Editorial
കശ്മീരും യു എസിന്റെ കുറുക്കന്‍ കൗശലവും
ഇന്ത്യയുടെ ഉറ്റചങ്ങാതി എന്ന് അവകാശപ്പെടുകയും അതേസമയം ഇന്ത്യയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് പാകിസ്താനെ പ്രേരിപ്പിക്കുകയും ചെയ്ത്, മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ കുതന്ത്രമാണ് അമേരിക്ക പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം അപലപിച്ചു. കൂട്ടത്തില്‍ അമേരിക്കയും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മോശം പ്രവൃത്തിയെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യു എസ് നിയമ നിര്‍മാതാക്കളും സംഭവത്തെ അപലപിക്കുകയും ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. “അമേരിക്ക തീവ്രവാദത്തിനും ഭീകരതക്കുമെതിരെ നിലകൊള്ളുന്നു’- യു എസ് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി എക്‌സിലൂടെ പ്രതികരിച്ചു. “തീവ്രവാദികള്‍ കൊലപ്പെടുത്തിയ നിരപരാധികളായ വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു’വെന്നാണ് ഡെമോക്രാറ്റിക് നേതാവ് ചക്ക്ഷൂമര്‍ പറഞ്ഞത്.
അതേസമയം, ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൊടും ക്രൂരതക്കും ഭീകരതക്കും സര്‍വവിധ പിന്തുണയും ആയുധ സഹായവും നല്‍കിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥനയും വിലക്കും അവഗണിച്ചാണ് ഗസ്സയില്‍ സിവിലിയന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ അന്തേവാസികളെയടക്കം ഇസ്‌റാഈല്‍ സൈന്യം നിഷ്ഠുരമായി കൊന്നൊടുക്കുന്നത്. ബുധനാഴ്ച ഒരു സിവിലിയന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നാല്‍പ്പത്തിയഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയിലേക്ക് മരുന്നും ഭക്ഷണവും മറ്റു സഹായങ്ങളും എത്തിക്കാനും ഇസ്‌റാഈല്‍ സമ്മതിക്കുന്നില്ല. രണ്ട് മാസത്തോളമായി ഇത്തരം സഹായങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. “യുദ്ധത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധി’യെന്നാണ് ഐക്യരാഷ്ട്ര സഭ ഉപരോധത്തെ വിശേഷിപ്പിച്ചത്. ഈ നിഷ്ഠുരതയില്‍ പക്ഷേ ഒരൊറ്റ അമേരിക്കന്‍ നേതാവിന്റെയും ഹൃദയം വേദനിക്കുന്നില്ല. മാത്രമല്ല, ഗസ്സയിലെ ഭക്ഷ്യ-സഹായ ഡിപ്പോകളെ ബോംബിട്ടു തകര്‍ക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും ഇതിന് അമേരിക്കയിലെ റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നുമാണ് ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി വെളിപ്പെടുത്തിയത്.
തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ സഹായം നല്‍കുന്നത് അമേരിക്കയുടെ സമ്മര്‍ദം മൂലമാണെന്ന പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. “തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്താന്‍ പിന്തുണയും ധനസഹായവും നല്‍കുന്നുണ്ട്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ ഈ മോശം പ്രവൃത്തി ചെയ്തുവരുന്നത്. അതൊരു തെറ്റാണെന്നറിയാം. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പാകിസ്താന്റെ ട്രാക്ക് റെക്കോര്‍ഡ് കുറ്റമറ്റതാകുമായിരുന്നു’- സ്‌കൈ ന്യൂസിനോട് സംസാരിക്കവെ ഖാജ ആസിഫ് പറഞ്ഞു.
