Connect with us

Articles

ഫ്രാങ്കോ കേസ് ഉയര്‍ത്തുന്ന നീതിന്യായ ആലോചനകള്‍

ബിഷപ് കേസില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിവാദ വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പക്ഷം നീതി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോഴും വിചാരണാ കോടതി വിധി സ്ത്രീ സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതബോധം ചെറുതല്ല. ലൈംഗികാതിക്രമങ്ങളിലെ ഇരകളെ മിണ്ടാതിരിക്കാന്‍ നിര്‍ബന്ധിക്കുകയാണ് കോടതിയെന്ന് വിധി വായിക്കുമ്പോള്‍ തോന്നാനിടയുണ്ട്.

Published

|

Last Updated

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധി ഗൗരവതരമായ ആലോചനകളെ ക്ഷണിച്ചു വരുത്തുന്നതാണ്. നീതിന്യായ തത്വങ്ങളെ പാടെ അവഗണിച്ചും മുമ്പിലുള്ള നിയമ വ്യവഹാരങ്ങളിലെ നഗ്‌ന യാഥാര്‍ഥ്യങ്ങളെ ബോധപൂര്‍വം തിരസ്‌കരിച്ചും ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി നമ്മുടെ ഭരണഘടനാ കോടതികള്‍ സമീപകാലത്ത് നടത്തിയ ചില വിധിപ്രസ്താവങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് തന്നെ അപമാനകരമാണ്. ആ ഗണത്തില്‍ രാജ്യത്തെ നീതിന്യായ തത്വങ്ങളെ വെല്ലുവിളിക്കുന്ന വിധിയാണ് ഫ്രാങ്കോ കേസില്‍ വിചാരണാ കോടതി നടത്തിയിരിക്കുന്നത്.

ഇരയായ കന്യാസ്ത്രീയുടെ മൊഴിയിലെ ചില ഭാഗങ്ങള്‍ അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടി മൊഴി ഒന്നടങ്കം തള്ളുകയാണ് കോടതി ചെയ്തിരിക്കുന്നത്. ‘ഫാള്‍സ് ഇന്‍ വണ്‍ തിംഗ്, ഫാള്‍സ് ഇന്‍ എവരിതിംഗ്’ എന്ന നിയമ തത്വമാണ് ഇരയുടെ മൊഴി പാടെ തള്ളുന്നതിന് വിചാരണാ കോടതി ജഡ്ജി അവലംബിച്ചിരിക്കുന്നത്. അതായത് ഒരു സംഗതി തെറ്റാകയാല്‍ ആ വിഷയത്തിലെ ശേഷിക്കുന്നതും തെറ്റായി ഗണിക്കപ്പെടും. ഇരയുടെ മൊഴിയിലെ ചില ഭാഗങ്ങള്‍ക്ക് കൃത്യത പോരാത്തതിനാല്‍ അവരെ പൂര്‍ണമായും തള്ളുന്ന സമീപനത്തിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇടമില്ലെന്ന് വിചാരണാ കോടതി കണ്ടില്ല. മേല്‍ പ്രസ്താവിത നിയമ തത്വം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് പരമോന്നത നീതിപീഠം തീര്‍പ്പുപറഞ്ഞത് നിരവധി തവണയാണ്.

തെളിവുകളുടെ മുഖ്യ ഭാഗവും അപര്യാപ്തമാണെങ്കിലും കുറ്റം തെളിയിക്കാന്‍ ശേഷിക്കുന്ന ഭാഗം പര്യാപ്തമെങ്കില്‍ അതുവഴി കുറ്റാരോപിതന്‍ അപരാധിയായി കണക്കാക്കപ്പെടും. ചില വസ്തുതകള്‍ തെറ്റാണെന്ന് കരുതി ആദ്യാവസാനം ശരിയല്ലെന്ന് വിധിക്കാനാകില്ലെന്ന് 1973ലെ റണ്‍ബീര്‍ കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് ഇവിടെ പ്രസ്താവ്യമാണ്. ഇരയുടെ മൊഴിയിലെ ചില ഭാഗങ്ങള്‍ അവിശ്വസനീയമാകയാല്‍ നെല്ലും പതിരും വേര്‍തിരിക്കാനാകാത്ത കേസാണിതെന്ന് നിരീക്ഷിച്ച് ഇരയായ കന്യാസ്ത്രീയില്‍ അവിശ്വാസം രേഖപ്പെടുത്തുകയായിരുന്നു വിചാരണാ കോടതി.

