Kerala
കണ്ണൂരിന്റെ 'രണ്ടുരൂപ ഡോക്ടര്‍' എ കെ രൈരു ഗോപാല്‍ അന്തരിച്ചു
അരനൂറ്റാണ്ടു കാലത്തോളം രണ്ട് രൂപ മാത്രം വാങ്ങി രോഗികളെ പരിശോധിച്ചു.

കണ്ണൂര്‍ | കണ്ണൂരിലെ ജനകീയ ഡോക്ടര്‍ അന്തരിച്ചു. അരനൂറ്റാണ്ടു കാലത്തോളം രണ്ട് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോ. എ കെ രൈരു ഗോപാല്‍ (80) ആണ് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.
പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്രയമായിരുന്നു രൈരു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് നാലുവരെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചു. പിന്നീട് കുറച്ചുകാലം പരിശോധനാ സമയം രാവിലെ ആറു മുതല്‍ വൈകിട്ട് നാല് വരെയാക്കി.
35വര്‍ഷത്തോളം തളാപ്പ് എല്‍ ഐ സി ഓഫീസിന് അടുത്തുള്ള വീട്ടിലാണ് രോഗികളെ നോക്കിയിരുന്നത്. പിന്നീട് പരിശോധന താണ മാണിക്കാവിന് സമീപത്തെ ‘ലക്ഷ്മി’ എന്ന വീട്ടിലേക്ക് മാറ്റി.
പരേതരായ ഡോ. എ ജി നമ്പ്യാരുടെയും എ കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. മക്കള്‍: ഡോ. ബാലഗോപാല്‍, വിദ്യ. മരുമക്കള്‍: ഡോ. തുഷാര ബാലഗോപാല്‍, ഭാരത് മോഹന്‍. സഹോദരങ്ങള്‍: ഡോ. വേണുഗോപാല്‍, ഡോ. രാജഗോപാല്‍, പരേതനായ ഡോ. കൃഷ്ണഗോപാല്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത്.