തീവ്രവാദ-ഭീകരവാദ പ്രശ്‌നത്തില്‍ അമേരിക്കയുടെ ഇരട്ടത്താപ്പിലേക്ക് വിരല്‍ചൂണ്ടുന്നു ഇതത്രയും. ചില ഘട്ടങ്ങളില്‍ ഭീകരതക്ക് എല്ലാവിധ പ്രോത്സാഹനവും സഹായവും. മറ്റു ചിലപ്പോള്‍ ഭീകരതയെ അപലപ്പിക്കും. പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദ സഞ്ചാരികളെപ്പോലെ നിരപരാധികളാണ് ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഫലസ്തീനികള്‍. രണ്ടും ഒരു പോലെ കാണാനാകണം. അതാണ് മനുഷ്യത്വം. കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ഇസ്‌റാഈലിന്റെ ബോംബിംഗിലും വെടിവെപ്പിലുമായി 51,305 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് റിപോര്‍ട്ട് പ്രകാരം മരണസംഖ്യ 61,700ന് മീതെ വരും. ഇതില്‍ ഗണ്യവിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധവാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ 232 മാധ്യമപ്രവര്‍ത്തകരുമുണ്ട് കൊല്ലപ്പെട്ടവരില്‍.
കശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ പാകിസ്താന് മാത്രമല്ല, അമേരിക്കക്കുമുണ്ട് പരോക്ഷമായ പങ്കെന്നാണ് ഖാജ ആസിഫിന്റെ വെളിപ്പെടുത്തലില്‍ നിന്നുള്ള ബോധ്യം. അമേരിക്കയുടെ സമ്മര്‍ദ പ്രകാരം പാകിസ്താന്‍ വളര്‍ത്തിയെടുത്ത തീവ്രവാദികളാണ് കശ്മീരില്‍ ഇറങ്ങിക്കളിക്കുന്നത്. ഇന്ത്യയുടെ ഉറ്റചങ്ങാതി എന്ന് അവകാശപ്പെടുകയും അതേസമയം ഇന്ത്യയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് പാകിസ്താനെ പ്രേരിപ്പിക്കുകയും ചെയ്ത്, മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ കുതന്ത്രമാണ് അമേരിക്ക പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. “കശ്മീര്‍ പ്രശ്‌നത്തിന് ഇന്ത്യയും പാകിസ്താനും തന്നെ പരിഹാരം കാണട്ടെ. അമേരിക്ക ഇടപെടില്ല. രണ്ട് രാഷ്ട്രങ്ങളുമായും തനിക്ക് നല്ല ബന്ധ’മെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ് അമേരിക്കയുടെ കുതന്ത്രം.
രാഷ്ട്രങ്ങളെ തമ്മിലടിപ്പിച്ച് അമേരിക്കന്‍ ആയുധക്കമ്പനികള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി സൃഷ്ടിക്കുകയെന്നതാണ് അമേരിക്കയുടെ ഇതപര്യന്തമുള്ള നിലപാടും തന്ത്രവും. ലോകസമാധാനത്തെക്കുറിച്ചുള്ള യു എസ് നേതാക്കളുടെ ഗിരിപ്രഭാഷണം തനി കാപട്യമാണ്. കുവൈത്തിനെ ആക്രമിച്ചതിനെ ചൊല്ലിയാണല്ലോ അറബ് മേഖലയില്‍ അമേരിക്ക ഭീതി പരത്തി ഇറാഖിനെ തകര്‍ത്തു തരിപ്പണമാക്കിയത്. അതേസമയം അമേരിക്കയുടെ അനുമതിയോടെയാണ് ഇറാഖ് കുവൈത്തിനെ ആക്രമിച്ചതെന്ന വിവരം പിന്നീട് പുറത്തുവന്നു. “ഇറാഖ്ഭീതി’യില്‍ അന്ന് വന്‍തോതിലാണ് ചില അറബ് രാഷ്ട്രങ്ങള്‍ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്. ആയുധ വിപണി മെച്ചപ്പെടുത്താനും അറബ് രാഷ്ട്രങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാനും വൈറ്റ് ഹൗസ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു യഥാര്‍ഥത്തില്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് ആക്രമണം. സമാനമായ തന്ത്രമാണ് ഇന്ത്യ-പാക് അതിര്‍ത്തി തര്‍ക്കത്തിലും കശ്മീര്‍ പ്രശ്‌നത്തിലും അമേരിക്ക പയറ്റുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള വിവേകവും ആര്‍ജവവും ഇന്ത്യയും പാകിസ്താനും പ്രകടിപ്പിക്കാത്ത കാലത്തോളം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഭിന്നതയും സംഘര്‍ഷവും പരിഹൃതമാകാതെ തുടര്‍ന്നുകൊണ്ടിരിക്കും.