പരാതിയിലും പ്രഥമ വിവര പ്രസ്താവന (എഫ് ഐ എസ്)യിലും ബിഷപ് ബലാത്സംഗം ചെയ്തെന്ന ആരോപണമില്ല. മറ്റു കന്യാസ്ത്രീകളോട് നേരത്തേ വെളിപ്പെടുത്തിയ സമയത്തും ബിഷപ് കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിച്ചു എന്ന് മാത്രമാണ് ഇര പറഞ്ഞതെന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ലെന്നുമാണ് വിധിയില്‍ വിശദീകരിക്കുന്നത്. പിന്നീട് മാത്രമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്നാണ് വിധി വായനയില്‍ വ്യക്തമാകുന്നത്. എന്നാല്‍ പ്രഥമ വിവര പ്രസ്താവന രേഖപ്പെടുത്തുമ്പോള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് വിശദവിവരങ്ങള്‍ പങ്കുവെക്കാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നെന്നും സുരക്ഷിതമല്ലാത്ത നിലയിലായിരുന്നു സ്റ്റേറ്റ്മെന്റെന്നുമുള്ള ഇരയുടെ വിശദീകരണം കോടതി ഗൗനിച്ചതേയില്ല.

കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ് ഐ ആര്‍) കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉണ്ടാകണമെന്നില്ല. അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളണം എന്നേയുള്ളൂ. പ്രോസിക്യൂഷന്‍ കേസില്‍ എഫ് ഐ ആര്‍ പ്രകാരം ചില ഒഴിവാക്കലുകള്‍ ഉണ്ടെന്ന കാരണത്താല്‍ മാത്രം അത് തള്ളാനാകില്ലെന്ന് 2018ലെ മോത്തിറാം പാടു ജോഷി കേസില്‍ പരമോന്നത നീതിപീഠം വിധിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ബലാത്സംഗ പരാതി ആദ്യം ഉന്നയിച്ചില്ലെന്ന വിചാരണാ കോടതിയുടെ കണ്ടെത്തലിന് നിയമ പ്രാബല്യമില്ല.

പരാതിയുടെ ആദ്യഘട്ടത്തില്‍ ബിഷപ് ബലാത്സംഗം ചെയ്തെന്ന പരാമര്‍ശമില്ലെന്ന് വിശദീകരിക്കുന്ന കോടതി തന്റെ സ്വകാര്യ ഭാഗത്ത് കൈകൊണ്ട് സ്പര്‍ശിച്ചു എന്നാണ് ഇരയുടെ മൊഴിയെന്ന് പറയുന്നു. എന്നാല്‍ ബലാത്സംഗ കുറ്റത്തെ നിര്‍വചിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പിന് 2013ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമദൃഷ്ട്യാ ബലാത്സംഗമായി കണക്കാക്കാന്‍ പ്രസ്താവിത ലൈംഗികാതിക്രമം മതിയായതാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ഭയ കേസിനെ തുടര്‍ന്ന് ബലാത്സംഗ കുറ്റത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം മുഖവിലക്കെടുക്കാതെ ഇരക്ക് നേരിടേണ്ടിവന്ന വലിയ അപമാനത്തെ നിസ്സാരപ്പെടുത്തിയ വിചാരണാ കോടതി വിധി സംശയാസ്പദമാണ്.

കുറ്റാരോപിതനായ ബിഷപിനെതിരെ ഐ പി സിയിലെ 376(സി) വകുപ്പും ചുമത്തിയത് കുറ്റപത്രത്തിലുണ്ട്. അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി അതിന്റെ ബലത്തില്‍ കീഴ്ത്തരമായവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ കുറ്റകൃത്യമായി നിര്‍വചിക്കുന്നതാണിത്. ഇരക്ക് മേല്‍ അധികാരമുള്ള ഒരു പദവിയാണ് കുറ്റാരോപിതന്റേത്. കുറ്റാരോപിതനെ അനുസരിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ഇരയുടെ സ്ഥാനം. നിയമ വീക്ഷണത്തില്‍ ഉത്തമ വിശ്വാസത്തോടെയുള്ള ബന്ധ (എശറൗരശമൃ്യ ൃലഹമശേീിവെശു)മാണിത്. ഇതിനെ സവിശേഷ പ്രാധാന്യത്തോടെ മറ്റൊരു തലത്തില്‍ വിശകലനം ചെയ്തില്ലെന്ന് മാത്രമല്ല, ആ ദിശയില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് കോടതി ബോധപൂര്‍വം മാറിനില്‍ക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. അധികാര ദുരുപയോഗം വഴി ലൈംഗിക ചൂഷണം നടത്തിയെന്ന് കുറ്റപത്രം തെളിയിക്കുമ്പോഴും നീതിപൂര്‍വം വിചാരണ നടക്കാതെ പോയത് ചില മുന്‍വിധികള്‍ കാരണമാകാം. അല്ലെങ്കില്‍ കേസ് കേട്ട ജഡ്ജി ബാഹ്യ സമ്മര്‍ദങ്ങളില്‍ വീണു എന്ന് അനുമാനിക്കാം. അതേസമയം ഇരക്ക് മേല്‍ അവിശ്വാസ പട്ടം ചാര്‍ത്താന്‍ വിധിയിലുടനീളം പരിശ്രമിക്കുന്നുമുണ്ട് ജഡ്ജി.

