Connect with us

Kerala

കരുവന്നൂർ കേസ് ; പി കെ ബിജു ഇ ഡിക്ക് മുന്നിൽ

തിങ്കളാഴ്ച വീണ്ടും ഹാജരാകണം • ചോദ്യം ചെയ്തത് എട്ട് മണിക്കൂർ

Published

|

Last Updated

കൊച്ചി | കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം പിയുമായ പി കെ ബിജു ചോദ്യം ചെയ്യലിന് ഹാജരായി. വ്യാഴാഴ്ച ഹാജരാകണമെന്ന് ബിജുവിന് ഇ ഡി നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് അദ്ദേഹം  കൊച്ചി ഇ ഡി ഓഫീസിൽ എത്തിയത്. തന്നെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും കരുവന്നൂരിൽ പാർട്ടി അന്വേഷണവുമായി ബന്ധപ്പെട്ട റിപോർട്ട് ഇ ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് ബിജു മാധ്യമങ്ങളോട് പറഞ്ഞു.

കരുവന്നൂർ തട്ടിപ്പിൽ സി പി എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജുവിന് സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇ ഡി പറയുന്നത്. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ചതാണ് ബിജുവിന്റെ ആസ്തിയെന്നും ഇ ഡി ആരോപിക്കുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ബിജുവിനോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇ ഡി ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജുവിന് പുറമെ തൃശൂർ കോർപറേഷൻ കൗൺസിലറും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി കെ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, തൃശൂരിലെ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26ന് ശേഷം ഹാജരാകാമെന്ന് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഹാജരാകാൻ ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. ഇത് അഞ്ചാം തവണയാണ് വർഗീസിനെ ചോദ്യംചെയ്യുന്നത്. കരുവന്നൂർ ബേങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ്. ബേങ്കിൽ സി പി എമ്മിന്റെ പേരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തൽ.
ഇതിന്റെ വിശദാംശങ്ങൾ അറിയുന്നതിനാണ് വർഗീസിനെ ഇ ഡി വിളിപ്പിച്ചത്. അദ്ദേഹത്തിന് പിന്നാലെ മുൻ മന്ത്രി എ സി മൊയ്തീൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കളെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്ന് സൂചനയുണ്ട്.