Connect with us

National

കര്‍ണാടക സംസ്ഥാന സമ്മേളനവും സംവിധാന്‍ യാത്രാ സമാപനവും ഞായറാഴ്ച ബെംഗളൂരുവില്‍

ജമ്മു കശ്മീരില്‍ നിന്ന് ആരംഭിച്ച സംവിധാന്‍ യാത്ര 22 സംസ്ഥാനങ്ങളില്‍ പ്രയാണം നടത്തിയാണ് ബെംഗളൂരുവില്‍ സമാപിക്കുന്നത്.

Published

|

Last Updated

ബെംഗളൂരു | ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തിലുള്ള എസ് എസ് എഫ് കര്‍ണാടക സംസ്ഥാന ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനവും സംവിധാന്‍ യാത്രയുടെ സമാപനവും ഈമാസം 10ന് (ഞായര്‍) ബെംഗളൂരുവില്‍. ജമ്മു കശ്മീരില്‍ നിന്ന് ആരംഭിച്ച സംവിധാന്‍ യാത്ര 22 സംസ്ഥാനങ്ങളില്‍ പ്രയാണം നടത്തിയാണ് ബെംഗളൂരുവില്‍ സമാപിക്കുന്നത്.

യാത്ര ഇന്നലെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. സേലത്ത് നടന്ന സമ്മേളനം എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഉലൂമി അധ്യക്ഷത വഹിച്ചു. നൗഷാദ് ആലം മിസ്ബാഹി സന്ദേശ പ്രഭാഷണം നടത്തി. ഡോ ഫാറൂഖ് നഈമി, സുഹൈറുദ്ധീന്‍ നൂറാനി, ഫഖീഹുല്‍ ഖമര്‍, കമാല്‍ സഖാഫി പ്രസംഗിച്ചു. സംവിധാന്‍ യാത്രക്ക് നാളെ (വെള്ളി) തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന കര്‍ണാടക സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ക്യാമ്പില്‍ 7,000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള വിവിധ സെഷനുകളില്‍ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, തലക്കാട് ചിക്കരന്‍ജെ ഗൗഡ, എസ് പി ഹംസ സഖാഫി, എച്ച് ഐ ഇബ്റാഹീം മദനി, ജി എം സഖാഫി, എന്‍ കെ എം ശാഫി സഅദി, അബൂബക്കര്‍, ഹമീദ് ബജ്‌പെ തുടങ്ങിയവര്‍ പ്രസംഗിക്കും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ശൈഖ് അബൂബക്കര്‍ അഹ്മദ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.

ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ എം ശിവകുമാര്‍, ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, സ്പീക്കര്‍ യു ടി ഖാദര്‍, ആഭ്യന്തര മന്ത്രി പരമേശ്വര, വഖ്ഫ് മന്ത്രി സമീര്‍ അഹ്മദ്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ടി എന്‍ പ്രതാപന്‍ എം പി, കര്‍ണാടക മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ റസ്വി, വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് അന്‍വര്‍ ചിത്രദുര്‍ഗ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

 

Latest