ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. പരിപാടി അലങ്കോലപ്പെടുത്താൻ രജിസ്ട്രാർ ചിലരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചെന്നും വി സി ആരോപിച്ചിരുന്നു. രജിസ്ട്രാറുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

എന്നാൽ, വി.സി.യുടെ സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് ഈ നടപടി. നേരത്തെ, പ്രത്യേക സാഹചര്യങ്ങളിൽ വി സിക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാമെന്ന വ്യവസ്ഥ ഉപയോഗിച്ചാണ് സസ്പെൻഷൻ നടപ്പാക്കിയിരുന്നത്.

ഡോ. ഷിജു ഖാൻ, ജി. മുരളീധരൻ, ഡോ. നസീബ് എന്നിവരടങ്ങുന്ന മൂന്നംഗ കമ്മീഷനാണ് ഇനി ഈ വിഷയം അന്വേഷിക്കുക. ഈ വിഷയത്തിലെ സിൻഡിക്കേറ്റ് നടപടികൾ ഹൈക്കോടതിയെ അറിയിക്കാൻ സ്റ്റാൻഡിങ് കൗൺസിലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തപ്പോൾ സീനിയർ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനായിരുന്നു താൽക്കാലിക ചുമതല നൽകിയിരുന്നത്.