Connect with us

National

ധര്‍മസ്ഥല കുഴിമാട പരിശോധന; മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു

പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി

Published

|

Last Updated

മംഗളുരു | കൂട്ട കുഴിമാടമെന്ന ആരോപണമുയര്‍ന്ന ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു പരിശോധന നടക്കുന്ന സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കന്നഡ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. വാര്‍ത്താ ചിത്രീകരണത്തിന് ഇടയില്‍ ഒരുസംഘം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്‍മേലുള്ള ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് തങ്ങളും കണ്ടുവെന്ന വെളിപ്പെടുത്തലുമായി ആറ് പേര്‍കൂടി എസ് ഐ ടിയെ സമീപിച്ചു. പുതിയ സാക്ഷികള്‍ രംഗത്തെത്തുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.

ശുചീകരണ തൊഴിലാളി പലപ്പോഴായി മൃതദേഹം കുഴിച്ചിടുന്നത് തങ്ങള്‍ കണ്ടുവെന്നാണ് പുതിയ സാക്ഷികള്‍ പറയുന്നത്. എസ് ഐ ടിക്കൊപ്പം ചേര്‍ന്ന് അസ്ഥികള്‍ കണ്ടെത്താന്‍ സഹായിക്കാമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പൂര്‍ണമായും ഇവരുടെ മൊഴി എടുത്ത ശേഷമാകും പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പതിമൂന്നാം സ്‌പോട്ടിലായിരുന്നു ഇന്ന് പരിശോധന നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ ഡി ജി പി പ്രണബ് മോഹന്തിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എസ് ഐ ടി യോഗത്തിന് ശേഷം ഈ തീരുമാനം മാറ്റി.

കഴിഞ്ഞദിവസം അസ്ഥികള്‍ കണ്ടെത്തിയ പതിനൊന്നാം സ്‌പോര്‍ട്ടിന് സമീപമുള്ള പുതിയ സ്‌പോട്ട് കുഴിച്ചു പരിശോധിക്കാന്‍ തീരുമാനിച്ചു. മൂന്ന് മണിക്കൂറോളം നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താനായില്ല. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിനുപിന്നില്‍ ആരാണെന്ന കാര്യം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.