Connect with us

Kerala

വി മുരളീധരനേയും കെ സുരേന്ദ്രനേയും അകറ്റി നിര്‍ത്തുന്നു; ബി ജെ പിയില്‍ കലഹം മൂര്‍ച്ഛിച്ചു

കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇരുവരേയും പങ്കെടുപ്പിക്കാതിരുന്നതാണ് കലഹത്തിനു കാരണം

Published

|

Last Updated

തിരുവന്തപുരം | ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരെ അകറ്റി നിര്‍ത്തുന്നത് ബി ജെ പിയില്‍ കലഹം മൂര്‍ച്ഛിപ്പിക്കുന്നു. പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രബല ഗ്രൂപ്പിനെ നയിച്ചിരുന്ന കെ സുരേന്ദ്രനെയും വി മുരളീധരനെയും കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുപ്പിക്കാതിരുന്നതാണ് കലഹത്തിനു കാരണം. ഇതോടെ സംസ്ഥാന സഹ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള യോഗം തീരുമാനമാകാതെ പിരിഞ്ഞു.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലേക്ക് മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാതിരുന്നതിന് പിന്നാലെ കോര്‍ കമ്മിറ്റി യോഗത്തിലും ഇവരെ ഒഴിവാക്കിയതോടെ രാജീവ് ചന്ദ്രശേഖരന്റെ ആസൂത്രിതമായ നീക്കത്തിനെതിരെ സുരേന്ദ്രന്‍ അനുകൂലികള്‍ ശബ്ദമുയര്‍ത്തി.

സംസ്ഥാന കമ്മിറ്റിക്ക് പുറമേ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും വി മുരളീധരനേയും കെ സുരേന്ദ്രനേയും മാറ്റി നിര്‍ത്തിയത് ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് സി കെ പത്മനാഭനേയും ക്ഷണിച്ചിരുന്നില്ല. സംസ്ഥാന സഹ ഭാരവാഹികളെ നിശ്ചയിക്കാനുള്ള യോഗത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ നീക്കം ഉണ്ടാവാതിരിക്കാനാണ് മുരളീധരനേയും സുരേന്ദ്രനേയും ക്ഷണിക്കാതിരുന്നതെന്നാണ് കരുതുന്നത്.

എന്നാല്‍ സുരേന്ദ്രന്‍ പക്ഷക്കാരനായ സി കൃഷ്ണകുമാര്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ തുറന്നടിച്ചു. വിമര്‍ശനം കടുത്തതോടെ ഇരു വിഭാഗമായി തിരിഞ്ഞ് പോരു കടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പുനഃസംഘടന ഒഴിവാക്കി കോര്‍ കമ്മിറ്റി യോഗം പിരിഞ്ഞതായാണ് വിവരം.
രാജീവ് ചന്ദ്രശേഖര്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം വി മുരളീധരന്‍-കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ പെട്ടവരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അടുപ്പിപ്പിക്കാറില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഐ ടി സെല്ലിന്റെയും സംസ്ഥാന ഓഫീസിന്റെയും ചുമതലകളില്‍ നിന്ന് ഈ വിഭാഗക്കാരെ നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖര്‍ മാറ്റിയിരുന്നു. എന്നാല്‍ എം ടി രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്തരായി കയറിപ്പറ്റുകയും ചെയ്തു. വി മുരളീധരന്‍-കെ സുരേന്ദ്രന്‍ പക്ഷത്തോട് അടുപ്പം പുലര്‍ത്തിയിരുന്ന നേതാക്കളില്‍ പലരും ചുവടുമാറ്റി രാജീവ് ചന്ദ്രശേഖരനൊപ്പം ചേര്‍ന്നതോടെ തങ്ങളുടെ കരുത്ത് ചോര്‍ന്നതായി ഈ നേതാക്കള്‍ കരുതുന്നു.

---- facebook comment plugin here -----

Latest