Connect with us

k rail

കെ- റെയിൽ വരേണ്യ വർഗ വികസന സമീപനമോ?

ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ മത്സര മികവ് അന്തർദേശീയ നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലായിരിക്കണം.

Published

|

Last Updated

പിണറായി സർക്കാർ നടപ്പാക്കുന്ന അർധ അതിവേഗ റെയിൽ സർവീസായ കെ റെയിലുമായി ബന്ധപ്പെട്ട ഡോ. കെ പി കണ്ണന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി ഡോ.തോമസ് ഐസക്. കേരളത്തിലെ വികസനത്തിന് വേണ്ട പ്രധാന മുൻഗണന കെ റെയിൽ ആണോയെന്ന കണ്ണന്റെ ചോദ്യത്തിനാണ് അദ്ദേഹം വിശദമായി മറുപടി നൽകിയത്. ഫേസ്ബുക്കിലാണ് മറുപടി കുറിച്ചത്. പോസ്റ്റ് പൂർണ രൂപത്തിൽ:

ഡോ. കെ പി കണ്ണൻ ചില അടിസ്ഥാന ചോദ്യങ്ങൾ കെ-റെയിലുമായി ബന്ധപ്പെട്ട് ഉയർത്തിയിരിക്കുന്നു. നമ്മൾ നിശ്ചയമായും ചർച്ച ചെയ്യേണ്ടുന്ന ചോദ്യങ്ങളാണവ. ആദ്യത്തെ ചോദ്യം ഇതാണ്: “കെ-റെയിൽ ആണോ കേരളത്തിലെ വികസത്തിനുവേണ്ട പ്രധാന മുൻഗണന?”

എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമ വികസന മുൻഗണന പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ക്ഷേമവും സുരക്ഷിതത്വവുമാണ്. ഇതിന്റെ പിന്നിലുള്ള ഘടകങ്ങളെ പരിശോധിക്കൂ. ഒന്ന്, കൂലി വർദ്ധനയിലൂടെയുള്ള വരുമാന പുനർവിതരണം. രണ്ട്, ഭൂപരിഷ്കരണത്തിലൂടെയുള്ള സ്വത്ത് പുനർവിതരണം. മൂന്ന്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ പൊതു സംവിധാനങ്ങളുടെ വളർച്ച.
ഇവയിൽ ആദ്യത്തെ രണ്ടെണ്ണം ഇടതുപക്ഷത്തിന്റെ സംഭാവനകളാണ്. മൂന്നാമത്തേതിന്റെ ചരിത്രം സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിൽ നിന്നു തുടങ്ങുന്നു. അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിഷേധിക്കുകയില്ലായെന്നു കരുതട്ടെ.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർപോലെ പൊതു വിദ്യാഭ്യാസ – ആരോഗ്യ – സാമൂഹ്യസുരക്ഷയിൽ ശ്രദ്ധ നൽകിയിട്ടുള്ള ഏതെങ്കിലും കാലത്തെ ഏതെങ്കിലും സംസ്ഥാനത്തെ സർക്കാരിനെ ചൂണ്ടിക്കാണിക്കാനുണ്ടോ? ജനകീയാസൂത്രണത്തിന്റെ പ്രഥമലക്ഷ്യങ്ങളിൽ ഒന്ന് ഇവയും ഉപജീവനത്തൊഴിലുകളും ജനപങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുകയായിരുന്നു. ഇതിന്റെയെല്ലാം നേട്ടങ്ങൾ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെയും പൊതു ആരോഗ്യ സംവിധാനം ഉപയോഗിക്കുന്നവരുടെയും സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെയും ദരിദ്രരുടെയും എണ്ണത്തിൽ കൃത്യമായി കാണാം.
ഇത്തരത്തിൽ പാവപ്പെട്ടവരോടുള്ള പക്ഷപാതിത്വമായിരിക്കും ഇനിയും വികസന നയത്തിലെ പ്രഥമ മുൻഗണന. പക്ഷെ കേരളത്തിലെ പാവപ്പെട്ടവരുടെ മക്കളും ഇന്ന് വിദ്യാസമ്പന്നരാണ്. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ചുള്ള നല്ല വരുമാനമുള്ള തൊഴിലുകളാണ് പുതിയ തലമുറയുടെ പ്രതീക്ഷ. സമൂഹത്തിലെ പാവപ്പെട്ടവരുടെ എണ്ണം കുറയുകയും ഇടത്തരക്കാരുടെ എണ്ണം കൂടുകയുമാണ്. ഇവരുടെയെല്ലാം പ്രതീക്ഷകളെക്കൂടി ഉൾക്കൊള്ളുന്ന വികസന തന്ത്രം വേണ്ടിയിരുന്നു. അത്തരമൊരു തന്ത്രത്തിൽ സുപ്രധാന സ്ഥാനം പശ്ചാത്തല സൗകര്യങ്ങൾക്കുണ്ട്.
ക്ഷേമത്തിനും സുരക്ഷയ്ക്കും പൊതുസേവനങ്ങൾക്കും നൽകിയ ഊന്നൽമൂലം നമ്മൾ പശ്ചാത്തലസൗകര്യ വികസനത്തെ അവഗണിച്ചു വരികയായിരുന്നു. കേരള സർക്കാരിന്റെ മൂലധന ചെലവ് ശതമാനം ദേശീയ ശരാശരിയുടെ പകുതിയേ വരൂ. തന്മൂലം നമ്മുടെ ഗതാഗത സൗകര്യങ്ങൾ, വൈദ്യുതി, വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ – ആരോഗ്യ – കായിക – സാംസ്കാരിക ഭൗതിക സൗകര്യങ്ങൾ എന്നിവ വളരെ പിന്നോക്കാവസ്ഥയിലാണ്. ഈ കുറവ് അടിയന്തരമായി തീർത്തുകൊണ്ടു മാത്രമേ പുതിയ തൊഴിലവസരങ്ങൾക്കായുള്ള നിക്ഷേപം ഉറപ്പു വരുത്താനാവൂ. അഭ്യസ്തവിദ്യരുടെ വൈദഗ്ധ്യ പോഷണത്തിലൂടെയേ പുറം ജോലികൾക്കുള്ള അവസരം ഉറപ്പുവരുത്താനാവൂ.
വ്യവസായ നിക്ഷേപത്തെ ആകർഷിക്കുന്നതിനു മറ്റു സംസ്ഥാനങ്ങളുമായി പരിസ്ഥിതി – തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തുന്നതിൽ മത്സരിക്കാനാവില്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ മത്സര മികവ് അന്തർദേശീയ നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലായിരിക്കണം. ക്ഷേമവും സുരക്ഷയും ദുർബലപ്പെടുത്താതെ ഇതു ചെയ്യുകയും വേണം. കഴിഞ്ഞ സർക്കാർ കിഫ്ബിയിലൂടെ ഇതിനു തുടക്കം കുറിച്ചു. ഇതു കൂടുതൽ സമഗ്രവും ശക്തവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
ഈ പശ്ചാത്തല സൗകര്യങ്ങളെക്കൂടി ഉപയോഗപ്പെടുത്തി മികച്ച നൈപുണിയേയും നൂതനവിദ്യകളെയും പ്രോത്സാഹിപ്പിച്ച് സമ്പദ്ഘടനയുടെ അടിത്തറ തന്നെ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്താനാണു ലക്ഷ്യമിടുന്നത്.

എന്താണ് കെ.പി. കണ്ണന്റെ മുൻഗണനാ ചോദ്യത്തിന്റെ അടിസ്ഥാന ദൗർബല്യം? വികസനത്തെ ഒരു ഡൈനാമിക് പ്രക്രിയയായി കാണുന്നില്ല. തൊട്ടുമുമ്പുള്ള ഖണ്ഡികകളിൽ പറഞ്ഞ കാര്യങ്ങൾക്കൾക്ക് ഇന്ന് ഊന്നൽ നൽകാൻ കഴിയുന്നില്ലെങ്കിൽ നാളെ പുനർവിതരണത്തെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. നിയോലിബറലിസമല്ലാതെ ആധുനിക പരിഷ്കരണത്തിനു മറ്റു മാർഗ്ഗമില്ലായെന്ന നിഗമനത്തിലേയ്ക്ക് ജനങ്ങൾ നീങ്ങാം. ഇതിന്റെ സാമൂഹ്യ – രാഷ്ട്രീയ വിപരീതഫലങ്ങൾ വളരെ തീക്ഷ്ണമായിരിക്കും. ഇത്തരം സമഗ്രമായ കാഴ്ചപ്പാടിന്റെ അഭാവത്തിലാണ് കെ-റെയിൽ പോലുള്ള പശ്ചാത്തല സൗകര്യങ്ങൾ വരേണ്യ വർഗ്ഗ വികസന സമീപനമാണെന്നും മറ്റുമുള്ള ചിന്തയിലേയ്ക്ക് എത്തുന്നത്.