ഇസ്തിരിയിട്ട തന്റെ ളോഹ കൊണ്ടുവരാന്‍ കുറ്റാരോപിതന്‍ ഇരയോട് ആവശ്യപ്പെടുന്ന കാര്യം സന്ദര്‍ഭോചിതം കോടതി വിധിയില്‍ തന്നെയുണ്ട്. ഇരയും മറ്റു കന്യാസ്ത്രീകളും കുറ്റാരോപിതന്റെ കാറില്‍ നിന്ന് ലഗേജ് ഇറക്കിയിരുന്നത് മറ്റൊരിടത്തുമുണ്ട്. കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായ ഇര കുറ്റാരോപിതന്റെ ളോഹ ഇസ്തിരിയിടുകയും ലഗേജ് ഇറക്കേണ്ടി വരികയും ചെയ്യുന്ന വിധത്തിലുള്ള ബന്ധം കന്യാസ്ത്രീക്കും ബിഷപിനുമിടയില്‍ നിലനില്‍ക്കുമ്പോള്‍ അത് വെളിച്ചംവീശുന്ന നിയമ വിശകലനത്തെയും കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവത്തെയും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു വിചാരണാ കോടതി.

മേലധികാര ശ്രേണിയിലെ ഒരു വ്യക്തി മാത്രമല്ല കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. നല്ല ഇടയനായി കണക്കാക്കപ്പെടുന്ന ഉന്നത വൈദിക പദവിയാണ് ബിഷപിന്റേത്. അദ്ദേഹത്തിനെതിരെ തിരിഞ്ഞാല്‍ ദൈവികമായ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയായിപ്പോലും വ്യാഖ്യാനിക്കപ്പെടും. ബിഷപിനെ പോലെയുള്ള മേലധികാരിയോട് നോ പറയല്‍ അത്ര എളുപ്പമുള്ള കാര്യമല്ല ഒരു കന്യാസ്ത്രീക്ക്. അത്തരമൊരു ഘട്ടത്തിലാണ് വ്യാപ്തി കുറഞ്ഞ പൊതുജീവിതം നയിക്കുന്ന കന്യാസ്ത്രീ ശക്തനായ ബിഷപിനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വരുന്നത്. അവിടെ ഇരയുടെ മൊഴിയിലെ വിടവിലേക്ക് കണ്ണുനട്ടിരിക്കുന്ന കോടതി തല മറന്ന് എണ്ണ തേക്കുകയാണെന്ന് പറയാതെ വയ്യ. ബിഷപ് വഹിക്കുന്ന ഉന്നത പദവിയുടെ തുടര്‍ച്ചയില്‍ സംഭവിച്ചതാണ് ഇരയുടെ മൊഴിയിലെ ന്യൂനതകള്‍ എന്നായിരുന്നു കോടതി തിരിച്ചറിയേണ്ടിയിരുന്നത്. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതത്തെ മറികടക്കാന്‍ ശ്രമിക്കുന്ന ഇരകളോട് മമത കാണിക്കുന്നതാണ് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ നമ്മുടെ നീതിപീഠങ്ങള്‍ സ്വീകരിച്ചുപോരുന്ന ലൈന്‍. കന്യാസ്ത്രീ മഠത്തിന്റെ നാല് ചുമരുകള്‍ ഭേദിച്ച് ബിഷപിനെതിരെ നിയമ സംവിധാനത്തെ സമീപിക്കുന്ന കന്യാസ്ത്രീയുടെ കൈ വിറക്കുകയും തൊണ്ടയിടറുകയും ചെയ്യുക സ്വാഭാവികം. അപ്പോള്‍ നെല്ലും പതിരും വേര്‍തിരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മാറിനില്‍ക്കലല്ല ജുഡീഷ്യറിയുടെ ഉത്തരവാദിത്വം.

ബിഷപ് കേസില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിവാദ വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന പക്ഷം നീതി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോഴും വിചാരണാ കോടതി വിധി സ്ത്രീ സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതബോധം ചെറുതല്ല. ലൈംഗികാതിക്രമങ്ങളിലെ ഇരകളെ മിണ്ടാതിരിക്കാന്‍ നിര്‍ബന്ധിക്കുകയാണ് കോടതിയെന്ന് വിധി വായിക്കുമ്പോള്‍ തോന്നാനിടയുണ്ട്. അധികാരവും സ്വാധീനവുമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഒരാവൃത്തി ആലോചിച്ചതിന് ശേഷം മാത്രമേ സ്ത്രീകള്‍ മുന്നോട്ടു വരാനുമിടയുള്ളൂ.