Kerala
വ്യാജ സമ്മതപത്രം മൂലം ജോലി നിഷേധിക്കപ്പെട്ട ശ്രീജക്ക് ഒടുവില്‍ നീതി; പി എസ് സി നിയമന ശിപാര്‍ശ കൈമാറി

കോട്ടയം | പി എസ് സിയുടെ നിരുത്തരവാദപൂര്‍ണമായ നടപടി കാരണം സര്‍ക്കാര്‍ ജോലി ലഭിക്കാതിരുന്ന എസ് ശ്രീജയ്ക്ക് ഒടുവില്‍ നിയമന ഉത്തരവ്. ജോലി വേണ്ടെന്ന് തന്റെ പേരില്‍ മറ്റൊരാള്‍ വ്യാജ സമ്മതപത്രം നല്‍കിയത് കാരണമാണ് അര്‍ഹതപ്പെട്ട നിയമനം ശ്രീജയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ 233 ാം റാങ്ക് ജേതാവായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂര്‍ എസ് ശ്രീജ. എന്നാല്‍ കൊല്ലം സ്വദേശിനിയായ മറ്റൊരു ശ്രീജയില്‍ നിന്ന് ചിലര്‍ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രം എസ് ശ്രീജയ്ക്ക് നിയമനം നിഷേധിക്കപ്പെടാന്‍ കാരണമാവുകായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും പി എസ് സിക്ക് വ്യക്തമായ മറുപടിയില്ല.
പിഴവ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ട പി എസ് സി ഇന്ന് ശ്രീജയെ കോട്ടയത്തെ ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തിയാണ് നിയമന ശിപാര്‍ശ അവര്‍ക്ക് കൈമാറിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോട്ടയം ഭര്‍ത്താവിനൊപ്പം പി എസ് സി ഓഫീസില്‍ എത്തിയ ശ്രീജ നിയമന ശിപാര്‍ശ ഏറ്റുവാങ്ങി. അര്‍ഹതപ്പെട്ട നിയമനം പോരാട്ടത്തിലൂടെ നേടിയെടുക്കുന്നതില്‍ പിന്തുണയേകിയ മാധ്യമങ്ങളോടും പൊതു സമൂഹത്തോടും ഏറെ നന്ദിയുണ്ടെന്ന് ശ്രീജ പറഞ്ഞു.