Connect with us

kp anil kumar quiet congress

കെ സുധാകരന് സംഘ്പരിവാര്‍ മനസ്സ്; കെ പി അനില്‍കുമാര്‍

'ആന്റണിയെ മുക്കാലില്‍ക്കെട്ടി അടിക്കണമെന്ന് പറഞ്ഞ, സോണിയാ ഗാന്ധിയെ മദാമ എന്ന് വിളിച്ച കെ മുരളീധരന്‍ തന്നെ അച്ചടക്കം പഠിപ്പിക്കേണ്ട'

Published

|

Last Updated

കോഴിക്കോട് | കെ പി സി സി പ്രസിഡന്റ് കെ സുധാകരന് സംഘ്പരിവാര്‍ മനസ്സാണെന്ന് കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ കെ പി അനില്‍കുമാര്‍. സംഘ്പരിവാര്‍ തന്നെ വിളിച്ചെന്ന് സുധാകരന്‍ തന്നെ സമ്മതിച്ചതാണ്. ബി ജെ പിക്ക് എന്താണ് പ്രശ്‌നമെന്നാണ് സുധാകരന്‍ ചോദിച്ചതെന്നും സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനില്‍കുമാര്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മത്തെ പോലും മാലിന്യം എന്ന് വിശേഷിപ്പിച്ച നേതാവാണ് കെ സുധാകരന്‍.

എ കെ ആന്റണിയെ മുക്കാലില്‍ക്കെട്ടി അടിക്കണമെന്ന് പറഞ്ഞ, സോണിയാ ഗാന്ധിയെ മദാമ എന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വിളിച്ച കെ മുരളീധരന്‍ തന്നെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കേണ്ട. ടി സിദ്ദീഖ് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് കെ പി അനില്‍കുമാര്‍. സിദ്ദീഖിന്റെ നിലപാട് നാട്ടുകാര്‍ക്കറിയാം.

ഇനിയും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് സി പി എമ്മിലേക്ക് വരും. ആത്മാഭിമാനുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിടും. കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ല. അവഗണനകള്‍ മാത്രമാണ് അവിടെ ഉണ്ടായത്. കോണ്‍ഗ്രസ് തന്നെ ജീവനോടെ വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെ സി പി എമ്മിലേക്ക് വരേണ്ടതായിരുന്നു. സി പി എമ്മിലുള്ളത് ആത്മാഭിമാനമുള്ള പ്രവര്‍ത്തകരാണ്. കമ്മ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. പെട്ടിയെടുപ്പുകാര്‍ക്കാണ് അവിടെ പരിഗണന. ഫാസിസ്റ്റ് കാലത്ത് കോണ്‍ഗ്രസ് വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. സി പി എമ്മില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ നിറവേറ്റുമെന്നും കെ പി അനില്‍കുമാര്‍ പറഞ്ഞു.

രാവിലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിയ അനില്‍കുമാറിനെ റെയില്‍വേ സ്‌റ്റേഷനിലും തുടര്‍ന്ന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എ എ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.